അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
അതിരാവിലെ ഉണരുമ്പോള്‍മുതല്‍ ജീവിത ഭാരങ്ങളുമായി മല്ലടിച്ചു തളര്‍ന്ന്, വൈകി അന്തിയുറങ്ങുന്ന ഒരു വ്യക്തി ഇടവിടാതെ പ്രാര്‍ത്ഥിക്കണമെന്നു പറയുന്നത് എത്രമാത്രം പ്രായോഗികമാണെന്ന് പലരും സംശയിക്കാറുണ്ട്. ഇടവിടാതെയുള്ള പ്രാര്‍ത്ഥനകള്‍ ദയറാകളിലും മറ്റു സന്യാസ സമൂഹങ്ങളിലും മാത്രമേ സാദ്ധ്യമാകൂ എന്നു ധരിക്കുന്നവരും അനേകരാണ്. ക്രൈസ്തവ സമൂഹത്തില്‍ ഏറിയ പങ്കും പ്രഭാതത്തില്‍ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുവാന്‍ തയ്യാറാകുമ്പോഴും മാത്രം പ്രാര്‍ത്ഥിക്കുന്നവരാണ്. എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു ദൈവപൈതല്‍ ഇടവിടാതെ പ്രാര്‍ത്ഥിക്കണം. കാരണം പരിശുദ്ധാത്മാവിന്റെ ഉറവ നിരന്തരമായ പ്രാര്‍ത്ഥനയാല്‍ നിറഞ്ഞൊഴുകുന്നു. നാമാകുന്ന ദൈവത്തിന്റെ മന്ദിരങ്ങളില്‍, ദൈവത്തിന്റെ ആത്മാവ് നിത്യമായി വസിക്കുവാന്‍ ദൈവവുമായി നിരന്തരമായ ബന്ധം പുലര്‍ത്തിയേ മതിയാവുകയുള്ളു. ഭവനത്തില്‍ പാചകം ചെയ്യുന്ന വീട്ടമ്മയ്ക്കും, ഔദ്യോഗികവൃത്തിയില്‍ വ്യാപൃതനായിരിക്കുന്ന ഭര്‍ത്താവിനും, ആശുപത്രികളില്‍ രോഗികളെ പരിചരിക്കുന്ന നേഴ്‌സിനും, കുഞ്ഞിനെ പാലൂട്ടുന്ന മാതാവിനും, വയലേലകളിലും തൊഴില്‍ശാലകളിലും വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും എല്ലാം ഇടവിടാതെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയും! അതു ശബ്ദമുയര്‍ത്തിയുള്ള പൊതുപ്രാര്‍ത്ഥനയല്ല... പ്രത്യുത നിശബ്ദമായി, ഹൃദയാന്തര്‍ഭാഗത്തുനിന്ന് സ്വര്‍ഗ്ഗോന്നതങ്ങളിലേക്കുയരുന്ന സ്‌തോത്രങ്ങളുടെ മണിമുഴക്കമാകാം... ഹല്ലേലൂയ്യായുടെ മന്ത്രധ്വനിയാകാം. പലസ്തീന്‍ നാട്ടിലെ പുല്‍മാലികളില്‍നിന്ന് യിസ്രായേലിന്റെ സിംഹാസനത്തിലെത്തിയ ദാവീദിന്റെ വിജയരഹസ്യം അവന്റെ പ്രാര്‍ത്ഥനാജീവിതമായിരുന്നു.
സഹോദരാ! സഹോദരീ! നിന്റെ പ്രാര്‍ത്ഥനാജീവിതം എപ്രകാരമുള്ളതാണ്? അനുദിന ജീവിതത്തിന്റെ തിരക്കില്‍ ക്ഷീണംകൊണ്ടും സമയക്കുറവുകൊണ്ടും നീ നീട്ടിവയ്ക്കുന്നതും മാറ്റിവയ്ക്കുന്നതുമായ കാര്യം പ്രാര്‍ത്ഥന മാത്രമല്ലേ! നിന്റെ ഹൃദയാന്തര്‍ഭാഗത്തുനിന്ന് സ്‌തോത്രങ്ങളും ഹല്ലേലൂയ്യായും നിറഞ്ഞ പ്രാര്‍ത്ഥനകളുടെ അന്തര്‍ധാരകള്‍ അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിലേക്ക് ഇടവിടാതെ ഉയര്‍ത്തുമെന്ന് ഇപ്പോഴെങ്കിലും നീ തീരുമാനിക്കുമോ?
പ്രാര്‍ത്ഥിക്കാം പ്രാര്‍ത്ഥിക്കാം
ജാഗ്രതയോടെ പ്രാര്‍ത്ഥിക്കാം
ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com