അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 37 ദിവസം

യഹോവയ്ക്കായി കാത്തിരിക്കാമെന്ന് തീരുമാനിച്ചുകൊണ്ടാണ് നാം, ഭാരങ്ങളും പ്രയാസങ്ങളും ആവശ്യങ്ങളും ആവലാതികളുമായ്, അവന്റെ സന്നിധിയിലേക്കു കടന്നുവരുന്നത്. പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനാവാതെ നമ്മുടെ കാത്തിരിപ്പ് ആഴ്ചകളും മാസങ്ങളും, ചിലപ്പോള്‍ വര്‍ഷങ്ങളും നീണ്ടു നീണ്ടു പോകുമ്പോള്‍ അനേകര്‍ മടുത്തുപോകാറുണ്ട്. ദൈവത്തിന്റെ നീതിയെക്കുറിച്ചും ന്യായത്തെക്കുറിച്ചും സംശയിക്കാറുണ്ട്! യഹോവ നീതിയുടെ ന്യായാധിപതിയാണ്. സഹിക്കാവുന്നതിലുപരി പരീക്ഷകള്‍ അവന്‍ നമുക്കു തരികയോ അന്യായമായി നമ്മെ പരീക്ഷിക്കുകയോ ചെയ്യുകയില്ല. ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ നാം ആയിത്തീരുവാന്‍ അവന്‍ കാത്തിരിക്കുന്നു. നമ്മുടെ രൂപാന്തരം വൈകുന്തോറും പരീക്ഷകളുടെ കാലദൈര്‍ഘ്യവും നീണ്ടു നീണ്ടു പോകും. കാലങ്ങള്‍ നീണ്ടുപോയാലും ഒരു ദൈവപൈതലിന്റെ വളര്‍ച്ചയ്ക്കായുള്ള ചവിട്ടുപടികളാണ് പ്രയാസങ്ങളും പ്രതിസന്ധികളുമെന്ന് ഓര്‍മ്മവച്ചുകൊണ്ട് പ്രത്യാശയോടെ അവയെ തരണംചെയ്യുന്നവര്‍ക്കു മാത്രമേ ദൈവത്തിന്റെ കൃപകളില്‍ വളരുവാന്‍ കഴിയുകയുള്ളു. യിസ്രായേലിന്റെ സിംഹാസനം നല്‍കേണ്ടതിനായി നീണ്ട വര്‍ഷങ്ങള്‍ ദാവീദിനെ കഠിന പരീക്ഷകളിലൂടെയും മിസ്രയീമിന്റെ ഭരണചക്രം നല്‍കേണ്ടതിനായി യോസേഫിനെ പൊട്ടക്കിണറ്റിലൂടെയും കാരാഗൃഹത്തിലൂടെയും കടത്തിവിട്ട ദൈവം, നമ്മെ പരീക്ഷകളിലൂടെ കടത്തിവിടുന്നത് താന്‍ ആഗ്രഹിക്കുന്ന ഔന്നത്യത്തിലേക്ക് നമ്മെ എത്തിക്കുവാനാണ്. ഇത്തരുണത്തില്‍ വിശ്വാസവീരനായ ജോര്‍ജ്ജ് മുള്ളറുടെ വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. ''ഞാന്‍ നേരിടുന്ന 99.9 ശതമാനം പരീക്ഷകളും ദൈവം എന്റെ നന്മയ്ക്കായിട്ടാണ് നല്‍കുന്നത്. ശിഷ്ടമുള്ള 0.1 ശതമാനം പരീക്ഷകള്‍ എന്റെ വലിയ നന്മയ്ക്കായിട്ടാണ്. '' 

                   സഹോദരാ! സഹോദരീ! നിന്റെ നീണ്ടു നീണ്ടു പോകുന്ന കഷ്ടങ്ങളെക്കുറിച്ച് വേദനിക്കുന്ന ഹൃദയവുമായിട്ടാണോ നീ ഈ അവസരത്തില്‍ ദൈവസന്നിധിയില്‍ ഇരിക്കുന്നത്? ദൈവം പ്രവര്‍ത്തിക്കുന്നതുവരെയും പ്രത്യാശയോടെ, ക്ഷമയോടെ അവന്റെ സന്നിധിയില്‍ കാത്തിരിക്കുവാന്‍ നിനക്കു കഴിയുമോ? ദൈവം ആഗ്രഹിക്കുന്നതുപോലെ നീ ആയിത്തീരുവാന്‍ ദൈവവും നിനക്കായി കാത്തിരിക്കുന്നു എന്ന് ഈ അവസരത്തില്‍ നീ ഓര്‍ക്കുമോ? ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ നിന്നെത്തന്നെ രൂപാന്തരപ്പെടുത്തി അവനായി കാത്തിരിക്കുവാന്‍ കഴിയുമോ? അവനായി കാത്തിരിക്കുന്നവരൊക്കെയും അനുഗ്രഹിക്കപ്പെട്ടവരാകുന്നു. 

കഷ്ടങ്ങളില്‍ നഷ്ടങ്ങളില്‍ 

നീമാത്രം നീമാത്രം 

യെഹോശുവേ നീമാത്രം 

സഹായിയായ് വന്നു        

തിരുവെഴുത്ത്

ദിവസം 36ദിവസം 38

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com