അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ദൈവത്തിന്റെ സ്‌നേഹവും മനസ്സലിവും ഉണര്‍ത്തി അനുഗ്രഹങ്ങള്‍ നേടിയെടുക്കുവാനും, കോപത്തെ ജ്വലിപ്പിച്ച് ശിക്ഷകള്‍ നേടുവാനും നമ്മുടെ നാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയും. അശ്ലീലങ്ങളും അസഭ്യങ്ങളും പറയാത്തതുകൊണ്ട്, തങ്ങള്‍ നാവുകൊണ്ടു പാപം ചെയ്യുന്നില്ലെന്നു വിശ്വസിക്കുന്നവര്‍ അനേകരാണ്. ഏഷണിയും ദൂഷണവും പറയാത്തതുകൊണ്ട് നാവുകൊണ്ടു പാപം ചെയ്യുന്നവരല്ലെന്നു മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. നാം അസഭ്യങ്ങള്‍ പറയുന്നവരല്ലെങ്കിലും ഏഷണിക്കാരല്ലെങ്കിലും നമ്മുടെ വാക്കുകള്‍ മറ്റൊരാളെ വേദനിപ്പിക്കുന്നതാണെങ്കില്‍, ഹൃദയത്തില്‍ മുറിപ്പാടുകള്‍ സൃഷ്ടിക്കുന്നതാണെങ്കില്‍, ദൈവത്തിന് അതൊരിക്കലും പ്രസാദകരമായിരിക്കുകയില്ല. ക്ഷിപ്രകോപംകൊണ്ട് പൊട്ടിത്തെറിച്ച് സ്ഥലകാലസാഹചര്യങ്ങള്‍ മറന്ന് തങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നവരുടെ നയനങ്ങള്‍ നനയ്ക്കുമെന്നോര്‍ക്കാതെ സംസാരിക്കുന്ന ആത്മികരും വിരളമല്ല. അല്പം കഴിഞ്ഞ് കോപം കെട്ടടങ്ങുമ്പോള്‍ പ്രതികൂലങ്ങള്‍ ഉള്ളതുകൊണ്ടാണ് അപ്രകാരം സംസാരിച്ചുപോയതെന്നു പറഞ്ഞ് തടിതപ്പുവാന്‍ ഇക്കൂട്ടര്‍ ശ്രമിക്കും. സാത്താനെ പഴിചാരി ഇപ്രകാരം രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാനോ ദൈവസന്നിധിയില്‍ വളരുവാനോ കഴിയാറില്ല. എന്തെന്നാല്‍ ദൈവസ്വഭാവം തന്നെ അനുഗമിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
സഹോദരാ! സഹോദരീ! നിന്റെ ക്ഷമയെ നശിപ്പിച്ച് കോപത്തെ ജ്വലിപ്പിക്കുന്ന ദുര്‍ബ്ബലനിമിഷങ്ങളില്‍ ദൈവത്തെയും മനുഷ്യനെയും മറന്നുള്ള ശകാരവര്‍ഷങ്ങള്‍ നിന്റെ നാവില്‍നിന്നുമുയരാതെ, സ്‌തോത്രങ്ങളും സ്തുതികളും ഉയര്‍ത്തുവാന്‍ നിനക്കു കഴിയുമോ? നിന്റെ നാവ് നിനക്ക് ദൈവം തന്നിരിക്കുന്ന തുണയെ വെട്ടി മുറിവേല്പിക്കുന്ന വാളായിട്ടാണോ ഉപയോഗിക്കുന്നത്? നിന്റെ ശുശ്രൂഷയില്‍ കൂട്ടുവിശ്വാസികളെയും കൂട്ടുവേലക്കാരെയും കുത്തി മുറിവേല്‍പ്പിക്കുവാന്‍ അതുപയോഗിക്കാറുണ്ടോ? എങ്കില്‍ നാവുകൊണ്ടു പാപം ചെയ്യാതിരിക്കുന്നതിനായും നിന്റെ വാക്കുകള്‍ കൃപയോടുകൂടിയതായിത്തീരുന്നതിനായും ഇന്നുമുതല്‍ പ്രാര്‍ത്ഥിക്കുവാന്‍ നിനക്കു കഴിയുമോ?
സ്‌നേഹത്താല്‍ ദീര്‍ഘമാം ക്ഷമയെ നല്‍കണമേ
ദൈവമേ നിന്‍ സ്‌നേഹമേഴക്കെന്നും നല്‍കണമേ
സ്‌നേഹമാം നിന്‍ സാക്ഷ്യമായി
സ്‌നേഹം പകര്‍ന്നീടുവാന്‍
ദൈവമേ നിന്‍ സ്‌നേഹത്താല്‍
ഏഴയെ നിറയ്ക്കണമേ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com