അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 43 ദിവസം

ദൈവഭയത്തിലും ഭക്തിയിലും ജീവിതയാത്രയില്‍ മുമ്പോട്ടു പോകുന്ന വിശ്വാസികളുടെ വഴികാട്ടിയാണ് തിരുവചനം. ദൈനംദിന ജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ സാഹചര്യങ്ങളെയും ദൈവകൃപയോടെ കൈകാര്യം ചെയ്യുവാന്‍ നിരന്തരമായ തിരുവചന ധ്യാനം നമ്മെ പ്രാപ്തരാക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ആയിരത്തി അറുനൂറു സംവത്സരങ്ങള്‍കൊണ്ട് വിരചിക്കപ്പെട്ട തിരുവചനത്തിന്റെ രചയിതാക്കളില്‍ രാജാക്കന്മാരും ചിന്തകന്മാരും കവികളും മുക്കുവന്മാരും വൈദ്യന്മാരും ഉള്‍പ്പെടുന്നു. വ്യത്യസ്ത തുറകളിലും നിലവാരങ്ങളിലുമുള്ള നാല്പതോളം രചയിതാക്കള്‍ പതിനാറു നൂറ്റാണ്ടുകളുടെ പല ഘട്ടങ്ങളില്‍ ജീവിച്ചിരുന്നവരായിരുന്നിട്ടും അവര്‍ രചിച്ച അറുപത്തിയാറു പുസ്തകങ്ങള്‍ പരസ്പര ബന്ധിതമായിരിക്കുന്നതുതന്നെ പരിശുദ്ധാത്മപ്രേരിതമായാണ് അവ വിരചിക്കപ്പെട്ടിരിക്കുന്നതെന്ന് വിളിച്ചറിയിക്കുന്നു. അതുകൊണ്ടുതന്നെ ഭൂമിയിലെ ഏതു ജീവിതനിലവാരത്തിലുള്ള മനുഷ്യനെയും തിരുവചനം വഴിനടത്തുന്നു. അത് തന്റെ ശത്രുക്കളെക്കാള്‍ തന്നെ ബുദ്ധിമാനാക്കുന്നു എന്ന് സങ്കീര്‍ത്തനക്കാരന്‍ സാക്ഷിക്കുന്നു (സങ്കീ. 119 : 98). ദൈവവുമായി പറ്റിനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തന്മാര്‍ക്ക് തിരുവചനം തേനിനെക്കാള്‍ അതിമധുരമാണ്. എന്തെന്നാല്‍ തിരുവചനത്തെ അനുസരിച്ച് മുമ്പോട്ടുപോകുന്നവരെ അത് വിശുദ്ധിയില്‍നിന്നു വിശുദ്ധിയിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കും. ദൈവത്തെ സമ്പൂര്‍ണ്ണമായി അനുസരിച്ച് ദൈവസ്വഭാവത്തില്‍ ജീവിച്ച് ദൈവവുമായി അലിഞ്ഞു ചേരുവാന്‍ തിരുവചനം മുഖാന്തരമൊരുക്കുന്നു. മനുഷ്യനെ പാപത്തിലേക്ക് വീഴ്ത്തുന്ന സാത്താന്റെ തന്ത്രങ്ങളും, പാപിയായ മനുഷ്യനെ രക്ഷിക്കുവാന്‍ തന്റെ ഓമനപ്പുത്രന്‍ യാഗമായിത്തീരുവാന്‍ അനുവദിച്ച ദൈവത്തിന്റെ അതുല്യസ്‌നേഹവും വിളംബരം ചെയ്യുന്ന തിരുവചനം ദൈവജനത്തിന് മാര്‍ഗ്ഗദീപമാകുന്നു. 

                            സഹോദരാ! സഹോദരീ! ദൈവത്തിന്റെ തിരുവചനം പ്രതിദിനം വായിക്കുവാനും ധ്യാനിക്കുവാനും നിനക്കു കഴിയാറുണ്ടോ? നിന്റെ ആത്മീയയാത്രയില്‍ തിരുവചന ധ്യാനം പ്രതിദിനം കര്‍ത്താവിനോടുകൂടെ നടക്കുവാന്‍ നിന്നെ സഹായിക്കുമെന്നു നീ മനസ്സിലാക്കുമോ? അനുദിനം ചില നിമിഷങ്ങളെങ്കിലും തിരുവചന ധ്യാനത്തിനായി ഇന്നുമുതല്‍ നീ വേര്‍തിരിക്കുമോ? 

ദൈവവചനം മാധുര്യമേ

മാധുര്യമേ അതിമാധുര്യമേ

എന്‍ പാതയില്‍ പ്രകാശമാം 

ദൈവ വചനമെന്നാശ്രയമേ                         നിന്‍ വചനമെന്നാനന്ദമേ...

തിരുവെഴുത്ത്

ദിവസം 42ദിവസം 44

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com