ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസത്തിൽ 10 ദിവസം

  

ദിനം-10 

ആത്മീയ പോരാട്ടം

താക്കോല്‍ വാക്യം

നമുക്കു പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ (എഫെസ്യ.6:12).

ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ (2 കൊരി.10:4).

ആമുഖം

ഒരു ദൈവപൈതലിന്‍റെ ഇഹലോക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് പിശാചിന്‍റെ തന്ത്രങ്ങളോട് ചെറുത്തു നില്‍ക്കുക എന്നത്‌. പിശാചിനോട്‌ എതിര്‍ത്ത് നില്‍പ്പിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും (യാക്കോബ് 4:7). നമ്മുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്ന് നോക്കി ചുറ്റിത്തിരിയുന്നത് കൊണ്ട് കുറ്റമില്ലാത്തവരായി ഉണര്‍ന്നിരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. 

ദൈവത്തിന്‍റെ പരമാധികാരത്തെ വെല്ലുവിളിച്ച് സ്വന്ത വാസസ്ഥലം വിട്ടുപോന്ന പിശാചും കൂട്ടാളികളും ലോകാരംഭം മുതല്‍ മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ വീഴ്ത്തുവാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ദൈവത്തെക്കാള്‍ ലോകത്തെ സ്നേഹിക്കുന്നതാണ് പാപത്തിന്‍റെ ആരംഭം. ദൈവത്തിന്‍റെ ഉപദേശം മറികടന്ന് സാത്താന്‍റെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചതാണല്ലോ ഏദനില്‍ പാപത്തിന് ആരംഭം കുറിക്കാന്‍ കാരണം. പാപത്തിലേക്ക് നയിക്കുന്ന ജഡമോഹം, കണ്മോഹം, ജീവനത്തിന്‍റെ പ്രതാപം എന്നിവ ഇന്നും ദൈവമക്കള്‍ അതിജീവിക്കേണ്ടിയ പരീക്ഷകളാണ്. മോഹം ഗര്‍ഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു (യാക്കോബ് 1:15). 

യേശു ക്രിസ്തു പിശാചിന്‍റെ പരീക്ഷകളെ ദൈവവചനത്താലും ദൈവശക്തിയാലും അതിജീവിക്കുകയും (മത്തായി 4:1-11) കാല്‍വറിയില്‍ വാഴ്ചകളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിന്മേല്‍ ജയോത്സവം കൊണ്ടാടുകയും ചെയ്തു (കൊലോ. 2:15). 

എല്ലാ ക്രിസ്തു അനുയായിയും ക്രിസ്തുവിന്‍റെ ശിഷ്യന്‍ ആകാന്‍ വേണ്ടിയാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ഇന്ന് ആത്മീയ രംഗത്ത്‌ ഓരോ ക്രിസ്തു ശിഷ്യനും ഒരു ദ്വിമുഖ പോരാട്ടമാണ് നടത്തേണ്ടത്-പാപത്തോട് പോരാടുകയും പാപത്തില്‍ വീണ് കിടക്കുന്നവര്‍ക്ക് വേണ്ടി ആത്മീയ പോരാട്ടം നടത്തുകയും.

തുടര്‍വായനയ്ക്കും ധ്യാനത്തിനും

(എഫെസ്യ.6:10-18)

ദൈവത്തിന്‍റെ സര്‍വ്വായുധ വര്‍ഗ്ഗം ഏതെല്ലാം? അവയുടെ ആവശ്യകത എന്ത്?

പ്രാര്‍ത്ഥന കേവലം ഒരു യാചന എന്നതിലുപരി എങ്ങനെ ഒരു ആത്മീയ പോരാട്ടം ആക്കി മാറ്റാം?

പ്രാര്‍ത്ഥനാ മുറിയിലേക്ക്

(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക്‌ വേണ്ടി മാറ്റി വെക്കുക)

സ്വന്തം ജീവിതത്തില്‍ പാപത്തിന്‍റെ സ്വാധീനമുള്ള മേഖലകളില്‍ പിശാചിന് ഇടം കൊടുക്കാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. ക്രിസ്തുവിന്‍റെ പരിജ്ഞാനം എത്തിച്ചേര്‍ന്ന് പിശാചിന്‍റെ പിടിയില്‍ നിന്നും മോചനം ആവശ്യമായ എട്ടോ പത്തോ വിഭാഗങ്ങള്‍/വ്യക്തികള്‍/വിഷയങ്ങള്‍ക്ക്‌ വേണ്ടി നിരന്തരമായി ആത്മാവില്‍ പോരാടി പ്രാര്‍ത്ഥിക്കുക.(മ്ലേച്ഛകരമായ ജീവിത ശൈലി, മദ്യം/മയക്കുമരുന്ന് അടിമകള്‍, വിഷാദരോഗികള്‍, ദൈവനിഷേധികള്‍, കുടുംബ/ദാമ്പത്യ തകര്‍ച്ച, തുടര്‍ച്ചയായ പരാജയം നേരിടുന്നവര്‍, വഴി തെറ്റുന്ന കൌമാരം തുടങ്ങിയവക്ക് വേണ്ടി).

പ്രതികരണം

തിരുവെഴുത്ത്

ദിവസം 9ദിവസം 11

ഈ പദ്ധതിയെക്കുറിച്ച്

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion