ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം
ദിനം-13
അതിജീവനത്തിനുള്ള പ്രാര്‍ത്ഥന
താക്കോല്‍ വാക്യം
ആത്മാവ് സഭകളോട് പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ- ജയിക്കുന്നവന് (അതിജീവിക്കുന്നവന്) ഞാന്‍ ദൈവത്തിന്‍റെ പറുദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാന്‍ കൊടുക്കും (വെളി.2:7).
ആമുഖം
ഭൌതിക ജീവിതത്തില്‍ എന്നപോലെ ആത്മീയ ജീവിതത്തിലും നാം മുന്നേറുന്നത് പ്രതിസന്ധികളെ നേരിട്ടു കൊണ്ടുള്ള ഒരു അതിജീവനത്തിലൂടെയാണ്. നിത്യജീവിതത്തിലെ ഒരു പ്രശ്നമായാലും രോഗമായാലും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ശാരീരികമായും മാനസികമായും നാം കരുത്ത് നേടേണ്ടിയിരിക്കുന്നു. ആത്മീയ ജീവിതത്തിലെ ഏഴ് പ്രതിസന്ധികളും അവയ്ക്കുള്ള പ്രതിവിധികളും അവയെ അതിജീവിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന പ്രതിഫലവുമാണ് താഴെ കൊടുത്തിരിക്കുന്നത്.
പത്മോസിന്‍റെ ഏകാന്തതയില്‍ അപ്പൊസ്തലനായ യോഹന്നാന് ലഭിച്ച വെളിപ്പാടിലൂടെയാണ് ദൈവസഭക്കുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. എങ്കിലും അവയെ കേവലം ഒന്നാം നൂറ്റാണ്ടിന്‍റെ അവസാന കാലത്തുണ്ടായിരുന്ന ഏഷ്യാ മൈനറിലെ ഏഴു സഭകള്‍ക്കുള്ള ദൂതായി മാത്രം കരുതാനാവില്ല.
തുടര്‍വായനയ്ക്കും ധ്യാനത്തിനും
(ഏഴ് പ്രതിസന്ധികളും അതിജീവനവും-വെളി.2,3)
- പിന്മാറ്റം: ദൈവത്തോടുള്ള ആദ്യസ്നേഹം വിട്ട് ലോകമോഹങ്ങളിലേക്ക് പിന്മാറിപ്പോയി. ലോകസ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു (യാക്കോബ് 4:4). പരിഹാരം- മാനസാന്തരപ്പെടുക. അതിജീവിക്കുന്നവന് പരുദീസയിലെ ജീവവൃക്ഷത്തിന്‍റെ ഫലം ലഭിക്കും (വെളി.2:4,7b).
- വിശ്വസ്തതയുടെ പരീക്ഷ: നാം ജിവിക്കുന്ന സമൂഹത്തില്‍ വിശ്വാസത്തിന്‍റെ പേരില്‍ പിശാച് കഷ്ടങ്ങളും പീഡനങ്ങളും കൊണ്ടു വന്നേക്കാം. പക്ഷേ വിശ്വാസത്തില്‍ മുറുകെപ്പിടിച്ച് മരണപര്യന്തം വിശ്വസ്തനായിരുന്നാല്‍ ജീവകിരീടം ലഭിക്കും (2:10).
- ദുരുപദേശകരെ അകറ്റിനിര്‍ത്തുക: ലോകപ്രകാരമുള്ള അനുഗ്രഹങ്ങള്‍ക്കായി അന്യദേവന്മാരെയോ വിഗ്രഹങ്ങളെയോ ആശ്രയിക്കാനോ ദൈവവചന വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാനോ തയ്യാറാകരുത്. മാനസാന്തരപ്പെട്ട് അതിജീവിക്കുന്നവന് മറഞ്ഞിരിക്കുന്ന മന്ന (നിത്യജീവന്‍) ലഭിക്കും (2:15,17).
- വിശ്വാസത്യാഗം: ആഭിചാരത്തിലേക്കും ദുര്‍മ്മാര്‍ഗ്ഗത്തിലേയ്ക്കും നടത്തുന്ന കള്ള പ്രവാചകന്മാരുടെ വാക്ക് കേട്ട് വിശ്വാസത്യാഗം ചെയ്യുന്നവര്‍ മാനസാന്തരപ്പെടാഞ്ഞാല്‍ ദൈവം അവരെ വലിയ കഷ്ടതയില്‍ ആക്കും. എങ്കിലും ഇതിനെ അതിജീവിക്കുന്നവര്‍ക്ക് ജാതികളുടെ മേലുള്ള അവകാശം ലഭിക്കും (2:20, 27).
- ആത്മീയ നിദ്ര: വിശ്വാസത്തിന്‍റെ ആരംഭത്തിലെ തീക്ഷ്ണത ഉപേക്ഷിച്ചത് മൂലം ഇപ്പോഴത്തെ പ്രവൃത്തി ദൈവസന്നിധിയില്‍ പൂര്‍ണ്ണതയുള്ളതല്ല. ഉണര്‍ന്ന് ചാവാറായ ശേഷിപ്പുകളെ ശക്തീകരിച്ചു അതിജീവിക്കുന്നവന് ദൈവത്തോടൊപ്പം നടക്കാന്‍ വെള്ളയുടുപ്പ് ലഭിക്കും (3:2,5).
- ദൈവകൃപയില്‍ നിലനില്‍ക്കുക: ദൈവ വചനത്തില്‍ നിലകൊണ്ടതിനാല്‍ വരാന്‍പോകുന്ന പരീക്ഷയില്‍ ദൈവം കാക്കും. നിനക്കുള്ളതിനെ നഷ്ടപ്പെടുത്താതിരുന്നാല്‍ ദൈവത്തിന്‍റെ ആലയത്തിലെ തൂണാക്കും (3:11,12).
- ശീതോഷ്ണവാന്‍: ആത്മീയമായി ദരിദ്രരായിരിക്കെ ധനവാന്‍ എന്ന് കരുതുന്നവര്‍ തങ്ങളുടെ നഗ്നത തിരിച്ചറിയേണ്ടതിന് ദൈവിക ദര്‍ശനം പ്രാപിക്കാന്‍ ദൈവം ബുദ്ധി ഉപദേശിക്കുന്നു. മാനസാന്തരപ്പെട്ട് ദൈവശബ്ദം കേട്ട് ഹൃദയകവാടം തുറക്കുന്നവന് ദൈവത്തിന്‍റെ സാന്നിധ്യവും അതിജീവിക്കുന്നവന് ക്രിസ്തുവിനോട് കൂടെ വാഴുവാനുള്ള വരവും ലഭിക്കും.
പ്രാര്‍ത്ഥനാ മുറിയിലേക്ക്
(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക് വേണ്ടി മാറ്റി വെക്കുക)
മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ അതിജീവിക്കുവനായി അനുദിനം പ്രാര്‍ത്ഥിക്കുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion