അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
അത്യുച്ചത്തില്‍ ദൈവത്തെ സ്തുതിക്കുന്നതും പാടി സന്തോഷിച്ച് കര്‍ത്താവിനെ സ്‌തോത്രം ചെയ്യുന്നതും, കര്‍ത്താവ് നമുക്കായി പ്രവര്‍ത്തിക്കുന്ന വന്‍കാര്യങ്ങള്‍ വര്‍ണ്ണിക്കുന്നതും പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന്റെ പ്രകടമായ തെളിവാണെന്നതില്‍ രണ്ടു പക്ഷമില്ല. എന്നാല്‍ ആരാധനാശുശ്രൂഷകള്‍ കഴിഞ്ഞ് പുറത്തു വരുമ്പോള്‍ അതേ നാവുകൊണ്ടുതന്നെ സ്വന്തം ഭവനത്തിലുള്ള പ്രിയപ്പെട്ടവരുടെനേരേ സഹിഷ്ണുതയില്ലാതെ ആക്രോശിക്കുന്നതും, അസഭ്യങ്ങള്‍ പുലമ്പുന്നതും പരിശുദ്ധാത്മാവ് പ്രാപിച്ചതിന്റെ ലക്ഷണമല്ല. മറ്റ് വ്യക്തികള്‍ക്കോ, കുടുംബങ്ങള്‍ക്കോ, ശുശ്രൂഷകള്‍ക്കോ, സഭകള്‍ക്കോ, പരിശുദ്ധാത്മാവില്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതും ആക്ഷേപിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമല്ല. അനേകരെ ആകര്‍ഷിക്കുന്ന ദൈവത്തിന്റെ ദാസന്മാരെയും ശുശ്രൂഷകളെയും പൈശാചികമായ പ്രവര്‍ത്തനമാണെന്നു പറഞ്ഞ് മുദ്രയടിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമല്ല. ദൈവാലയങ്ങളില്‍ ആരാധനകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രം പ്രകടമാക്കേണ്ട പ്രതിഭാസമല്ല പരിശുദ്ധാത്മാവ്. പ്രത്യുത, നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ്, നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ദൈവസ്വഭാവത്തോടുകൂടി പ്രവര്‍ത്തിച്ച്, നമ്മുടെ പ്രവൃത്തികളാല്‍ കര്‍ത്താവിനെ ലോകത്തിന് കാണിച്ചുകൊടുക്കുന്നതായിരിക്കണം. നാം ദൈവത്തിന്റെ മന്ദിരമാണെന്നും, നാം പ്രാപിച്ച പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുന്നു എന്നുമുള്ള ബോധം നമ്മില്‍ സദാ ഉണ്ടാകുമ്പോള്‍ മാത്രമേ ദൈവവുമായുള്ള നിരന്തര ബന്ധത്തില്‍ നമുക്ക് പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയുകയുള്ളു. അവ അനുദിന ജീവിതത്തില്‍ ദൈവാലയത്തിനകത്തു മാത്രമല്ല, ദൈവാലയത്തിനു പുറത്തുള്ള പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രകടമാക്കുമ്പോഴാണ് യേശുവിനെ നമ്മിലൂടെ അനേകര്‍ക്കു കണ്ടെത്തുവാന്‍ കഴിയുന്നത്.
സഹോദരാ! സഹോദരീ! പരിശുദ്ധാത്മനിറവില്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നിങ്ങളില്‍ ദുര്‍ന്നടപ്പ്, ആഭിചാരം, പക, പിണക്കം, ഭിന്നത, അസൂയ, ക്രോധം, മദ്യപാനം മുതലായ ജഡിക സ്വഭാവങ്ങള്‍ അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടോ? ഇവ ദൈവത്തിന്റെ മന്ദിരത്തെ നശിപ്പിക്കുകയും, അതില്‍ വാസം ചെയ്യുന്ന പരിശുദ്ധാത്മാവിനെ അകറ്റിക്കളയുകയും ചെയ്യുമെന്ന് നീ മനസ്സിലാക്കുമോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കുമെന്ന് നീ ഓര്‍ക്കുമോ?
എന്നെ നിന്‍ പരിശുദ്ധ ആലയമായ്
പണിതീടണമേ നിന്‍ കാരുണ്യത്താല്‍
പണിതീടണമേ യേശുപരാ നിന്‍
പരിശുദ്ധ ആലയമായ്... വരിക...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com