അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവവചനം മറ്റുള്ളവര്‍ക്കു നല്‍കി അവരെ ആത്മീയമായി പരിപോഷിപ്പിക്കുവാന്‍ ഉത്സാഹിക്കുന്ന നാം അവരുടെ ശാരീരിക അവസ്ഥയെക്കുറിച്ച് പലപ്പോഴും ഓര്‍ക്കാറില്ല. നേരം വൈകിയ സാഹചര്യത്തില്‍ കര്‍ത്താവിന്റെ പാദപീഠത്തില്‍ സമയം ചെലവഴിച്ച ഏതാണ്ട് ഇരുപതിനായിരത്തിലധികം വരുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ കഴിയാത്തതിനാല്‍ ഭക്ഷണം കഴിക്കുവാനായി അവരെ മടക്കി അയയ്ക്കുവാന്‍ ശിഷ്യന്മാര്‍ കര്‍ത്താവിനോട് അപേക്ഷിച്ചു. എന്നാല്‍ പകല്‍ മുഴുവന്‍ തന്റെ പാദപീഠത്തിലിരുന്ന ജനത്തെ ആ വൈകിയ വേളയില്‍ പറഞ്ഞയച്ചാല്‍, ആ വിജനപ്രദേശത്ത് അവര്‍ക്കു ഭക്ഷിക്കുവാന്‍ ഒന്നും ലഭിക്കുകയില്ലെന്ന് കര്‍ത്താവിന് അറിയാമായിരുന്നു. ശിഷ്യന്മാരുടെ പക്കല്‍ ഒന്നും ഇല്ല എന്ന് അറിഞ്ഞിട്ടും ''നിങ്ങള്‍ അവര്‍ക്കു ഭക്ഷിക്കുവാന്‍ കൊടുക്കുവിന്‍'' എന്ന് കര്‍ത്താവ് അവരോട് ആവശ്യപ്പെട്ടു. തന്റെ ശിഷ്യന്മാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് അവര്‍ക്കു ബോധം വരുത്തുവാനും തന്നില്‍ ആശ്രയിച്ച് അസാദ്ധ്യമായതിനെ സുസാദ്ധ്യമാക്കിത്തീര്‍ക്കുവാന്‍ അവരെ അഭ്യസിപ്പിക്കുവാനുമാണ് കര്‍ത്താവ് അപ്രകാരം കല്പിച്ചത്. കര്‍ത്താവിന്റെ വാക്ക് കേട്ട് ശിഷ്യന്മാര്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് അന്ത്രെയാസ് അഞ്ച് യവത്തപ്പവും രണ്ടു മീനും കൈവശമുള്ള ബാലനെ കണ്ടുപിടിച്ചത്. തുച്ഛമെന്ന് ലോകം കരുതുന്ന ആ അഞ്ചപ്പവും രണ്ടു മീനും കര്‍ത്താവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചപ്പോഴാണ്, ഇരുപതിനായിരത്തിലധികം വരുന്ന ആ ജനസമൂഹത്തിന് വേണ്ടുവോളവും ഭക്ഷിച്ച്, പന്ത്രണ്ടു കുട്ടകള്‍ ശേഷിപ്പിക്കുവാന്‍ അതു മുഖാന്തരമായിത്തീര്‍ന്നത്.
സഹോദരങ്ങളേ! നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളുടെ വലിപ്പവും പെരുപ്പവും നിമിത്തം അവ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ കൂട്ടാക്കാതെ കര്‍ത്താവിന്റെ ശിഷ്യന്മാരെപ്പോലെ അവയില്‍നിന്നു രക്ഷപ്പെടുവാന്‍ ശ്രമിക്കാറുണ്ടോ? നമ്മുടെ കരങ്ങളിലുള്ളത് ലോകത്തിന്റെ മുമ്പില്‍ ചെറുതും നിസ്സാരവുമാണെങ്കിലും, യേശുവിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുമ്പോള്‍ അവന്‍ നമ്മുടെ ആവശ്യങ്ങള്‍ക്കൊത്തവണ്ണം അവയെ പരിപോഷിപ്പിക്കുമെന്ന് നീ മനസ്സിലാക്കുമോ? അപ്പോള്‍ വ്യക്തികളുടെ ആത്മികവും ശാരീരികവുമായ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരായി പ്രവര്‍ത്തിക്കുവാനും യേശുവിന്റെ സ്‌നേഹത്തിലേക്ക് അവരെ കൈപിടിച്ച് നടത്തുവാനും കഴിയുമെന്ന് നീ ഓര്‍ക്കുമോ?
അനുസരണത്താല്‍ വിശ്വാസത്താല്‍
ശുശ്രൂഷകരായിത്തീരാന്‍
സഹിഷ്ണുതയാലും സ്‌നേഹത്താലും
പാരില്‍ നിന്നൊളി വീശാന്‍. ശിഷ്യരാക്കി തീര്‍ക്കുക...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com