അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 9 ദിവസം

ആത്മീയ യാത്രയില്‍ പരീക്ഷകളെക്കുറിച്ച് സദാ കേള്‍ക്കുകയും പരീക്ഷകനെ നേരിടുവാന്‍ അതീവശ്രദ്ധയോടെ മുന്നേറുകയും ചെയ്യുന്ന നാം പലപ്പോഴും വിഭാവനം ചെയ്യുന്ന സാത്താന്‍, സ്വപ്‌നങ്ങളിലും ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന കറുത്തിരുണ്ട, നീണ്ട ദംഷ്ട്രങ്ങളും നഖങ്ങളുമുള്ള ഭീകരരൂപമാണ്. നമ്മുടെ സ്‌നേഹം പിടിച്ചുപറ്റിയിട്ടുള്ളവര്‍ അഭ്യുദയകാംക്ഷികളായി, സ്തുതിപാഠകരായി നമ്മുടെ അടുക്കലേക്കു കടന്നുവരുമ്പോള്‍ സാത്താന്‍ അവരെ ആയുധങ്ങളാക്കുകയാണെന്ന് പലപ്പോഴും നമുക്കു മനസ്സിലാക്കുവാന്‍ കഴിയാറില്ല. തന്റെ കഷ്ടാനുഭവത്തെക്കുറിച്ച് കര്‍ത്താവ് ശിഷ്യന്മാരോടു പറഞ്ഞപ്പോള്‍ അതുള്‍ക്കൊള്ളുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പത്രൊസ് മാത്രം ധൈര്യം സംഭരിച്ച്, ''കര്‍ത്താവേ, അത് അരുതേ; നിനക്ക് അങ്ങനെ ഭവിക്കരുതേ'' എന്ന് സ്‌നേഹത്തോടെ ശാസിച്ചപ്പോഴുണ്ടായ കര്‍ത്താവിന്റെ പ്രതികരണം ''സാത്താനേ, എന്നെ വിട്ടുപോകൂ'' എന്നായിരുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനു തുരങ്കം വയ്ക്കുവാന്‍, തുണയായി തന്നിരിക്കുന്ന ഭര്‍ത്താവില്‍ക്കൂടി, ഭാര്യയില്‍ക്കൂടി, മക്കളില്‍ക്കൂടി, ആത്മീയ സഹോദരങ്ങളില്‍ക്കൂടി, അഭ്യുദയകാംക്ഷിയായി സാത്താന്‍ കടന്നുവരും. ഭൗതികമായ ക്ലേശങ്ങളെയും കഷ്ടങ്ങളെയും പെരുപ്പിച്ചുകാട്ടി നമ്മുടെ തീക്ഷ്ണതയെ തണുപ്പിക്കുവാന്‍ കൂട്ടുവേലക്കാര്‍ ശ്രമിക്കുമ്പോള്‍, പത്രൊസിലൂടെ, കര്‍ത്താവിനെ പിന്തിരിപ്പിച്ച് തോല്പിക്കുവാന്‍ ഒരുമ്പെട്ട സാത്താന്റെ തന്ത്രങ്ങള്‍ മനസ്സിലാക്കി, കര്‍ത്താവിനെപ്പോലെ നാമും സാത്താനെ തോല്പിക്കണം. 

                സഹോദരാ! സഹോദരീ! കര്‍ത്താവിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചതുകൊണ്ട് നേരിടേണ്ടിവരുന്ന നഷ്ടങ്ങളും, പരിഹാസ പീഡനങ്ങളും അനാരോഗ്യവുമെല്ലാം വിവരിച്ച് സഹതാപപ്രകടനങ്ങളുമായി കൂട്ടുവേലക്കാരും സ്‌നേഹിതരും കടന്നുവരുമ്പോള്‍ നീ നിരാശപ്പെടാറുണ്ടോ? നഷ്ടബോധങ്ങള്‍ സൃഷ്ടിച്ച് നിന്നെ നിരാശയിലാക്കുവാന്‍ ശ്രമിക്കുന്ന സാത്താനെ മനസ്സിലാക്കുവാന്‍ നിനക്കു കഴിയാറുണ്ടോ? ഇങ്ങനെയുള്ള ദുര്‍ബ്ബലനിമിഷങ്ങളില്‍ സര്‍വ്വശക്തനായ ദൈവം നിന്റെ സര്‍വ്വസ്വമാണെന്ന് പ്രഖ്യാപിച്ച് സ്‌തോത്രങ്ങള്‍ കരേറ്റി സാത്താന്റെ തന്ത്രങ്ങളെ തകര്‍ത്ത് അനുദിനം പ്രാര്‍ത്ഥനയോടെ മുന്നേറുവാന്‍ നിനക്കു കഴിയുമോ? 

സാത്താനെ തകര്‍ക്കുമങ്ങേ പുണ്യരക്തത്താല്‍ 

യേശുവേ നീ മുദ്രയിട്ടു കാത്തിടേണം സാധുവേ 

ആണിയേറ്റ പൊന്‍കരമീ സാധുവിന്മേല്‍ വച്ചു നീ 

സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊന്നേശുവേ,           സുഖസൗഖ്യം....

തിരുവെഴുത്ത്

ദിവസം 8ദിവസം 10

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com