അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ഈ ജീവിതയാത്രയില്‍ നമ്മെ വെറുക്കുകയും തകര്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവരോടു പ്രതികാരം ചെയ്യുന്നില്ലെങ്കിലും അങ്ങനെയുള്ളവരുടെ നിസ്സഹായതകളില്‍നിന്ന് അവരെ കരം പിടിച്ചു കയറ്റുവാന്‍ പലപ്പോഴും ദൈവമക്കളെന്ന് അവകാശപ്പെടുന്നവര്‍പോലും മടിച്ചു നില്‍ക്കാറുണ്ട്. തന്നെ വേട്ടയാടുന്ന ശൗല്‍രാജാവിനെ കൊല്ലുവാന്‍ ഒരു ഗുഹയില്‍ പതിയിരുന്ന ദാവീദിന് അവസരം ലഭിച്ചപ്പോള്‍, യഹോവയുടെ അഭിഷിക്തനുനേരേ താന്‍ കൈ ഉയര്‍ത്തുകയില്ല എന്നു പറഞ്ഞ് ദാവീദ് തന്റെ അനുയായികളെ ശൗലിനെ ആക്രമിക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു. ദാവീദിന് അവന്റെ ഹിതംപോലെ ചെയ്യുവാന്‍ ദൈവം അനുവാദം കൊടുത്തിരുന്നിട്ടും ശൗലിനെ കൊന്ന് ഞൊടിയിടകൊണ്ട് യിസ്രായേലിന്റെ ചെങ്കോല്‍ കൈയ്ക്കലാക്കുവാന്‍ ദാവീദ് വിസമ്മതിച്ചു. എന്തെന്നാല്‍ ദൈവത്തിന്റെ അഭിഷിക്തന്റെമേല്‍ കൈ വയ്ക്കുവാന്‍ ദാവീദ് ആഗ്രഹിച്ചില്ല. തന്നോട് ശൗല്‍ കാണിക്കുന്ന അന്യായങ്ങളും അക്രമങ്ങളും ദാവീദ് നീതിയുടെ ന്യായാധിപതിയായ ദൈവത്തിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു. ഇരുപത്തിയൊന്നു പ്രാവശ്യം ശൗലിന്റെ കരങ്ങളില്‍നിന്നു തന്റെ ജീവനെ കാത്തുസൂക്ഷിച്ച ദൈവം തനിക്കുവേണ്ടി ന്യായം നടത്തുമെന്ന് ദാവീദിന് ഉറപ്പായിരുന്നു. ദാവീദിന്റെ പ്രതികരണം സസൂക്ഷ്മം വീക്ഷിച്ചിരുന്ന ദൈവം, ശൗലിനെ മാത്രമല്ല, അവന്റെ കുടുംബത്തെയും സമ്പൂര്‍ണ്ണമായി തകര്‍ത്തുകളഞ്ഞു.
ദൈവപൈതലേ! നിന്നെ പീഡിപ്പിച്ചവര്‍, കഷ്ടനഷ്ടങ്ങളിലാക്കിയവര്‍, ഉപദ്രവിച്ചിരുന്നവര്‍ നിസ്സഹായരായി അശരണരായി നിന്റെ കരവലയങ്ങളിലേക്കു വീഴുമ്പോള്‍ അവരെ ശാരീരികമായി ഉപദ്രവിക്കുകയില്ലെങ്കിലും പ്രതികാരത്തിന്റെയും വെറുപ്പിന്റെയും കൂര്‍ത്തമുനയുള്ള വാക്കുകള്‍കൊണ്ടെങ്കിലും നീ അവരെ കുത്തി മുറിവേല്പിക്കാറുണ്ടോ? അവരുടെ പ്രവൃത്തിയുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നതെന്നു പറഞ്ഞ് കൈയൊഴിയാറുണ്ടോ? നിന്നോടു പ്രവര്‍ത്തിച്ചിട്ടുള്ള അന്യായങ്ങള്‍ ദാവീദിനെപ്പോലെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ കഴിയുമോ? അത്, നീ ആരാധിക്കുന്ന സ്‌നേഹമാകുന്ന ദൈവത്തെ ദര്‍ശിക്കുവാന്‍ നിന്റെ ശത്രുവിന് മുഖാന്തരമൊരുക്കും. അപ്പോള്‍ നിന്റെ ന്യായം യഹോവ ഏറ്റെടുക്കുകയും അവന്റെ കൈ നിനക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് നീ ഓര്‍ക്കുമോ?
വേട്ടക്കാരന്‍ കെണിയില്‍നിന്നും പകര്‍ച്ചവ്യാധിയിലും
വിടുവിക്കും ദൈവത്തെ സ്തുതിച്ചീടുമേ
തന്‍ തൂവലുകള്‍ നമ്മെ മറച്ചിടും
തരുമവന്‍ ശരണം ചിറകടിയില്‍. അത്യുന്നതന്‍ മറവില്‍....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com