അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ആധുനിക മനുഷ്യന്‍ അനേക ആശങ്കകളുടെ അടിമയാണ്. ആശങ്കകളില്‍നിന്നും ആകുലങ്ങളില്‍നിന്നും വിമോചനം നേടുവാന്‍ അവന്‍ മയക്കുമരുന്നുകളിലും ലഹരിപദാര്‍ത്ഥങ്ങളിലും അഭയം തേടുന്നു. ആശങ്കകളും ആകുലങ്ങളുമെല്ലാം ദൈവജനത്തെ തകര്‍ക്കുവാന്‍ സാത്താന്‍ വിദഗ്ദ്ധമായി എയ്യുന്ന കൂരമ്പുകളാണെന്ന് പലപ്പോഴും അവനു മനസ്സിലാക്കുവാന്‍ കഴിയുകയില്ല. മനുഷ്യജീവിതത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ആകുലാശങ്കകളെ ഒരു ദൈവപൈതല്‍ എങ്ങനെ അഭിമുഖീകരിക്കണമെന്ന് അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു. നമ്മുടെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും, എല്ലാ സാഹചര്യങ്ങളിലും കാരുണ്യവാനായ ദൈവത്തിന്റെ സന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍ ആശങ്കകള്‍ക്കും ആകുലങ്ങള്‍ക്കും നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുവാന്‍ സാദ്ധ്യമല്ല. നമ്മുടെ ആവശ്യങ്ങള്‍ എത്ര ഗൗരവമേറിയതോ നിസ്സാരമോ ആയിരുന്നാലും അവയെ നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെ തിരുസന്നിധിയില്‍ പ്രാര്‍ത്ഥനകളിലൂടെ അറിയിച്ചുകൊണ്ടിരിക്കുകയാണു വേണ്ടത്. നമ്മുടെ കഴിവുകള്‍കൊണ്ടും പ്രാഗത്ഭ്യങ്ങള്‍കൊണ്ടും കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ വരുമ്പോഴാണ് ജീവിതത്തില്‍ ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ നഷ്ടപ്പെടുന്നത്. ആകുലങ്ങളുടെയും ആശങ്കകളുടെയും അടിമകളായി ജീവിതത്തിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സ്വര്‍ഗ്ഗീയപിതാവിന്റെ സന്നിധിയില്‍ സമര്‍പ്പിച്ച് ദൈവം നല്‍കുന്ന എല്ലാറ്റിനായും, കടത്തിവിടുന്ന എല്ലാ സാഹചര്യങ്ങള്‍ക്കായും സ്‌തോത്രങ്ങള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയില്‍ ആശങ്കകള്‍ക്കോ ആകുലങ്ങള്‍ക്കോ സ്ഥാനമില്ല. കാരണം, അവന്റെ സകല കാര്യങ്ങളും ദൈവത്തില്‍ ഭരമേല്പിച്ചിരിക്കുകയാണ്.
ദൈവപൈതലേ! ആശങ്കകളുടെയും ആകുലങ്ങളുടെയും അടിമയായിട്ടാണോ നീ മുമ്പോട്ടു പോകുന്നത്? എങ്കില്‍ ഈ പ്രഭാതംമുതല്‍ ഏതു ജീവിതസാഹചര്യത്തിലും നിന്റെ ആവശ്യങ്ങളും ആകുലങ്ങളും സ്‌തോത്രത്തോടെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുമോ? അപ്പോള്‍ അവന്‍ നിന്റെ സകല കാര്യങ്ങളുമേറ്റെടുക്കുമെന്ന് നീ ഓര്‍ക്കുമോ?
ആകുലവേളകള്‍ ആഗതമാവുമ്പോള്‍
കര്‍ത്താവില്‍ സന്തോഷിക്കാം...
യേശു ആഗതനായിടുമേ
നമ്മെ ആശ്വസിപ്പിച്ചീടുവാന്‍ സന്തോഷിക്കാം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com