ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം
ദിനം-6
ഉണര്‍വ്വിനായി പ്രാര്‍ത്ഥിപ്പിന്‍
താക്കോല്‍ വാക്യം
ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍ക്ക; എന്നാല്‍ ക്രിസ്തു നിന്‍റെ മേല്‍ പ്രകാശിക്കും. (എഫെസ്യര്‍ 5:14).
ആമുഖം
ഇംഗ്ലീഷിലെ revival (ഉണര്‍വ്വ്) എന്ന പദത്തിന് മരണാസന്നമായ അവസ്ഥയില്‍ നിന്നും ജീവിതത്തിലേക്കോ, അബോധാവസ്ഥയില്‍ നിന്നും സുബോധത്തിലേക്കോ ഒക്കെ മടങ്ങി വരുന്ന ഒരു അര്‍ത്ഥമാണുള്ളത്. ഉറക്കം ഉണര്‍ന്നു വരുന്നവന് ആദ്യം തന്‍റെ ഹൃദയത്തില്‍ അത് അനുഭവപ്പെടും. ഒരിക്കല്‍ ഒരു നഗരത്തിലെ ഉണര്‍വ്വിനെ പറ്റി കേട്ട് ഒരാള്‍ അവിടെയെത്തി വഴിയില്‍ കണ്ടയാളോട് ചോദിച്ചു-ഈ നാട്ടില്‍ എവിടെയാണ് ഉണര്‍വ്വ് നടക്കുന്നത്? തന്‍റെ നെഞ്ചില്‍ തൊട്ട് അയാള്‍ പറഞ്ഞു- ഇതിനുള്ളില്‍ ആണ്.
ഏതൊരു ഉണര്‍വ്വും ദൈവിക ഉദ്ദേശ്യത്തിലേക്കുള്ള ഒരു മടങ്ങി വരവാണ്. ദൈവ വചനത്തിലൂടെ ദൈവാത്മാവ് നമ്മുടെ മനസ്സിനെ ഉണര്‍ത്തുമ്പോഴാണ് അത് സംഭവിക്കുന്നത്. പഴയ നിയമ കാലഘട്ടത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും ഉണര്‍വ്വിന്‍റെ അനേക സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവാലയ ശുദ്ധീകരണ സമയത്ത് കണ്ടെത്തിയ ന്യായപ്രമാണം വായിച്ച് കേട്ടപ്പോള്‍ യോശിയാവിനും ജനങ്ങള്‍ക്കും ഉണ്ടായ ആത്മീയ ഉണര്‍വ്വ് (2 ദിന.34), ദേവാലയത്തിന്‍റെ മതില്‍ പണി തീര്‍ന്ന ശേഷം എസ്രാ ശാസ്ത്രി ന്യായപ്രമാണം വായിച്ച് കേള്‍പ്പിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ മാനസാന്തരം (നെഹ.8,9) എന്നിവ ശ്രദ്ധിക്കുക.
ദൈവിക ന്യായവിധി തിരിച്ചറിഞ്ഞ് അനുതപിച്ച് പ്രാര്‍ത്ഥിക്കുന്നതും ഉണര്‍വ്വിനെ സഹായിക്കും. യോനെയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ട് ഉപവസിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ ഉണര്‍വ്വിലൂടെ നിനെവേക്കാര്‍ ഈ ലോകത്തെ വിധിക്കുന്ന വിശുദ്ധന്മാരുടെ കൂട്ടമായി (മത്തായി 12:41; 1 കൊരി.6:2 ).
ഉണര്‍വ്വിന് വേണ്ടി പ്രസംഗിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറ്റവും വേണ്ടിയത് തീഷ്ണമായ വിശ്വാസമാണ്- അസാധ്യമായത് സംഭവിക്കും എന്നുള്ള വിശ്വാസം. ഉണങ്ങിയ അസ്ഥികള്‍ ജീവന്‍ പ്രാപിക്കും എന്നുള്ള വിശ്വാസം (യെഹ.37).
ഒരു പക്ഷേ പുതിയ നിയമ കാലഘട്ടത്തിലെ ഏറ്റവും വലിയ ഉണര്‍വ്വിന്‍റെ മുന്നോടിയായ പ്രാസംഗികന്‍ യോഹന്നാന്‍ സ്നാപകന്‍ ആയിരിക്കും. ലോക രക്ഷിതാവായ യേശു ക്രിസ്തുവിന്‍റെ ക്രൂശ് മരണം, ഉയര്‍പ്പ്, പരിശുദ്ധാത്മാവിന്‍റെ ആഗമനം, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. ഇതിനെക്കാള്‍ വലിയ ഏതൊരു ഉണര്‍വ്വാണ് ലോക ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത്?
ഉണര്‍വ്വിനായുള്ള ഏതൊരു പ്രാര്‍ത്ഥനയും വ്യക്തികളെയും ദേശങ്ങളെയും ക്രിസ്തുവിലേക്ക് നയിക്കുന്നതാവണം.
തുടര്‍വായനക്കും ധ്യാനത്തിനും
(2 ദിന.34:8-19)
ദേശത്ത് ദൈവഭയമുള്ള നേതൃത്വത്തിന്‍റെ ആവശ്യകത എന്ത് ? (യോശിയാവിന്‍റെ പിതാവും പിതാമഹനും എപ്രകാരമുള്ള രാജാക്കന്മാരായിരുന്നു? 2 ദിന.33)
ഉണര്‍വ്വിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം ?
പ്രാര്‍ത്ഥനാ മുറിയിലേക്ക്
(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക് വേണ്ടി മാറ്റി വെക്കുക)
ദൈവത്തിന്‍റെ ആത്മാവ് നല്‍കുന്ന പ്രേരണക്ക് അനുസരിച്ച് ഉണര്‍വ്വ് ആവശ്യമായ സഭകള്‍ക്ക് വേണ്ടിയോ ദേശത്തിന് വേണ്ടിയോ പ്രാര്‍ത്ഥിക്കുക.
പ്രതികരണം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion