ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം
ദിനം-12
ക്ഷമാപണത്തിന്‍റെ പ്രാര്‍ത്ഥന
താക്കോല്‍ വാക്യം
എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ;
എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ (സങ്കീ. 51:2).
ആമുഖം
ഒരു ദൈവപൈതലിന് താന്‍ ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അത് ശരിയാണെന്ന ഉത്തമ ബോദ്ധ്യമുണ്ടാകണം. പലപ്പോഴും നാം നമ്മുടെ മനസാക്ഷിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറയാറുണ്ട്. യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല (1 കൊരി.4:4). അതുകൊണ്ട് ശരി നിര്‍ണ്ണയിക്കേണ്ടത് ദൈവവചനം എന്ന അളവുകോല്‍ ഉപയോഗിച്ചാവണം.
തന്‍റെ ജനമായ യിസ്രായേല്‍ മക്കളെപ്പറ്റി യഹോവയായ ദൈവം പറയുന്നു- പാപമുള്ള ജാതി, അകൃത്യഭാരം ചുമക്കുന്ന ജനം, ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍ (യെശ.1:4). ദൈവത്തിന്‍റെ വിശ്വസ്ത പ്രവാചകന്മാരായ ദൈവദാസന്മാര്‍ ദൈവജനങ്ങളോട് അവരുടെ അകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ മാനസാന്തരത്തിലേക്കും ശരിയായ ജീവിതരീതിയിലേക്കും നയിക്കേണ്ടതാണ്. അതാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം. യിസ്രായേലിന്‍റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജം പ്രസ്താവിച്ച പ്രവാചകന്മാര്‍ അവരുടെ പ്രവാസത്തിന് കാരണമായിത്തീര്‍ന്നു (വിലാപ.2:14).
വഴി തെറ്റിപ്പോയ മക്കളെപ്പറ്റി വിലപിക്കുന്നത് പോലെയാണ് ദൈവം തന്‍റെ ജനങ്ങളുടെ അകൃത്യങ്ങളില്‍ വിലപിക്കുന്നത്. എത്ര കഠിനമായ പാപമാണെങ്കിലും ക്ഷമിക്കാന്‍ ദൈവം തയ്യാറാണ്(യെശ.1:18). ദൈവത്തിങ്കലേക്കുള്ള മടങ്ങിവരവിന്‍റെ ആഹ്വാനമായിരുന്നു, പഴയനിയമ കാലത്തെ പ്രവചന ശുശ്രൂഷകള്‍. പുതിയ നിയമ കാലത്തും അതു തന്നെ. പ്രവചന വാക്കുകള്‍ ഒരുവനില്‍ പാപബോധം വരുത്തും (1 കൊരി.14:24). അവ തീര്‍ച്ചയായും പാപബോധവും പശ്ചാത്താപവും വരുത്തേണ്ടവയുമാണ്.
നാഥാന്‍ പ്രവാചകനെപ്പോലെ നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രവാചകന്മാര്‍ വന്നില്ലെങ്കിലും ദൈവവചന ധ്യാനത്തിലൂടെ ദൈവാത്മാവ് നമ്മോട് ഇടപെടാന്‍ നമുക്ക് നമ്മളെത്തന്നെ സമര്‍പ്പിക്കാം.ദൈവം എന്‍റെ ദൈനംദിന ജീവിതത്തില്‍ ഇടപെടുന്നു എന്നും തന്‍റെ സന്നിധിയില്‍ കളങ്കമില്ലാത്തവനായി എന്നെ കാണാന്‍ ആഗ്രഹിക്കുന്നു എന്നുമുള്ള ചിന്തയാണ് നമ്മെ നയിക്കേണ്ടത്.
തുടര്‍വായനയ്ക്കും ധ്യാനത്തിനും
(യെശയ്യാവ് 1:2-20)
‘നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്‍റെ കണ്ണ് അടച്ചുകളയും’ എന്ന് യഹോവ പറയുവാന്‍ കാരണമെന്ത്?
അനുസരണത്തിലൂടെ എന്ത് നന്മയാണ് ലഭിക്കുക?
പ്രാര്‍ത്ഥനാ മുറിയിലേക്ക്
(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക് വേണ്ടി മാറ്റി വെക്കുക)
ദൈവാത്മാവ് വെളിപ്പെടുത്തി തരുന്ന വിഷയങ്ങളില്‍ പശ്ചാത്തപിച്ച് ജീവിതത്തെ കൂടുതലായി ക്രമീകരിക്കുവാന്‍ ആവശ്യമായ ദൈവകൃപക്കായി പ്രാര്‍ത്ഥിക്കുക.
പ്രതികരണം
പ്രാര്‍ത്ഥനയിലൂടെ ദൈവം ജീവിതത്തില്‍ വരുത്തിയ മാറ്റം കുറിച്ചു വെക്കുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion