അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 1 ദിവസം

ദൈവം നമുക്ക് ആയുസ്സില്‍ ഒരു പുതിയ വര്‍ഷംകൂടി തന്നിരിക്കുന്നു. പുതുവത്സരാശംസകളും ആഘോഷങ്ങളും നിറഞ്ഞുനില്‍ക്കുന്ന പുതുവര്‍ഷപ്പുലരിയില്‍, പിന്നിട്ടു വന്ന വഴിത്താരകളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. സുദീര്‍ഘവും സുനിശ്ചിതവുമായ ജീവിതം മുമ്പിലുണ്ടെന്നുള്ള ധാരണയിലാണ് സംസാരങ്ങളും പ്രവര്‍ത്തനങ്ങളും നമ്മില്‍നിന്നു പലപ്പോഴും പൊട്ടിപ്പുറപ്പെടുന്നത്. പുതിയ പ്രതീക്ഷകളുണര്‍ത്തുന്ന, പുത്തന്‍ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന ഈ പൊന്‍പുലരിയില്‍ ദൈവത്തോട് മുഖാമുഖമായി സംസാരിച്ച, അനേക അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച, ദൈവപുരുഷനായ മോശെ ജീവിതത്തിന്റെ ക്ഷണികതയെ ഓര്‍ത്ത് സര്‍വ്വശക്തനായ ദൈവത്തിന്റെ തിരുസന്നിധിയില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയായ 90-ാം സങ്കീര്‍ത്തനം നമ്മുടെ ജീവിതത്തില്‍ മാര്‍ഗ്ഗദീപമാകണം. അനുദിന ജീവിതത്തിന്റെ തിരക്കില്‍ നമ്മുടെ നാളുകളുടെ ക്ഷണികതയെക്കുറിച്ച് ചിന്തിക്കുവാന്‍ പലപ്പോഴും നമുക്കു കഴിയാറില്ല. ഒന്നുമില്ലായ്മയില്‍നിന്നു നമ്മെ പേര്‍ചൊല്ലി വിളിച്ച്, ആപത്തില്‍നിന്നും രോഗത്തില്‍നിന്നും കോരിയെടുത്ത്, കഷ്ടതകളുടെ താഴ്‌വരയില്‍നിന്നു വിടുവിച്ച്, അനുദിനം നമ്മെ കരം പിടിച്ചു നടത്തുന്ന കാരുണ്യവാനായ കര്‍ത്താവിനായി നമുക്കെന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം. മനുഷ്യന്റെ ആയുസ്സ് രാവിലെ മുളച്ച്, മണിക്കൂറുകള്‍കൊണ്ട് വളര്‍ന്ന്, വൈകുന്നേരമാകുമ്പോഴേക്കും വാടിപ്പോകുന്ന പുല്‍ക്കൊടിപോലെയാകുന്നുവെന്ന യാഥാര്‍ത്ഥ്യം ഈ പുതുവത്സരപ്പുലരിയില്‍ നാം ഓര്‍മ്മിക്കണം. 

                        സഹോദരങ്ങളേ! കഴിഞ്ഞുപോയ കാലങ്ങളില്‍ വന്നുപോയ വീഴ്ചകളും പാപങ്ങളും കണ്ണുനീരോടെ കര്‍ത്താവിന്റെ തിരുസന്നിധിയില്‍ സമ്മതിച്ച്, അവയെ എന്നെന്നേക്കുമായി ഉപേക്ഷിച്ച്, പുതിയ സൃഷ്ടികളായിത്തീരുവാന്‍ ഈ പുത്തന്‍ പ്രഭാതത്തില്‍ നിങ്ങള്‍ക്കു കഴിയുമോ? അത്യുന്നതനായ ദൈവം നമുക്കു തന്നിരിക്കുന്ന ഈ പുതിയ വര്‍ഷത്തിനായി സ്‌തോത്രങ്ങള്‍ കരേറ്റിക്കൊണ്ട്, ശിഷ്ടമുള്ള ആയുസ്സൊക്കെയും ദൈവത്തിനായി ജീവിക്കാമെന്ന് ഈ നിമിഷം ദൈവസന്നിധിയില്‍ സമ്മതിച്ച് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ? 

നിമിഷങ്ങളായാലും ദിവസങ്ങളായാലും

യേശുവിനായ് ഞാന്‍ സമര്‍പ്പിക്കുന്നേ

ഇന്നുമുതല്‍ ഞാന്‍ പോയിടുമായുസ്സിന്‍

നാളെന്നും യേശുവിന്‍ സാക്ഷിയായി......

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com