അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 22 ദിവസം

പഴയ മനുഷ്യന്റെ സ്വഭാവങ്ങളോടു യാത്രപറഞ്ഞ് ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായി പുതിയ സൃഷ്ടികളായി മുമ്പോട്ടുള്ള ഈ ലോകയാത്രയില്‍, അപകടങ്ങളും അത്യാഹിതങ്ങളും വ്യസനകരമായ സാഹചര്യങ്ങളും കടന്നുവരുമ്പോള്‍, മറിയയെപ്പോലെ, കര്‍ത്താവിനായി സ്വയം സമര്‍പ്പിച്ചു ജീവിച്ചിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചല്ലോ എന്നു പലരും ചിന്തിച്ചുപോകാറുണ്ട്. കര്‍ത്താവിന് പ്രിയങ്കരമായ ഭവനമായിരുന്നു ബേഥാന്യയിലെ ലാസരിന്റെ ഭവനം. ''നിനക്ക് പ്രിയനായവന്‍ രോഗിയായിരിക്കുന്നു'' എന്ന സന്ദേശം ലഭിച്ചയുടനേ ലാസറിനെ സൗഖ്യമാക്കുവാന്‍ കര്‍ത്താവിന് കഴിയുമായിരുന്നു. എന്നാല്‍ ലാസര്‍ മരിക്കുവാന്‍ കര്‍ത്താവ് അനുവദിച്ചുവെന്നു മാത്രമല്ല, ശരീരം കല്ലറയില്‍ അഴുകിത്തുടങ്ങുന്ന വേളയിലാണ് കര്‍ത്താവ് ആ ഭവനത്തിലേക്കു കടന്നുചെല്ലുന്നത്. ''നീ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു'' എന്നുള്ള മറിയയുടെ വാക്കുകള്‍ക്ക് മറ്റ് അര്‍ത്ഥങ്ങളുണ്ടായിരുന്നു. അനേകരെ മരണത്തില്‍നിന്നു രക്ഷിക്കുന്ന കര്‍ത്താവിന് തന്റെ പ്രാണസ്‌നേഹിതനെ രക്ഷിക്കുവാനായി തക്കസമയത്ത് കടന്നുവരുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖം ഉള്ളിലൊതുക്കിക്കൊണ്ട് തന്റെ പാദാരവിന്ദങ്ങളില്‍ മുഖമമര്‍ത്തിക്കരയുന്ന മറിയയുടെ ഹൃദയവേദന കര്‍ത്താവിനെ കരയിപ്പിച്ചു. താന്‍ സ്‌നേഹിക്കുന്ന തന്റെ പ്രിയപ്പെട്ട സ്‌നേഹിതനില്‍ക്കൂടി ദൈവനാമം മഹത്ത്വപ്പെടുവാനാണ് അവന്റെ മൃതദേഹം അഴുകി നാറ്റം വയ്ക്കുന്നതുവരെയും കര്‍ത്താവ് മൗനമായിരുന്നത്. പക്ഷേ അതു മനസ്സിലാക്കുവാന്‍ മാര്‍ത്തയും മറിയയും നാലു ദിനരാത്രങ്ങള്‍ കണ്ണുനീരിന്‍  താഴ്‌വരയിലൂടെ കടന്നുപോകേണ്ടിവന്നു. 

                        സഹോദരാ! സഹോദരീ! കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചിട്ടും അവനായി പ്രവര്‍ത്തിച്ചിട്ടും നിന്റെ കഷ്ടങ്ങളുടെ താഴ്‌വാരങ്ങളില്‍ കര്‍ത്താവ് കടന്നുവന്നില്ലല്ലോ എന്നോര്‍ത്ത് മാര്‍ത്തയെയും മറിയയെയുംപോലെ നീ സങ്കടപ്പെടുകയാണോ? നിന്റെ മിഴികള്‍ കര്‍ത്താവ് കണ്ണുനീരോടു കൂടിയാണ് കാണുന്നത്! ജീവിതത്തിലെ കൂരിരുളിന്റെ താഴ്‌വരകളില്‍ കര്‍ത്താവിന്റെ സ്‌നേഹത്തെ സംശയിക്കാതെ ആണിയേറ്റ ആ പാദാരവിന്ദങ്ങളില്‍ വീണ് മാര്‍ത്തയെപ്പോലെ, മറിയയെപ്പോലെ, പാപിനിയായ സ്ത്രീയെപ്പോലെ കണ്ണുനീരൊഴുക്കുവാന്‍ നിനക്കു കഴിയുമോ? അപ്പോള്‍ കരുണാസമ്പന്നനായ കര്‍ത്താവ് നിന്റെ നാറ്റംവച്ച അവസ്ഥയെ സുഗന്ധമാക്കി മാറ്റുമെന്നോര്‍ക്കുമോ? 

ആപത്തിലും ആധിവ്യാധിയിലും പരിശോധനവേളയിലും 

പൊന്‍ കരത്താല്‍ താങ്ങിയെന്‍ കണ്ണീര്‍ തുടച്ച നിന്‍ 

സ്‌നേഹത്തിനായ് സ്‌തോത്രം.                                      സ്‌തോത്രമെന്നേശുവേ...

തിരുവെഴുത്ത്

ദിവസം 21ദിവസം 23

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com