അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 18 ദിവസം

പരിശുദ്ധാത്മ കൃപകളും കൃപാവരങ്ങളും പ്രാപിക്കുവാനായി ആഗ്രഹിച്ചുകൊണ്ട് അനേകര്‍ ഉപവാസപ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്. അനേകര്‍ പരിശുദ്ധാത്മാവിന്റെ നിറവില്‍ സന്തോഷിച്ച് ദൈവത്തില്‍നിന്ന് അത്ഭുതങ്ങളും അനുഗ്രഹങ്ങളും പ്രാപിക്കുമ്പോള്‍ പലര്‍ക്കും ആ സന്തോഷത്തില്‍ അലിഞ്ഞുചേരുവാന്‍ കഴിയാത്തതിന്റെ കാരണം എന്താണ്? 'മഹതി' എന്ന ശക്തിയെക്കൊണ്ട് ജനത്തെ ഭ്രമിപ്പിച്ചിരുന്ന ശിമോന്‍, ഫിലിപ്പൊസിന്റെ പ്രവര്‍ത്തനത്തിലൂടെ സ്‌നാനം ഏറ്റു സഭയോടു ചേര്‍ന്ന് ഫിലിപ്പൊസിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവനാണ്. യേശുവിന്റെ നാമത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അത്ഭുതങ്ങള്‍ക്കും വീരപ്രവൃത്തികള്‍ക്കും അവന്‍ സാക്ഷിയുമാണ്. എന്നാല്‍ സ്‌നാനമേറ്റിരുന്ന ജനം യെരൂശലേമില്‍നിന്നെത്തിയ ശ്ലീഹന്മാരുടെ കൈവയ്പിനാല്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതു കണ്ടപ്പോള്‍, പരിശുദ്ധാത്മാവ് നല്‍കുന്നതിനുള്ള അധികാരം പണം കൊടുത്തു വാങ്ങുവാനും അത് അവന്റെ വ്യക്തിപരമായ ലാഭത്തിനും പ്രശസ്തിക്കും അധികാരത്തിനുംവേണ്ടി ഉപയുക്തമാക്കുവാനാണ് ശിമോന്‍ ആഗ്രഹിച്ചത്. ദൈവത്തിനായി പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിന്റെ മന്ദിരമായ മനുഷ്യനില്‍ വസിക്കുന്ന ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവിനെ പണം കൊടുത്തു സ്വായത്തമാക്കുവാന്‍ അവന്‍ ശ്രമിച്ചു. ഭൗതികമായ നേട്ടങ്ങള്‍ക്കായി പരിശുദ്ധാത്മാവിനെ ഉപയുക്തമാക്കാമെന്ന് അവന്‍ കരുതി. ദൈവസന്നിധിയില്‍ ഹൃദയ പരമാര്‍ത്ഥതയില്ലാതെയുള്ള പ്രാര്‍ത്ഥനകള്‍കൊണ്ടോ നേര്‍ച്ചകാഴ്ചകള്‍കൊണ്ടോ പരിശുദ്ധാത്മാവിനെ ലഭിക്കുകയില്ലെന്ന് ശിമോന്റെ അനുഭവം വ്യക്തമാക്കുന്നു.

                    ദൈവപൈതലേ! കര്‍ത്താവിന്റെ സന്നിധിയില്‍ പരിശുദ്ധാത്മാവിനുവേണ്ടി നീ യാചിക്കുന്നത് അവനുവേണ്ടി പ്രവര്‍ത്തിക്കുവാനും ജീവിക്കാനുമുള്ള പരമാര്‍ത്ഥമായ ആഗ്രഹത്തോടുകൂടിയാണോ? പരിശുദ്ധാത്മാവ് നിന്റെ മാത്രം കുത്തകയാണെന്നും, മറ്റുള്ളവരില്‍ അതില്ലെന്നും സമര്‍ത്ഥിക്കുവാനാണ് നീ പരിശുദ്ധാത്മാവിനുവേണ്ടി ദാഹിക്കുന്നതെങ്കില്‍ നിനക്കതില്‍ പങ്കും ഓഹരിയുമുണ്ടാകുകയില്ല. ദൈവത്തിന്റെ വേലയില്‍ പരിശുദ്ധാത്മനിറവില്‍ പ്രവര്‍ത്തിക്കേണ്ട പദവികളെ, പണംകൊണ്ടും പരസ്യംകൊണ്ടും നേടിയെടുക്കാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? 

പ്രാര്‍ത്ഥനയാല്‍ പരിശുദ്ധാത്മ ശക്തി പകര്‍ന്നോനേ

നിന്‍ ജനത്തെ വന്‍കൃപയാല്‍ നടത്തുവോന്‍ നീ

നാഥാ നടത്തുവോന്‍ നീ                   പ്രാര്‍ത്ഥിക്കുന്നേശുവേ...

ദിവസം 17ദിവസം 19

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com