അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
മഹാകഷ്ടങ്ങളുടെ നടുവില്‍ മനുഷ്യര്‍ മഹാകാരുണ്യവാനായ ദൈവത്തിന്റെ തിരുസന്നിധിയില്‍ നിസ്സഹായരായി നിലവിളിക്കാറുണ്ട്. നിന്ദയുടെയും പരിഹാസത്തിന്റെയും കൂരമ്പുകളേറ്റ തങ്ങളുടെ മുറിവുകള്‍ നോക്കണമേ എന്ന് നിലവിളിക്കുന്നവരും ഏറെയാണ്. ദൈവജനം തങ്ങള്‍ക്ക് എന്തു ഭവിച്ചുവെന്ന് ഓര്‍ക്കണമെന്ന് തങ്ങളുടെ ദൈവമായ യഹോവയോടു നിലവിളിക്കുമ്പോള്‍ അവര്‍ക്കു ഭവിച്ചതെന്താണെന്ന് അവര്‍തന്നെ യഹോവയോടു വിവരിക്കുന്നു. അവര്‍ അനാഥന്മാരും അപ്പനില്ലാത്തവരും ആയിത്തീര്‍ന്നിരിക്കുന്നു. അവരുടെ അമ്മമാര്‍ വിധവമാരായിത്തീര്‍ന്നിരിക്കുന്നു. ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം അവരുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. അവര്‍ വെള്ളവും വിറകും വില കൊടുത്താണ് വാങ്ങിക്കുന്നത്. അവരുടെ സ്ത്രീകളെയും കന്യകമാരെയും അന്യജാതിക്കാര്‍ വഷളാക്കിയിരിക്കുന്നു. അവരുടെ യുവാക്കന്മാര്‍ തിരികല്ലു ചുമക്കുകയും ബാലന്മാര്‍ വിറകു ചുമടുകൊണ്ട് വീഴുകയും ചെയ്യുന്നു (വിലാപങ്ങള്‍ 5 : 2 - 14). അവരുടെ ഈ അവസ്ഥ ഓര്‍ക്കണമേ എന്ന് ദൈവത്തോടു നിലവിളിക്കുമ്പോള്‍ അവരെ എന്തിന് അങ്ങനെ ആക്കി എന്നാണ് ദൈവം ഓര്‍ക്കുന്നത്. ജനങ്ങളും പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജാതികളുടെ സകല മ്ലേച്ഛതകളുംപോലെ വളരെ അകൃത്യം ചെയ്തു. യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയം അശുദ്ധമാക്കി ( 2 ദിനവൃത്താന്തം 36 : 14). മാത്രമല്ല അവരെ വീണ്ടെടുക്കുവാന്‍ അയച്ച ദൂതന്മാരെയും പ്രവാചകന്മാരെയും അവര്‍ നിന്ദിച്ചുകളഞ്ഞു. പ്രവാചകന്മാരില്‍ ചിലരെ അവര്‍ കൊന്നുകളഞ്ഞു. തന്നെ മറന്ന തന്റെ ജനത്തെ ദൈവം കഠിനമായി ശിക്ഷിച്ചപ്പോഴാണ് ''യഹോവേ ഞങ്ങള്‍ക്ക് എന്തു ഭവിക്കുന്നു എന്ന് ഓര്‍ക്കണമേ'' എന്ന് അവര്‍ വിലപിക്കുന്നത്.
സഹോദരാ! സഹോദരീ! ഒരു സംവത്സരത്തിന്റെ അവസാന ദിനങ്ങളിലേക്ക് എത്തിയിരിക്കുന്ന നീ കണ്ണുനീരിലും കഷ്ടതയിലുമാണോ ഈ വരികള്‍ വായിക്കുന്നത്? എങ്കില്‍ നീ ദൈവത്തെ മറന്നു ജീവിച്ച നാളുകളെ ഓര്‍ത്തു കണ്ണുനീരോടെ നിന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞുപേക്ഷിക്കുമോ? ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായി പുതിയ വര്‍ഷത്തിലേക്കു പ്രവേശിക്കുവാന്‍ നിനക്കു കഴിയുമോ? എങ്കില്‍ സകലവിധ നന്മകളാലും അവന്‍ നിന്നെ അനുഗ്രഹിക്കും; നിശ്ചയം!
നിന്ദിതരേ പീഢിതരെ
ആലംബ ഹീനരേ
താങ്ങീടും താങ്ങീടും പൊന്‍കരത്താല്‍ താങ്ങീടും
കരുണാമയനാം കര്‍ത്തനേ! ഉന്നതനേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com