അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ഉപവാസപ്രാര്‍ത്ഥനകളിലും ആത്മീയ ശുശ്രൂഷകളിലുമൊക്കെ പങ്കെടുത്ത് ആത്മികാവേശത്തിന്റെ അതിപ്രസരത്തില്‍ കര്‍ത്താവിനെ നോക്കി ഇറങ്ങിത്തിരിക്കുന്ന അനേകര്‍ കൊടുങ്കാറ്റുകളും തിരമാലകളും നിറഞ്ഞ ജീവിതസാഗരത്തില്‍ പരിഭ്രമിച്ചു താണുപോകാറുണ്ട്. ഒരിക്കല്‍ ശിഷ്യന്മാരെ പടകില്‍ അക്കരയ്ക്കയച്ചിട്ട് കര്‍ത്താവ് തനിയെ മലയിലേക്കു കയറിപ്പോയി പടകു പല നാഴിക ദൂരത്ത് കൊടുങ്കാറ്റില്‍പ്പെട്ടു, മുമ്പോട്ടു പോകുവാനാവാതെ ശിഷ്യന്മാരുടെ കൈകള്‍ കുഴഞ്ഞു. രാത്രിയുടെ നാലാം യാമത്തില്‍, ആര്‍ത്തിരമ്പുന്ന തിരമാലകളുടെ മീതേ നടന്നു വരുന്ന കര്‍ത്താവിനെ കണ്ടപ്പോള്‍ ഭൂതമെന്നു കരുതി ശിഷ്യന്മാര്‍ നിലവിളിച്ചു. ''ധൈര്യപ്പെടുവിന്‍, ഞാനാകുന്നു'' എന്ന് കര്‍ത്താവ് പറഞ്ഞപ്പോള്‍ പത്രൊസ് അവനോട് ''നീ ആകുന്നുവെങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നടന്ന് നിന്റെ അടുക്കല്‍ വരേണ്ടതിനു കല്പിക്കണമേ'' എന്നു പറഞ്ഞു. ''വരുക'' എന്ന് കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച് പത്രൊസ് യേശുവിന്റെ അടുക്കലേക്കു ചെല്ലുവാന്‍ വെള്ളത്തിന്‍മീതേ നടന്നുതുടങ്ങി. ചില ചുവടുകള്‍ വച്ചപ്പോഴേക്കും കര്‍ത്താവിലായിരുന്ന ദൃഷ്ടികള്‍ ആര്‍ത്തിരമ്പുന്ന തിരമാലകളിലേക്കും ചുറ്റിയടിക്കുന്ന കൊടുങ്കാറ്റിലേക്കും തിരിഞ്ഞു. അത് അവനെ ഭയപ്പെടുത്തി. തൊട്ടടുത്ത് അതേ കടലില്‍, അതേ കൊടുങ്കാറ്റിന്റെ നടുവില്‍, അലറുന്ന തിരമാലകളുടെമീതേ അവനായി കാത്തുനില്‍ക്കുന്ന കര്‍ത്താവിനെ ആ പരിഭ്രമത്തില്‍ അവന്‍ മറന്നു പോയി. അവന്‍ കടലില്‍ താഴുവാന്‍ തുടങ്ങി. അവന്റെ നിലവിളി കേട്ട ഉടനേ കര്‍ത്താവ് കൈനീട്ടി അവനെ പിടിച്ചുകയറ്റി.
ദൈവപൈതലേ! നിന്റെമേല്‍ ആഞ്ഞടിക്കുന്ന കഷ്ടങ്ങളും നഷ്ടങ്ങളും രോഗങ്ങളും പീഡകളുമാകുന്ന തിരമാലകളെ കണ്ട് നീ ഭയന്ന് ജീവിതസാഗരത്തില്‍ താഴുകയാണോ? കൂടുവിട്ട്, കൂട്ടംവിട്ട് കര്‍ത്താവിനെ കണ്ടുകൊണ്ടിറങ്ങിത്തിരിച്ച നീ പത്രൊസിനെപ്പോലെ ഏകാകിയാണെന്നു വ്യാകുലപ്പെടുന്നുവോ? എങ്കില്‍ ഭയപ്പെടേണ്ട! ഈ തിരമാലകളുടെയും കൊടുങ്കാറ്റിന്റെയും നടുവില്‍ കര്‍ത്താവ് നിന്റെ ചാരത്തുണ്ട്. നിന്റെ ദൃഷ്ടി കര്‍ത്താവിങ്കലേക്ക് ഉയര്‍ത്തുക... ''കര്‍ത്താവേ രക്ഷിക്കണമേ'' എന്നു നിലവിളിക്കുക. യേശു നിന്നെ ഉപേക്ഷിക്കുകയില്ല. തന്റെ പൊന്‍കരങ്ങള്‍ നിന്നെ കോരിയെടുത്ത് മാറോടണച്ച് ആശ്വസിപ്പിക്കും.
കൈകള്‍ കുഴയുമ്പോള്‍ കൊടുങ്കാറ്റിലലയുമ്പോള്‍
തിരമാലകളേഴയെ മൂടിടുമ്പോള്‍
കൊടുങ്കാറ്റിനെ പിളര്‍ന്നവന്‍ കടന്നുവരും
യേശു കടലിന്‍ മീതേ നടന്നുവരും. ചാരെ ചാരെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com