അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
അസന്തുഷ്ടിയില്‍നിന്നും അസമാധാനത്തില്‍നിന്നും ഉടലെടുക്കുന്ന ദ്വേഷവും നിരാശയും നിറഞ്ഞ സംസാരമാണ് പിറുപിറുപ്പ്. പിറുപിറുപ്പ് പരിശുദ്ധാത്മാവിനെ അകറ്റിക്കളയുകയും, ദൈവത്തിന്റെ കോപത്തെ ജ്വലിപ്പിക്കുകയും ചെയ്യുമെന്ന് ഒന്നാം യിസ്രായേലിന്റെ ചരിത്രം നമ്മെ വിളിച്ചറിയിക്കുന്നു. യഹോവയാം ദൈവത്തിന്റെ കല്പനയനുസരിച്ച് മോശെ കനാന്‍ദേശം രഹസ്യമായി പരിശോധിക്കുവാന്‍ അയച്ച ഗോത്രത്തലവന്മാരില്‍ കാലേബും യോശുവയും ഒഴികെയുള്ള പത്തു പേര്‍ കനാന്‍ദേശം പിടിച്ചടക്കുന്നത് അസാദ്ധ്യമാണെന്നും അവിടെയുള്ള അനാക്യമല്ലന്മാരുടെ മുമ്പില്‍ തങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നിയെന്നും പറഞ്ഞപ്പോള്‍ യിസ്രായേല്‍മക്കള്‍ എല്ലാവരും ഉറക്കെ നിലവിളിച്ചുകരഞ്ഞു. അവര്‍ മോശെയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. യഹോവയാം ദൈവം അവര്‍ക്കായി വാഗ്ദത്തം ചെയ്ത കനാനിന്റെ പടിവാതിലില്‍ നിന്ന് അവര്‍ പിറുപിറുക്കുമ്പോള്‍ അനേകമനേകം അത്ഭുതങ്ങളാല്‍ മിസ്രയീമ്യ അടിമത്തത്തില്‍നിന്നും അവരെ വിടുവിച്ച് ചെങ്കടല്‍ പിളര്‍ന്ന് മാറായെ മധുരമാക്കി പകല്‍ മേഘസ്തംഭവും രാത്രി അഗ്‌നിസ്തംഭവുമായി അവരെ അവിടെവരെ എത്തിച്ച ദൈവത്തെ അവര്‍ മറന്നു. അപ്പോള്‍ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തില്‍ പ്രത്യക്ഷമായി. ''യിസ്രായേല്‍മക്കള്‍ എനിക്ക് എതിരായി പിറുപിറുക്കുന്നത് ഞാന്‍ കേട്ടിരിക്കുന്നു'' എന്ന് അരുളിച്ചെയ്ത ദൈവം ഇരുപതു വയസ്സും അതിലധികവും പ്രായമുള്ള എണ്ണപ്പെട്ടവരായി തന്റെനേരേ പിറുപിറുത്ത ആരും കനാനില്‍ പ്രവേശിക്കുകയില്ലെന്ന് അരുളിച്ചെയ്തു. അവര്‍ ദൈവത്തിന്റെ കോപത്തിനിരയായി നാലു പതിറ്റാണ്ടുകള്‍ ആ മരുഭൂമിയില്‍ ഉഴന്ന് അവിടെ ചത്തൊടുങ്ങി.
സഹോദരങ്ങളേ! ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ താമസങ്ങള്‍ നേരിടുമ്പോള്‍ അവ പ്രാവര്‍ത്തികമാക്കുവാന്‍ കാത്തിരിക്കുന്ന അവസ്ഥയില്‍ കഷ്ടങ്ങളും നഷ്ടങ്ങളും അപ്രതീക്ഷിത പ്രതിസന്ധികളും കടന്നുവരുമ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ നിങ്ങളെ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തെയും അവന്റെ ഇടയന്മാരെയും മറന്നുകൊണ്ട് നിങ്ങള്‍ പിറുപിറുക്കാറുണ്ടോ? പിറുപിറുപ്പ് ഉടലെടുക്കുന്നത് ദൈവത്തിലുള്ള പ്രത്യാശ നഷ്ടമാകുമ്പോഴാണ്. അത് ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നഷ്ടമാക്കിക്കളയുമെന്ന് ഓര്‍ക്കുമോ? ഈ അവസരത്തില്‍ നിന്റെ കുറവുകള്‍ സമ്മതിച്ചു പ്രാര്‍ത്ഥിക്കുക!
യഹോവ തന്നെ ദൈവം
യഹോവ നമ്മുടെ ദൈവം
യഹോവ നമ്മെ പരിപാലിക്കും
യഹോവ നമ്മെ സൂക്ഷിക്കും പാരിടത്തില്‍ പാടും...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com