അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 50 ദിവസം

പരിശുദ്ധാത്മാവ് പ്രാപിച്ചതിന്റെ അടയാളമായി ചില പ്രത്യേക കൃപാവരങ്ങള്‍ പ്രകടമാകുമെന്ന് ചില ക്രൈസ്തവ സമൂഹങ്ങള്‍ വിശ്വസിക്കുന്നുണ്ട്. തങ്ങള്‍ പരിശുദ്ധാത്മ ലക്ഷണമായി കണക്കാക്കിയിരിക്കുന്ന കൃപാവരം പ്രകടമാക്കാത്തവര്‍ പരിശുദ്ധാത്മാവ് പ്രാപിച്ചുവെന്ന് അംഗീകരിക്കുവാന്‍ ഇക്കൂട്ടര്‍ വിസമ്മതിക്കുന്നു. പൊതുശുശ്രൂഷകളില്‍ ദൈവത്തെ ഉച്ചത്തില്‍ സ്‌തോത്രം ചെയ്യുന്നതും, പാടി സ്തുതിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും മാത്രമാണ് പരിശുദ്ധാത്മാവിന്റെ പ്രകടനം അഥവാ പ്രവര്‍ത്തനം എന്നു വിശ്വസിക്കുന്നവരും ധാരാളമാണ്. ഇങ്ങനെയുള്ള അനേകമായ ധാരണകള്‍ ഇന്നത്തെപ്പോലെ ആദിമ ക്രൈസ്തവസമൂഹങ്ങളും വച്ചുപുലര്‍ത്തിയിരുന്നു. അങ്ങനെയുണ്ടായിരുന്ന തെറ്റായ ധാരണകള്‍ മാറ്റുന്നതിനായി പരിശുദ്ധാത്മാവ് വസിക്കുന്ന വ്യക്തികള്‍ എങ്ങനെയുള്ളവരായിരിക്കണം എന്ന് റോമിലെ സഭയെ അപ്പൊസ്തലനായ പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നു. പരിശുദ്ധാത്മാവ് അവരില്‍ വസിക്കുന്നതിന്റെ ലക്ഷണമായി എന്തെങ്കിലും പ്രത്യേകമായ കൃപാവരങ്ങള്‍ അവര്‍ക്കുണ്ടോ എന്നല്ല പൗലൊസ് തിരക്കുന്നത്. പ്രത്യുത, പരിശുദ്ധാത്മാവ് അവരില്‍ വസിക്കുന്നുവെങ്കില്‍ അവര്‍ ജഡിക സ്വഭാവമുള്ളവരല്ല, പിന്നെയോ ആത്മസ്വഭാവമുള്ളവരായിരിക്കണമെന്ന് പൗലൊസ് അവരെ ഉദ്‌ബോധിപ്പിക്കുന്നു. എന്താണ് ജഡിക സ്വഭാവങ്ങള്‍? ലോകത്തിന്റെ മോഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദൈവത്തില്‍നിന്നു നമ്മെ അകറ്റുന്ന ജഡിക സ്വഭാവങ്ങളാണ്. ക്രിസ്തുവിന്റെ മനസ്സു പ്രാപിച്ച് ക്രിസ്തുവിനെപ്പോലെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും നമുക്കു കഴിയണം. ആരാധനകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമല്ല, അനുദിന ജീവിതത്തിലും നാം ക്രിസ്തുവിന്റെ സ്വഭാവത്തില്‍ ജീവിക്കുന്നവരാകണം. ദൈവത്തിന്റെ ആത്മാവ് ഒരുവനില്‍ വസിക്കുന്നുവെന്ന് ലോകം മനസ്സിലാക്കുന്നത് അവന്റെ ആത്മീയയാത്രയില്‍ ആത്മസ്വഭാവമുള്ളവനായി മുമ്പോട്ടു പോകുമ്പോഴാണ്. 

                          സഹോദരാ! സഹോദരീ! പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവിതമാണോ നിന്റേത്? യേശുവിനെപ്പോലെ കാണുവാനും, കേള്‍ക്കുവാനും, ക്ഷമിക്കുവാനും, സ്‌നേഹിക്കുവാനും നിനക്കു കഴിയുന്നുണ്ടോ? പരിശുദ്ധാത്മാവില്‍ നിറഞ്ഞ്, യേശുവിന്റെ മനസ്സു പ്രാപിച്ച് ജീവിക്കുവാന്‍ വിശുദ്ധിയോടും വിശ്വാസത്തോടും നീ യേശുവിന്റെ സന്നിധിയില്‍ സ്വയം സമര്‍പ്പിക്കുമോ? 

പരിശുദ്ധാത്മാവില്‍ നിന്‍ ശക്തി പ്രാപിപ്പാന്‍ 

വിശുദ്ധിയില്‍ ജീവിതം ഞാന്‍ നയിക്കുവാന്‍ 

യേശുവേ എന്നെ കാക്കുക...

യേശുവേ നിന്നെ കാട്ടുവാന്‍...                   നിന്റെ കൃപയാല്‍...

തിരുവെഴുത്ത്

ദിവസം 49ദിവസം 51

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com