എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നെ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും. ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണമായിരിക്കയാൽ എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല. അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
യെശയ്യാവ് 11 വായിക്കുക
കേൾക്കുക യെശയ്യാവ് 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവ് 11:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ