ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം
ദിനം-1
ആദ്യ ചുവട്
താക്കോല്‍ വാക്യം
ആ സ്ഥലത്ത് എത്തിയപ്പോള്‍ (ഒലിവ് മലയില്‍) അവന്‍ അവരോടു: നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്ന് പറഞ്ഞു. (ലൂക്കോ.22:40).
ആമുഖം
പ്രാര്‍ത്ഥന യേശുവിന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നു- സ്വര്‍ഗത്തിലെ ദൈവത്തോടുള്ള നിരന്തരമായ സംസര്‍ഗം. യോര്‍ദാനിലെ സ്നാനത്തോടെ ആരംഭിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന പ്രാര്‍ത്ഥന തന്‍റെ ഇഹലോക ജീവിതത്തില്‍ ക്രൂശിന്മേല്‍ അവസാനിച്ചു. എങ്കിലും ഇന്നും താന്‍ പിതാവാം ദൈവത്തിന്‍റെ വലതുഭാഗത്ത് നിന്ന് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു (റോമ. 8:34).
പക്ഷേ ഒലിവ് മലയിലെ ഗെത്ത്ശെമന തോട്ടത്തില്‍ തന്‍റെ കഷ്ടാനുഭവങ്ങളുടെ പടിവാതില്‍ക്കല്‍ അദ്ദേഹം ചെയ്ത പ്രാര്‍ത്ഥനയ്ക്ക് പങ്കാളിയാകാന്‍ ശിഷ്യന്മാരോട് ആവശ്യപ്പെടുമ്പോള്‍ അവര്‍ ആരും തന്നെ അതിന് തയ്യാറായില്ല. ഒരു മുന്നറിയിപ്പും താന്‍ അവര്‍ക്ക് നല്‍കിയിരുന്നു- പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ പരീക്ഷയില്‍ അകപ്പെടും. പരീക്ഷ ദുഷ്ടനാണ് കൊണ്ടുവരുന്നത്. അതില്‍ നിന്നും വിടുവിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന യേശുവിന്‍റെ ഉപദേശവും (മത്തായി 6:13) അവര്‍ ഓര്‍മ്മിച്ചില്ല.
യേശുവിന്‍റെ ജീവിതകാലത്തെ എല്ലാ പ്രാര്‍ത്ഥനയും ഒലിവ് മലയിലെ പ്രാര്‍ത്ഥനക്കുള്ള ഒരുക്കങ്ങളായിരുന്നു എന്ന് പറയാം. ഒലിവ് മലയിലെ പ്രാര്‍ത്ഥന ഇന്ന് നമുക്ക് നമ്മെപ്പറ്റിയുള്ള ദൈവഹിതം പൂര്‍ണ്ണമായി തിരിച്ചറിഞ്ഞ് പൂര്‍ണ്ണ സമര്‍പ്പണത്തോടെയുള്ള ഫലവത്തായ ഒരു വിടുതലിന്‍ ശുശ്രൂഷയാണ്. ദര്‍ശനം പ്രാപിച്ച ഒരു ക്രിസ്തു അനുയായിക്ക് തനിക്കും മറ്റുള്ളവര്‍ക്കും പ്രാര്‍ത്ഥന അനിവാര്യമായ അനേക പ്രതിസന്ധികള്‍ തനിക്ക് ചുറ്റും കാണാന്‍ സാധിക്കും.
ഇന്നു മുതല്‍ 15 ദിവസം ദിനംപ്രതി നമുക്ക് ചുറ്റുമുള്ള വ്യക്തികള്‍ക്കും സമൂഹത്തിനും നമ്മുടെ പ്രാര്‍ത്ഥനയാല്‍ അവര്‍ ദൈവികാനുഗ്രഹം നേടി അവരെ സ്വസ്ഥതയിലേക്കും ദൈവ ഹിതപ്രകാരമുള്ള ജീവിത ലക്ഷ്യത്തിലേക്കും നയിക്കാന്‍ അവര്‍ക്ക് വേണ്ടി 5 മിനിറ്റ് വീതം മാറ്റി വെക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? അതെ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കില്‍ നാം ഒന്നിച്ചു ഒലിവ് മലയിലേക്കുള്ള ഈ യാത്ര ആരംഭിക്കുന്നു!
തുടര്‍വായനക്കും ധ്യാനത്തിനും
( മര്‍ക്കോസ് 14:32-42; ലൂക്കോസ് 22:39-46).
തന്‍റെ ജീവിതത്തിലെ ഈ പ്രാര്‍ത്ഥനയിലൂടെ യേശു നമുക്ക് നല്‍കുന്ന സന്ദേശം എന്ത് ?
പ്രാര്‍ത്ഥനയിലൂടെ നാം സ്വയം എന്ത് നേടണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് ?
പ്രാര്‍ത്ഥനാ മുറിയിലേക്ക്
(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക് വേണ്ടി മാറ്റി വെക്കുക)
ചുറ്റുപാടുകളിലേക്ക് നോക്കുന്നതിന് മുമ്പ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നാം തിരിച്ചറിയുക.(വേണ്ടും വണ്ണം പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല എന്നതാവും മിക്കപ്പോഴും നമ്മുടെ പ്രശ്നം). ദൈവഹിതം തിരിച്ചറിഞ്ഞ് അതിന് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കുക. സ്വന്ത ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കി സ്വന്ത ഇഷ്ടപ്രകാരം നടന്നതിന് മാപ്പിരക്കുക. നമ്മുടെ ജീവിതത്തിന്‍റെ ഏതെല്ലാം മേഖലകളിലാണ് ഒരു ക്രമീകരണം ആവശ്യമായിരിക്കുന്നത്? ജീവിതത്തെ ക്രമപ്പെടുത്തി ദൈവവഴിയില്‍ മാത്രം നടന്ന് ദൈവം ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുവാന്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിക്കുക. (ഇനിയുള്ള ജീവിതത്തില്‍ ദൈവകൃപയോടെ ജീവിക്കാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന അത്യാവശ്യമാണ് എന്ന് മടി കൂടാതെ മറ്റുള്ളവരോട് പറയുക).
പ്രതികരണം
പ്രാര്‍ത്ഥനയിലൂടെ ലഭിച്ച ദൈവികാലോചന കുറിച്ച് വെക്കുക. അതിന്‍പ്രകാരം മുന്നേറുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion