അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
വലിയവനാകുവാനും പ്രശസ്തനാകുവാനുമുള്ള മനുഷ്യന്റെ അന്തര്‍ദാഹത്തെ മനസ്സിലാക്കുന്ന പിശാച് അനേക ആത്മീയ സഹോദരങ്ങളെ സ്ഥാനമാനങ്ങളുടെ ഔന്നത്യങ്ങളിലേക്ക് ആകര്‍ഷിച്ച് ദൈവകൃപയില്‍നിന്ന് അകറ്റിക്കളയുന്നു. നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ച കര്‍ത്താവിനെ തോല്പിക്കുവാനുള്ള സാത്താന്റെ ആദ്യ പരിശ്രമത്തെ തിരുവചനമുപയോഗിച്ച് കര്‍ത്താവ് തകര്‍ത്തപ്പോള്‍ സാത്താന്‍ തിരുവചനം ഉപയോഗിച്ചുകൊണ്ടുതന്നെ കര്‍ത്താവിനെ വീണ്ടും പരീക്ഷിച്ചു. നാനൂറ്റി അമ്പത് അടിയോളം ഉയരമുള്ള യെരൂശലേംദൈവാലയഗോപുരത്തിന്റെ അഗ്രത്തുനിന്ന് കര്‍ത്താവ് താഴേക്കു ചാടുകയും യാതൊരു പരുക്കുമില്ലാതെ താഴെ എത്തുകയും ചെയ്താല്‍, അവിടെ കൂടിയിരിക്കുന്ന നൂറുകണക്കിനാളുകള്‍ അവന്‍ ദൈവപുത്രനെന്നു ക്ഷണത്തില്‍ അംഗീകരിക്കുമെന്നതുകൊണ്ട് ''നീ ദൈവപുത്രനെങ്കില്‍ താഴേക്കു ചാടുക'' എന്ന് സാത്താന്‍ കര്‍ത്താവിനെ വെല്ലുവിളിക്കുന്നു. അങ്ങനെ ചാടിയാല്‍ കര്‍ത്താവിനു പരുക്കുകളൊന്നും പറ്റുകയില്ലെന്ന് ''നിന്റെ എല്ലാ വഴികളിലും നിന്നെ കാത്തുസൂക്ഷിക്കേണ്ടതിന് അവന്‍ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന് അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും'' (സങ്കീര്‍ത്തനങ്ങള്‍ 91 : 11,12) എന്ന തിരുവചനം സാത്താന്‍ ഉദ്ധരിച്ചു സമര്‍ത്ഥിക്കുമ്പോള്‍ ''നിന്റെ ദൈവമായ യഹോവയെ പരീക്ഷിക്കരുത് എന്നുംകൂടി എഴുതിയിരിക്കുന്നു'' (മത്തായി 4 : 7) എന്നു പറഞ്ഞ് കര്‍ത്താവ് പിശാചിന്റെ പരീക്ഷയെ തകര്‍ത്തുകളഞ്ഞു.
ദൈവപൈതലേ! നിന്റെ ഇടവകയിലും ആത്മീയ ശുശ്രൂഷകളിലുമെല്ലാം പ്രശസ്തിയുടെയും പെരുമയുടെയും ഉന്നതഗോപുരങ്ങള്‍ കയറുവാന്‍ നീ ശ്രമിക്കുമ്പോള്‍ സാത്താനാണോ നിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നീ പരിശോധിക്കുമോ? അതിനായി നിന്നെ ആകര്‍ഷിക്കുവാന്‍ അനുയോജ്യമായ തിരുവചനശകലങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ആ ന്യായവാദങ്ങളില്‍ നീ വീണുപോകാറുണ്ടോ? പ്രാര്‍ത്ഥനാപൂര്‍വ്വം കര്‍ത്താവ് നിന്നെ ഉയര്‍ത്തുന്നതുവരെ കാത്തിരിക്കുവാന്‍ നിനക്കു കഴിയുമോ?
നന്മ മാത്രം എന്നും നന്മ മാത്രം
തിന്മയായതൊന്നുമെന്‍ ദൈവം ചെയ്യുകയില്ല
പരീക്ഷകള്‍ നേരിടുമ്പോള്‍ തിന്മയെന്നു തോന്നിടും
പരീക്ഷകള്‍ ജയിച്ചിടുമ്പോള്‍ നന്മകള്‍ തെളിഞ്ഞിടും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com