അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 17 ദിവസം

കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും താഴ്‌വാരങ്ങളില്‍നിന്നു കരകയറുവാനും, രോഗങ്ങള്‍ക്ക് സൗഖ്യം നേടുവാനും, സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും കൃപകളും കൃപാവരങ്ങളും പ്രാപിക്കുവാനും, അനേകര്‍ ഉപവാസപ്രാര്‍ത്ഥനകളോടെ ദൈവസന്നിധിയിലേക്കു കടന്നുവരാറുണ്ട്. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ഭക്ഷണം വെടിഞ്ഞ് ഒരു ദിവസമോ, മൂന്നോ നാലോ ദിവസങ്ങളോ, പ്രാര്‍ത്ഥനകളോടെ ദൈവസന്നിധിയില്‍ ചെലവഴിച്ചാല്‍ മതിയെന്നാണ് ഇവരിലനേകര്‍ ധരിച്ചിരിക്കുന്നത്. മ്ലേച്ഛതയിലും വഷളത്തത്തിലും വിഗ്രഹാരാധനയിലും ദുഷ്ടത പെരുത്ത നീനെവേയ്ക്ക്, നാല്‍പ്പതു ദിവസങ്ങള്‍ക്കകം ദൈവം ഉന്മൂലനാശം വരുത്തുമെന്ന് ദൈവത്തിന്റെ പ്രവാചകനായ യോനാ വിളിച്ചറിയിച്ചപ്പോള്‍ നീനെവേക്കാര്‍ തങ്ങളെത്തന്നെ താഴ്ത്തി ദൈവസന്നിധിയില്‍ ഉപവസിച്ചു. ആടുമാടുകള്‍ക്കുപോലും ഭക്ഷണപാനീയങ്ങള്‍ കൊടുക്കുവാന്‍ കൂട്ടാക്കാതെ, ദൈവത്തില്‍നിന്ന് അകന്നുപോയ കാലങ്ങളെക്കുറിച്ച് അവര്‍ അനുതപിച്ചു. അവര്‍ ഉപവാസത്തില്‍ അനുതപിക്കുക മാത്രമല്ല, ഉപവാസത്തിനുശേഷം ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു പുതിയ സൃഷ്ടികളായിത്തീര്‍ന്നുവെന്ന് അവരുടെ പ്രവൃത്തികള്‍കൊണ്ട് തെളിയിച്ചപ്പോഴാണ് ദൈവം അവരുടെമേല്‍ വരുത്തുമെന്നു പറഞ്ഞിരുന്ന അനര്‍ത്ഥങ്ങള്‍ വരുത്താതിരുന്നത്. ഉപവാസപ്രാര്‍ത്ഥനകളില്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് അവ എന്നെന്നേക്കുമായി ഉപേക്ഷിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രാപിച്ച് പുതിയ തീരുമാനങ്ങളുമായി ഉപവാസം പൂര്‍ത്തിയാക്കുന്നവര്‍, തങ്ങളെടുത്ത തീരുമാനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതെ ദൈവത്തില്‍നിന്ന് യാതൊരു അനുഗ്രഹവും പ്രാപിക്കുവാന്‍ കഴിയുകയില്ലെന്ന് നീനെവേനിവാസികളുടെ ഉപവാസം വിളംബരം ചെയ്യുന്നു. 

                      സഹോദരാ! സഹോദരീ! ഉപവാസപ്രാര്‍ത്ഥനകളില്‍ നീ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ നിനക്കു പ്രാവര്‍ത്തികമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? നിന്റെ ഉപവാസങ്ങളെക്കാളുപരി ദൈവം സസൂക്ഷ്മം വീക്ഷിക്കുന്നത് ഉപവാസത്തിനുശേഷമുള്ള നിന്റെ ജീവിതമാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമോ? നീനെവേനിവാസികളുടെ ഉപവാസം കഴിഞ്ഞ് രൂപാന്തരപ്പെട്ട ജീവിതംകൊണ്ടാണ് ദൈവത്തിന്റെ മനസ്സു തിരിച്ച്, താന്‍ അവരുടെമേല്‍ വരുത്തുമെന്ന് അരുളിച്ചെയ്ത അനര്‍ത്ഥം വരുത്താതിരുന്നതെന്ന് നീ ഓര്‍മ്മിക്കുമോ? 

ഉപവാസത്തോടും കരച്ചിലോടും നീ 

ദൈവസന്നിധേ മടങ്ങിവന്നിടുമോ

ദൈവം കൃപയുള്ളവന്‍, മഹാദയയുള്ളവന്‍

അനര്‍ത്ഥമൊന്നും വരുത്താതെ, ദൈവം മനസ്സലിയും                   ഉപവസിക്കുമോ...

തിരുവെഴുത്ത്

ദിവസം 16ദിവസം 18

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com