അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
വിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയില്‍ അഭയം തേടുന്ന ഒരു വലിയ സമൂഹത്തെ ക്രൈസ്തവ ലോകത്തില്‍ ഉടനീളം കാണുവാന്‍ കഴിയും. ദൈവത്തോടുള്ള ഭക്തിയെക്കാളുപരി ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കുവാനുള്ള കുറുക്കുവഴിയായിട്ടാണ് ഇന്ന് അനേകര്‍ വിശുദ്ധന്മാരുടെ മദ്ധ്യസ്ഥത തേടുന്നത്. തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് പുതിയ സൃഷ്ടികളാകുന്നില്ലെങ്കില്‍ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ദൈവത്തിന്റെ പ്രവാചകന്മാരുടെയോ പരിശുദ്ധന്മാരുടെയോ ശുദ്ധിമതികളുടെയോ പ്രാര്‍ത്ഥന തങ്ങളെ രക്ഷിക്കുകയില്ലെന്നു ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ജാതികളുടെ ദേവന്മാരെപ്പോലെയോ സേവാത്മാക്കളെപ്പോലെയോ നേര്‍ച്ചകാഴ്ചകളില്‍ പ്രസാദിച്ച് അഭീഷ്ടകാര്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കുന്നവരാണ് വിശുദ്ധന്മാരെന്നുള്ള മിഥ്യാധാരണയാണ് അനേകരെ ഇപ്രകാരം വിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയില്‍ അഭയം തേടുവാന്‍ പ്രേരിപ്പിക്കുന്നത്. മിസ്രയീമ്യ അടിമത്തത്തില്‍നിന്നു തന്റെ ജനത്തെ വിമോചിപ്പിക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത് വഴിനടത്തിയ മോശെയും, തന്റെ ജനത്തിന് സ്വസ്ഥത ലഭിച്ചപ്പോള്‍ വീണ്ടും അന്യദൈവങ്ങളെ ആശ്രയിച്ച സാഹചര്യങ്ങളില്‍ അവരെ ന്യായപാലനം ചെയ്യുവാന്‍ ദൈവം വളര്‍ത്തിയെടുത്ത പ്രവാചകനായ ശമൂവേലും ഈ ലോകത്ത് ജീവിച്ചിരുന്നപ്പോള്‍ തങ്ങളുടെ പ്രാര്‍ത്ഥനകളാല്‍, പാപംകൊണ്ട് ദൈവത്തെ കോപിപ്പിച്ച ജനത്തെ പലപ്പോഴും വിടുവിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ മണ്‍മറഞ്ഞ് നൂറ്റാണ്ടുകള്‍ കഴിഞ്ഞ്, യഹോവയാം ദൈവം, തന്നെ മറന്നുകളഞ്ഞ ജനത്തോടു പറയുന്നത് മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായുകയില്ല എന്നാണ്. മോശെയുടെയും ശമൂവേലിന്റെയും പാരമ്പര്യത്തില്‍ ഊറ്റംകൊണ്ടിരുന്ന യിസ്രായേല്‍മക്കളോട് ദൈവം അരുളിച്ചെയ്യുന്ന കാര്യങ്ങള്‍, അനുഗ്രഹങ്ങള്‍ തേടി ഓടിനടക്കുന്ന സഹോദരങ്ങള്‍ക്ക് അനുഭവപാഠമാകണം.
സഹോദരാ! സഹോദരീ! നിന്റെ പാപപങ്കിലമായ ജീവിതം ഉപേക്ഷിക്കാതെ, നേര്‍ച്ചകാഴ്ചകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സാദ്ധ്യമല്ലെന്ന് നീ മനസ്സിലാക്കുമോ? ഈ അവസരത്തില്‍ ഒരു പുതിയ സൃഷ്ടി ആയിത്തീരുവാന്‍ വിശുദ്ധനായ ദൈവത്തിന്റെ സന്നിധിയില്‍ നിന്നെത്തന്നെ സമര്‍പ്പിക്കുമോ?
സമ്പൂര്‍ണ്ണമായ്... സമ്പൂര്‍ണ്ണമായ്...
സമര്‍പ്പിക്കുന്നേഴയെ സമ്പൂര്‍ണ്ണമായ്
പുതിയൊരു സൃഷ്ടിയാക്കിയെന്നെ നിന്‍
തിരുക്കരം പിടിച്ചിനി നടത്തണമേ. നിന്‍ വിളി കേട്ടു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com