അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 361 ദിവസം

ദൈവത്തിന്റെ വിളികേട്ട് ദൈവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോള്‍ നേരിടുന്ന ചില പ്രയാസങ്ങളും പ്രതികൂലങ്ങളും സഹിക്കുവാന്‍ ഭൂരിഭാഗം സഹോദരങ്ങളും തയ്യാറായേക്കും. എന്നാല്‍ വീണ്ടും വീണ്ടും ജീവന്‍പോലും അപകടത്തിലാകുന്ന പ്രതിസന്ധികള്‍ കടന്നുവരുമ്പോള്‍ നിരാശപ്പെട്ട്, ദൈവത്തിനുവേണ്ടി ആരംഭിച്ച തങ്ങളുടെ ദൗത്യം ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. തനിക്ക് വിവാഹം നിശ്ചയിക്കപ്പെട്ട കന്യക ഗര്‍ഭിണിയാണെന്നറിഞ്ഞ അവസ്ഥയില്‍ യോസേഫ് അവളെ ഗൂഢമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചുവെങ്കിലും കര്‍ത്താവിന്റെ ദൂതന്റെ വാക്കനുസരിച്ച യോസേഫ് മറിയയെ ഭാര്യയായി സ്വീകരിച്ചു. അവളുമായി ബേത്‌ലേഹെമില്‍ ചെന്ന് യോസേഫിന് തന്റെ ഭാര്യയുടെ പ്രസവാനന്തരം പാര്‍ക്കുവാന്‍ കിട്ടിയത് പശുത്തൊട്ടിയാണ്. ദൂതന്‍ തന്നോടു പറഞ്ഞപ്രകാരം മറിയയില്‍ ജാതംചെയ്തിരിക്കുന്നത് ദൈവപുത്രനാണെങ്കില്‍ എങ്ങനെ ഈ പശുത്തൊട്ടിയില്‍ അഭയം തേടേണ്ടിവന്നുവെന്ന് യോസേഫിന് ന്യായമായി സംശയിക്കാമായിരുന്നു. പക്ഷേ അവന്‍ ദൂതന്റെ വാക്ക് സമ്പൂര്‍ണ്ണമായി വിശ്വസിച്ചു. വീണ്ടും കര്‍ത്താവിന്റെ ദൂതന്‍ അവന് പ്രത്യക്ഷനായി അവനോട് ഹെരോദാവ് ശിശുവിനെ നശിപ്പിക്കുവാന്‍ അന്വേഷിക്കുന്നതുകൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോയി ദൂതന്‍ പറയുന്നതുവരെ അവിടെ പാര്‍ക്കുവാന്‍ അരുളിച്ചെയ്യുന്നു. പ്രസവിച്ച് ദിവസങ്ങള്‍ കഴിയാത്ത ഭാര്യയെയും പിഞ്ചുകുഞ്ഞിനെയുംകൊണ്ട് ''ഓടിപ്പോകുവാന്‍'' വളരെ കഷ്ടങ്ങള്‍ സഹിക്കണം. അറിയാത്ത ദേശത്തേക്ക്, അപരിചിതരായ മനുഷ്യരുടെ നടുവിലേക്കു പോയി പുതിയ ഒരു ജീവിതമാരംഭിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷേ ഒരു പിറുപിറുപ്പുമില്ലാതെ യോസേഫ് ആ രാത്രിതന്നെ ബലഹീനയായ തന്റെ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും പേറിക്കൊണ്ട് മിസ്രയീമിലേക്ക് പുറപ്പെട്ടു. കാരണം തന്നോടു പോകുവാന്‍ പറഞ്ഞ കര്‍ത്താവ് അവിടെ തനിക്കുവേണ്ട മുഖാന്തരങ്ങള്‍ ഒരുക്കുമെന്ന് യോസേഫിനറിയാമായിരുന്നു. 

         ദൈവത്തിന്റെ പൈതലേ! ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനിറങ്ങിത്തിരിക്കുന്ന നിന്റെമേല്‍ സമ്മര്‍ദ്ദങ്ങളും പ്രതിസന്ധികളും കടന്നുവരുമ്പോള്‍ നീ നിരാശപ്പെടാറുണ്ടോ? കര്‍ത്താവ് തരുന്ന ഏതു പ്രയാസമുള്ള ദൗത്യവും നിറവേറ്റുവാന്‍ അവന്‍ നിന്നോടുകൂടെയുണ്ടാവുമെന്ന് നീ മനസ്സിലാക്കുമോ? 

എന്നെ വിളിച്ച ദൈവം 

എന്നെ വേര്‍തിരിച്ച ദൈവം 

എന്നധിപതിയായ് തന്‍ വഴികളിലെന്നെ

അനുദിനം നടത്തിടുന്നു

തിരുവെഴുത്ത്

ദിവസം 360ദിവസം 362

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com