ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം
ദിനം-3
മഹത്തായ കല്പന (സ്നേഹം)
താക്കോല്‍ വാക്യം
നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം...കൂട്ടുകാരനെ (അയല്‍ക്കാരനെ) നിന്നെപ്പോലെതന്നെ സ്നേഹിക്കേണം. (ലൂക്കോസ്.10:27).
ആമുഖം
നിങ്ങള്‍ ആരെയാണ് ഏറ്റവുമധികം സ്നേഹിക്കുന്നത്? ഒരിക്കല്‍ തന്‍റെ പെണ്‍മക്കള്‍ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ലിയര്‍ രാജാവ് ചോദിച്ചപ്പോള്‍ ഇളയ മകളായ കോര്‍ഡീലിയ പറഞ്ഞു- പാതി ഹൃദയത്തോടെ. ബാക്കി പകുതി വരാന്‍ പോകുന്ന ഭര്‍ത്താവിനുള്ളതാണ്. (സ്പര്‍ജന്‍ പറയുന്നു-പാതി ഹൃദയം എന്നത് അസാദ്ധ്യം). മറ്റു ചിലര്‍ യവന പുരാണത്തിലെ നാര്‍സിസസ്സിനെ പോലെയാണ്. അവര്‍ ഏറ്റവും സ്നേഹിക്കുന്നത് തങ്ങളെ മാത്രം. ഇത് രണ്ടുമല്ല ദൈവം ആഗ്രഹിക്കുന്നത്.
നിത്യജീവന്‍ പ്രാപിക്കാനുള്ള ന്യായപ്രമാണത്തിലെ വ്യവസ്ഥ ന്യായശാസ്ത്രിക്ക് അറിയാം-സ്നേഹിക്കുക, ദൈവത്തെയും മറ്റുള്ളവരെയും. ദൈവം ആഗ്രഹിക്കുന്നതും അത് തന്നെ. ഈ രണ്ട് കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു (മത്തായി 22:40). പത്ത് കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തെയും ബാക്കി മനുഷ്യരെയും സ്നേഹിക്കുന്നതിന്‍റെ പ്രായോഗിക ലക്ഷണങ്ങളാണ്. ദൈവം നമുക്ക് വേണ്ടി തന്‍റെ പ്രാണനെ തന്നതിനാല്‍ സ്നേഹം എന്തെന്ന് നാം അറിഞ്ഞിരിക്കുന്നു (യോഹ. 3:16; 1യോഹ.3:16). ദൈവം സ്നേഹം തന്നെ(1യോഹ.4:9).
മറ്റുള്ളവരെ സ്നേഹിക്കുന്നതിന്‍റെ ആദ്യപടി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുക എന്നതാണ്. അത് നിത്യജീവനിലേക്ക് നമ്മെ നയിക്കുന്ന ഒരു മാര്‍ഗമാണ്. നാം പാപികള്‍ (ദൈവ വ്യവസ്ഥയോട് ശത്രുക്കള്‍) ആയിരുന്നപ്പോള്‍ തന്നെ ക്രിസ്തു നമുക്ക് വേണ്ടി മരിക്കയാല്‍ നമ്മോടുള്ള സ്നേഹം കാണിച്ചുതന്നു (റോമ. 5:8). ചുങ്കക്കാരും പാപികളും യേശുവിന്‍റെ സന്തത സഹചാരികള്‍ ആയിരുന്നല്ലോ!
അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന്‍റെ കാലത്ത് ഏബ്രഹാം ലിങ്കനോട് ഒരാള്‍ ചോദിച്ചു- നിങ്ങള്‍ ദിനംപ്രതി ശത്രുക്കളെ കൊന്നു കൂട്ടുകയാണല്ലോ ? ലിങ്കന്‍ പറഞ്ഞു- അതെ, ഞാന്‍ അവരെ മിത്രങ്ങളാക്കുമ്പോള്‍ ശത്രുത അവസാനിക്കുകയാണ്. ശത്രുക്കളെ സ്നേഹിപ്പിന്‍, ഉപദ്രവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ (മത്തായി 5:44).
തുടര്‍വായനക്കും ധ്യാനത്തിനും
(ലൂക്കോസ്- 10:25-37; 1യോഹ.4:7-20)
നിങ്ങളുടെ ജീവിതത്തില്‍ നല്ല അയല്‍ക്കാരനായി വന്നത് ആര് ? അദ്ദേഹം നിങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്തു? ഒരു നല്ല ശമര്യക്കാരന്‍ ആകുവാന്‍ നമുക്ക് എങ്ങനെ സാധിക്കും?
സ്നേഹത്തിന്‍റെ ഉറവിടം, ഉദ്ദേശ്യം എന്നിവ എന്ത്? ദൈവത്തെ സ്നേഹിക്കുന്നവന്‍ എന്തും കൂടെ ചെയ്യണം?
പ്രാര്‍ത്ഥനാ മുറിയിലേക്ക്
(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക് വേണ്ടി മാറ്റി വെക്കുക)
നിങ്ങളുടെ പരിചയക്കാരിലോ അയല്‍വാസികളിലോ തങ്ങളുടെ പ്രത്യേക പ്രതിസന്ധികളില്‍ (രോഗം, നിരാശ, ജീവിത പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍) ക്രിസ്തു സമാനമായ സ്നേഹവും സാന്ത്വനവും വിടുതലും ആവശ്യമായ അഞ്ചോ പത്തോ പേരുകള്‍ നിങ്ങളുടെ പ്രാര്‍ത്ഥനാ ഡയറിയില്‍ എഴുതി ഇപ്പോള്‍ തന്നെ പ്രാര്‍ത്ഥന ആരംഭിക്കുക. അത് ശാരീരിക സൗഖ്യമാവാം, മാനസികാരോഗ്യം ആവാം, തൊഴില്‍/വിദ്യാഭ്യാസം പുരോഗതി, സാമൂഹ്യമായ ആവശ്യങ്ങള്‍, ആത്മികാനുഗ്രഹങ്ങള്‍ എന്തുമാവാം. അവരുടെ വിഷയങ്ങള്‍ നമ്മുടേതെന്നു കരുതി രണ്ടാഴ്ചയോ ഒരു മാസമോ നിരന്തരം പ്രാര്‍ത്ഥിക്കുക. ആദ്യം നാം മനസ്സ് കൊണ്ട് അവരെ സ്നേഹിച്ചു തുടങ്ങും. തുടര്‍ന്ന് എന്ത് സംഭവിക്കും? അത് ദൈവത്തിന് വിട്ടു കൊടുക്കുക.
പ്രതികരണം
മേല്‍പ്പറഞ്ഞ വ്യക്തികള്‍ക്ക് വേണ്ടി 30 ദിവസം നിരന്തരമായി പ്രാര്‍ത്ഥിച്ചതിനു ശേഷം നിങ്ങള്‍ക്കും അവര്‍ക്കും ഉണ്ടായ മാറ്റം കുറിച്ച് വെക്കുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion