അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
പ്രതിസന്ധികളുടെയും പ്രതികൂലങ്ങളുടെയും നീര്‍ച്ചുഴിയില്‍പ്പെട്ട്, നിസ്സഹായരായി സ്വര്‍ഗ്ഗോന്നതങ്ങളിലേക്കു നോക്കി നിലവിളിക്കുമ്പോള്‍ മറുപടി ലഭിക്കാത്ത അവസ്ഥകളില്‍ സര്‍വ്വശക്തനായ ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെട്ട് നിരാശരായി മറ്റു പോംവഴികള്‍ തേടുന്നവര്‍ അനേകരാണ്. ദൈവം നമ്മുടെ വിശ്വസ്തതയുടെയും വിശ്വാസത്തിന്റെയും മാറ്റുരച്ചുനോക്കുന്ന നെരിപ്പോടുകളില്‍ ദാവീദിനെപ്പോലെ ദൈവത്തില്‍ സമര്‍പ്പിച്ച്, മൗനമായി കഷ്ടങ്ങള്‍ സഹിച്ച്, പ്രത്യാശയോടെ യഹോവയ്ക്കായി കാത്തിരുന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ നമുക്കു കഴിയണം. ഏഴു ദിനരാത്രങ്ങള്‍ തന്റെ പിഞ്ചുകുഞ്ഞിനുവേണ്ടി ഉപവസിച്ചു നിലവിളിച്ചിട്ടും മരണം ആ പിഞ്ചോമനയുടെ ജീവന്‍ അപഹരിക്കുമ്പോഴും, തന്റെ പാപത്തിന്റെ ശിക്ഷയായി ദൈവം ഒരു വാള്‍ നിത്യമായി തന്റെ ഭവനത്തില്‍ നിയമിക്കുമ്പോഴും, തന്റെ ഓമനപ്പുത്രന്‍ തന്റെ അധികാരം പിടിച്ചെടുത്ത് സ്വയം രാജാവായി പ്രഖ്യാപിക്കുമ്പോഴും, അബ്ശാലോമിനെ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം യെഹൂദാമരുഭൂമിയിലേക്ക് ഓടിപ്പോകുന്നതിനിടയില്‍ ശിമെയിയുടെ ശാപവര്‍ഷങ്ങളേല്‍ക്കുമ്പോഴും, സിക്ലാഗില്‍ തന്റെയും അനുചരന്മാരുടെയും ഭാര്യമാരും കുഞ്ഞുങ്ങളുമടക്കം സര്‍വ്വവും നഷ്ടപ്പെടുമ്പോഴും പിറുപിറുപ്പില്ലാതെ, പരാതിയില്ലാതെ, മൗനമായി, ദൈവം പ്രവര്‍ത്തിക്കുന്നതിനായി ദാവീദ് കണ്ണുനീരോടെ കാത്തിരിക്കുന്നു. വീഴ്ചകളുടെയും താഴ്ചകളുടെയും താഴ്‌വാരങ്ങളില്‍നിന്ന് അനുഗ്രഹങ്ങളുടെ കൊടുമുടികള്‍ പിടിച്ചടക്കുവാന്‍ ദാവീദിന് കഴിഞ്ഞത് പ്രത്യാശയോടെ സര്‍വ്വശക്തനായ ദൈവം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരുന്നതുകൊണ്ടു മാത്രമാണ്.
ദൈവപൈതലേ! പ്രാര്‍ത്ഥനകള്‍ക്കു മറുപടി ലഭിക്കുവാന്‍ താമസിക്കുമ്പോള്‍ നീ നിരാശപ്പെടാറുണ്ടോ? നീതിമാനായ ദൈവത്തിന്റെ നീതിയെ നീ ചോദ്യം ചെയ്യാറുണ്ടോ? വേഗത്തില്‍ മറുപടി ലഭിക്കേണ്ടതിനായി ദൈവത്തെ മറന്ന് മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ടോ? ദൈവം പ്രവര്‍ത്തിക്കുന്നതുവരെയും വിശ്വാസത്തോടും വിശ്വസ്തതയോടും, പ്രത്യാശയോടും കാത്തിരിക്കുമ്പോഴാണ് ദാവീദിനെപ്പോലെ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ കഴിയുന്നതെന്ന് നീ ഓര്‍ക്കുമോ? ഈ അവസരത്തില്‍ നിന്റെ പ്രശ്‌നങ്ങള്‍ സര്‍വ്വവും ദൈവത്തില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ നിനക്കു കഴിയുമോ?
നിരാശയെല്ലാം നീക്കുമവന്‍
പ്രത്യാശയേകി നടത്തിടുമെ
സകല ബുദ്ധിയേയും കവിയുന്ന
സമാധാനത്താല്‍ നമ്മെ നിറയ്ക്കുമവന്‍, പുകഴ്ത്തുവിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com