അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 358 ദിവസം

സമാധാനത്തിന്റെ പ്രഭുവായ യേശുക്രിസ്തു അസമാധാനവും അശാന്തിയും നിറഞ്ഞ ഭൂലോകത്തില്‍ അവതരിച്ചതിനെ അനുസ്മരിപ്പിച്ചുകൊണ്ട് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അലകളുയര്‍ത്തുന്ന മധുരതരമായ ഗാനങ്ങള്‍ അഥവാ കരോള്‍, ക്രൈസ്തവസഭകളും സമൂഹങ്ങളും ക്രിസ്തുമസ്‌കാലത്ത് ലോകമെങ്ങും ആലപിക്കാറുണ്ട്. സമാധാനപ്രഭുവിന്റെ ആഗമനം വിളംബരം ചെയ്യുന്ന ക്രിസ്തുമസ്‌കാലയളവില്‍പ്പോലും കര്‍ത്താവ് ഭൂമിയില്‍ ജാതംചെയ്ത രാവില്‍ സ്വര്‍ഗ്ഗീയസൈന്യത്തിന്റെ സംഘം ദൂതനുമൊത്തു പാടി ആശംസിച്ച ''സമാധാനം'' ഭൂമിയിലില്ല. ആറോ ഏഴോ വാക്കുകള്‍ മാത്രം അടങ്ങുന്ന ആ ഗാനശകലം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാര്‍ഗ്ഗദീപമാകണം. അശാന്തിയും അസന്തുഷ്ടിയും നിറഞ്ഞ ലോകത്തിലേക്കു സമാധാനപ്രഭുവായ തന്റെ ഓമനപുത്രനെ അയച്ച ദൈവത്തെ സ്വര്‍ഗ്ഗീയസൈന്യം സ്തുതിക്കുന്നു. എല്ലാ ആഘോഷങ്ങളുടെയും പരമോന്നതമായ ലക്ഷ്യം ദൈവത്തെ സ്തുതിക്കുക എന്നതായിരിക്കണം. ഭൂമിയില്‍ സമാധാനം നല്‍കുവാനായി കടന്നുവന്ന കര്‍ത്താവിന്റെ സമാധാനം നമ്മിലുണ്ടാകണം. ''എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; അതു ലോകം തരുന്നതുപോലെ അല്ല'' എന്നരുളിച്ചെയ്ത കര്‍ത്താവിന്റെ ദിവ്യസമാധാനം വ്യക്തികള്‍ അനുഭവവേദ്യമാക്കണം. എങ്കില്‍ മാത്രമേ ഇന്ന് അസന്തുഷ്ടിയാലും അസമാധാനത്താലും അസൂയയാലും ശിഥിലമായിക്കൊണ്ടിരിക്കുന്ന ആധുനിക ക്രൈസ്തവസഭകള്‍ക്കും സമൂഹങ്ങള്‍ക്കും യേശുവിനെ ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ കഴിയുകയുള്ളു. അപ്പോഴാണ് അത് കുടുംബങ്ങളിലും സഭകളിലും സമൂഹങ്ങളിലും പുതിയ ദര്‍ശനം ഉളവാക്കുന്നത്. കര്‍ത്താവിന്റെ സ്വര്‍ഗ്ഗീയ സമാധാനത്താല്‍ നയിക്കപ്പെടുന്നവര്‍ക്ക് പ്രത്യാശയുണ്ട്! സമാധാനപ്രഭു നമ്മില്‍ വസിച്ച് പ്രത്യാശയുള്ളവരായിത്തീരുമ്പോഴാണ് നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ധന്യമായിത്തീരുന്നത്. 

                          സഹോദരാ! സഹോദരീ! സ്വര്‍ഗ്ഗീയസൈന്യത്തെപ്പോലെ ക്രിസ്തുമസ് ഗാനങ്ങള്‍ പാടി സ്തുതിക്കുന്ന നിന്നില്‍ വാസ്തവമായി ''സകല ബുദ്ധിയെയും കവിയുന്ന ദിവ്യസമാധാനമുണ്ടോ?'' സമാധാനപ്രഭുവായ യേശുക്രിസ്തു നിന്നില്‍ വസിക്കാതെയുള്ള നിന്റെ ക്രിസ്തുമസ് ആഘോഷങ്ങള്‍ പൊള്ളയാണെന്ന് നീ മനസ്സിലാക്കുമോ? 

സ്വര്‍ഗ്ഗീയ ഗാനം ഇടയന്മാര്‍ കേട്ടു

ദൂതന്‍ സുവാര്‍ത്ത അറിയിച്ചു

ദൈവത്തിനു മഹത്ത്വമത്യുന്നതങ്ങളില്‍

ദൈവജനത്തിനു സമാധാനമൂഴിയില്‍

തിരുവെഴുത്ത്

ദിവസം 357ദിവസം 359

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com