ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം
ദിനം-4
നിന്‍റെ രാജ്യം വരേണമേ
താക്കോല്‍ വാക്യം
...നിന്‍റെ രാജ്യം വരേണമേ (മത്തായി 6:10)
ആമുഖം
ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പഴയ നിയമ ചരിത്രത്തിന്‍റെ ഉദ്ദേശ്യം ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ഭൂമിയിലേക്കുള്ള വരവിന്‍റെ ആവശ്യകതയും അതിന്‍റെ ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ്. ക്രിസ്തുവിന്‍റെ പരസ്യ ശുശ്രൂഷയുടെ ആരംഭത്തിന് മുമ്പ് സ്നാപക യോഹന്നാന്‍ വിളിച്ചു പറഞ്ഞു- ദൈവരാജ്യം സമീപിച്ചിരിക്കുന്നു, മാനസന്തരപ്പെടുവിന്‍. ദൈവരാജ്യത്തിന്‍റെ വരവിനായി പ്രാര്‍ത്ഥിക്കാന്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ഉപദേശിച്ചു.
അനുസരണക്കേടെന്ന ആദ്യ പാപത്തോടെ മനുഷ്യ വര്‍ഗ്ഗം ദൈവിക ഉദ്ദേശ്യത്തില്‍നിന്നും പരിപാലനത്തില്‍ നിന്നും സ്വയം അന്യപ്പെട്ട് പോയെങ്കിലും, നഷ്ടപ്പെട്ടുപോയ ആ പറുദീസാ തുല്യമായ ജീവിതം മനുഷ്യര്‍ക്ക് തിരികെ നല്‍കാന്‍ ക്രിസ്തുവിലൂടെ ദൈവം ഈ ഭൂമിയില്‍ തന്‍റെ രാജ്യം വീണ്ടും സ്ഥാപിക്കും. ജാതികള്‍ കൂടെ ഇതിന്‍റെ ഭാഗമാകുമ്പോള്‍ ദൈവരാജ്യം അതിന്‍റെ പൂര്‍ണതയില്‍ എത്തുകയും ഇപ്പോഴത്തെ ലോകം അവസാനിക്കുകയും ചെയ്യും (മത്തായി24:14).
അപ്രകാരം ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെടുവാന്‍ പോകുന്ന ദൈവരാജ്യത്തെ പറ്റി പഴയ നിയമ പ്രവാചകന്മാര്‍ ചില കാര്യങ്ങള്‍ വരച്ചു കാട്ടിയിട്ടുണ്ട്. നീതിയോടെ ആ രാജാവ് വാഴുമ്പോള്‍ ലോകത്തിലെ സകല ഭരണ കര്‍ത്താക്കളും ന്യായത്തോടെ അധികാരം നടത്തും. അന്നും ഭോഷന്മാരുണ്ടാകുമെങ്കിലും ആരും അവരെ ഇന്നത്തെപ്പോലെ മഹാന്മാര്‍ എന്ന് കരുതി മാനിക്കുകയില്ല. അന്ന് ശത്രുതയോ കലഹമോ ഇല്ലാത്ത സമാധാനം എങ്ങും കാണപ്പെടും. അന്ന് ചെന്നായ് കുഞ്ഞാടിനോട് കൂടെ പാര്‍ക്കും. സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നത് പോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂര്‍ത്തിയാകും.
പിതാവ് പുത്രനിലൂടെ സ്ഥാപിക്കുവാന്‍ പോകുന്ന അത്തരം ഒരു രാജ്യത്തിനു യേശുവിന്‍റെ ഇഹലോകത്തിലെ ശുശ്രൂഷാ കാലത്ത് തന്നെ ആരംഭം കുറിച്ചു. അതിന്‍റെ പൂര്‍ണതയില്‍ എത്തിയാല്‍ മാത്രമാണ് നാം ലോകത്തില്‍ ഇന്ന് കാണുന്ന പ്രതിസന്ധികള്‍ നീങ്ങി ഇത് ദൈവത്താല്‍ പരിപാലിക്കപ്പെടുന്ന ഒരു ലോകമായി തീരുന്നത്.
തുടര്‍വായനക്കും ധ്യാനത്തിനും
(മത്തായി 6:9-13; യെശയ്യാവ് 11:1-10; 32:1-8)
എന്താണ് ലോകത്തിലെ ഇന്നത്തെ പ്രതിസന്ധികള്‍ക്ക് കാരണം?
ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂര്‍ണമായെന്ന് എങ്ങനെ അറിയാം?
പ്രാര്‍ത്ഥനാ മുറിയിലേക്ക്
(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക് വേണ്ടി മാറ്റി വെക്കുക)
പിതാവാം ദൈവം പുത്രനോട് പറഞ്ഞു- എന്നോട് ചോദിച്ചു കൊള്‍ക; ഞാന്‍ നിനക്ക് ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും (സങ്കീ.2:8). സ്വര്‍ഗീയ പിതാവ് പുത്രനായ യേശുക്രിസ്തുവിന് ഈ ലോകത്തില്‍ തന്‍റെ രാജ്യം സ്ഥാപിക്കാനും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകല മനുഷ്യരെയും ന്യായം വിധിക്കാനുമുള്ള അധികാരം നല്‍കിയിരിക്കുന്നു. എത്രയും വേഗം ആ രാജ്യം വരാന്‍ വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.
അക്രമവും കവര്‍ച്ചയും ചൂഷണവും രക്തച്ചൊരിച്ചിലും എല്ലാം നീങ്ങി നമ്മുടെ ദേശത്ത് ദൈവരാജ്യം സ്ഥാപിക്കപ്പെടാന്‍ അഞ്ചോ പത്തോ പ്രദേശങ്ങള്‍/സംസ്ഥാനങ്ങള്‍/രാജ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന ആരംഭിക്കുക.
പ്രതികരണം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion