ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻസാംപിൾ
![ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20715%2F1280x720.jpg&w=3840&q=75)
ദിനം-9
ദേശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക
താക്കോല്‍ വാക്യം
എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്‍റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ത്ഥിച്ച് എന്‍റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൌഖ്യം വരുത്തിക്കൊടുക്കും (2 ദിന.7:14).
ആമുഖം
ദൈവവചന പ്രകാരം, ഓരോ ദേശത്ത് കാലാകാലങ്ങളില്‍ വന്നു ഭാവിക്കുന്ന അനര്‍ത്ഥങ്ങള്‍ (ക്ഷാമം, പ്രളയം, വിവിധയിനം ബാധകള്‍, രോഗങ്ങള്‍, യുദ്ധം തുടങ്ങിയവ) പ്രത്യേക ദൈവിക ഉദ്ദേശ്യത്തോടു കൂടിയതാണ്. ഇവയിലൂടെ ദൈവം ലക്ഷ്യമാക്കുന്നത് ജനങ്ങളുടെ ഒരു മടങ്ങിവരവും ദേശത്തിന്‍റെ അഭിവൃദ്ധിയുമാണ്.
ശലോമോന്‍ രാജാവ് യാഹോവക്ക് വേണ്ടി പണിത ദേവാലയത്തിന്‍റെ സമര്‍പ്പണ വേളയില്‍, ദേവാലയത്തില്‍ വന്നു ജനങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥന ദൈവം കേട്ട് ഉത്തരം അരുളണമെന്ന് ദൈവത്തോട് യാചിക്കുന്നുണ്ട്. അതിനുള്ള മറുപടിയില്‍ യഹോവയായ ദൈവം അരുളിച്ചെയ്തതാണ് മേല്‍ പ്രസ്ഥാവിക്കപ്പെട്ട വാഗ്ദത്തം.
എക്കാലത്തും ഒരു ദൈവഭക്തന്‍റെ ചുമതല ദേശത്തിന് വേണ്ടി ഇടിവില്‍ നിന്ന് പ്രാര്‍ത്ഥനയില്‍ പോരാടുക എന്നതാണ്. ദൈവം അത് ആഗ്രഹിക്കുന്നുമുണ്ട്. ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന് മതില്‍ കെട്ടി എന്‍റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; കണ്ടില്ല താനും (യെഹ.22:30).
ദൈവം നിനവേയ്ക്ക് വരുത്താന്‍ പോകുന്ന നാശം യോന നഗരത്തില്‍ വിളിച്ചു പറഞ്ഞ് കഴിഞ്ഞപ്പോള്‍ രാജാവും ദേശത്തുള്ളവര്‍ എല്ലാവരും തങ്ങളെത്തന്നെ താഴ്ത്തി സകല ദുര്‍മ്മാര്‍ഗ്ഗവും വിട്ട് മാനസന്തരപ്പെട്ടു. തന്മൂലം ദൈവം അനര്‍ത്ഥം അവര്‍ക്ക് വരുത്തിയതുമില്ല.
വ്യക്തിഗതമായ പ്രാര്‍ത്ഥനകള്‍ ആത്മികമായി വലിയ ഉണര്‍വ്വിനും ദൈവിക ദര്‍ശനങ്ങള്‍ പ്രാപിക്കാനും സഹായകരമെങ്കിലും സമൂഹപ്രാര്‍ത്ഥന (praying in small, yet powerful groups) മറ്റൊരു തലത്തില്‍ കൂടുതല്‍ ഫലവത്താണ്. ദൈവഹിതത്തിന് (ദേശത്തിന്‍റെ വിടുതലിന്) വേണ്ടി മറ്റുള്ളവരുമായി പൊരുത്തപ്പെട്ട് തങ്ങളെത്തന്നെ താഴ്ത്തി തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച്, പ്രാര്‍ത്ഥിച്ച് ദൈവത്തിന്‍റെ മുഖം തേടുമ്പോള്‍, ദൈവം നമ്മുടെ പാപം ക്ഷമിച്ചു ദേശത്തിന് സൌഖ്യം വരുത്തും. രണ്ടോമൂന്നോ പേര്‍ തന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവര്‍ക്കിടയില്‍ യേശുവിന്‍റെ സാന്നിധ്യവും ഉണ്ടാവും.
തുടര്‍വായനയ്ക്കും ധ്യാനത്തിനും
(2 ദിന.6:20-40)
പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് ദൈവജനം തങ്ങളെ എങ്ങനെയെല്ലാം ക്രമീകരിക്കണം?
ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥനയോട് ദൈവം എങ്ങനെയാണ് പ്രതികരിക്കുക?
ദൈവിക കാഴ്ചപ്പാടിലേക്ക് (Biblical world-view) ദേശത്തെ നയിക്കാന്‍ ജനങ്ങളുടെ ജീവിത ശൈലിയില്‍ ഏതെല്ലാം മാറ്റം ആവശ്യമാണ്?
പ്രാര്‍ത്ഥനാ മുറിയിലേക്ക്
(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക് വേണ്ടി മാറ്റി വെക്കുക)
നമ്മുടെ ദേശത്ത് ദൈവിക ഇടപെടല്‍ ആവശ്യമായ പ്രതിസന്ധികള്‍ കുറിച്ചു വെച്ച് അവയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. രണ്ടാം ഘട്ടത്തില്‍ ഒരു ചെറിയ പ്രാര്‍ത്ഥനാ സംഘം രൂപീകരിച്ചു ദേശത്തിന് വേണ്ടി ആഴ്ചയില്‍ ഒരിക്കലെങ്കിലും പ്രാര്‍ത്ഥിക്കുക.
പ്രതികരണം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20715%2F1280x720.jpg&w=3840&q=75)
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion