അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 60 ദിവസം

മാനുഷിക ബുദ്ധിയില്‍ അസാദ്ധ്യമെന്നു തോന്നുന്ന പല വിഷയങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും ദൈവത്തിന് അവ സുസാദ്ധ്യമാണെന്ന വിശ്വാസം പലര്‍ക്കും കുറവാണ്. ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് വിശ്വാസത്തോടെ കാത്തിരിക്കുമ്പോഴാണ്. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് തനിക്ക് ഒരു മകനെ നല്‍കാമെന്ന് ദൈവം വാഗ്ദത്തം ചെയ്തപ്പോള്‍ അതു വിശ്വസിക്കുവാന്‍ സാറായ്ക്കു ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉല്‍പാദനശേഷി മാത്രമല്ല സ്ത്രൈണസവിശേഷതകള്‍പോലും മുരടിച്ച് ജീവിതത്തിന്റെതന്നെ അവസാന ദശയിലെത്തിനില്‍ക്കുന്ന സാറാ, താന്‍ ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിക്കുമെന്ന് കേട്ടപ്പോള്‍ ചിരിച്ചുപോയി. തൊണ്ണൂറിലെത്തി നില്‍ക്കുന്ന ഒരു വൃദ്ധ ഗര്‍ഭം ധരിക്കുമെന്ന് ഇന്ന് ദൈവം, അരുളിച്ചെയ്തിരുന്നാലും അതു കേള്‍ക്കുന്ന ലോകത്തിന്റെ പ്രതികരണം പൊട്ടിച്ചിരിയായിരിക്കും. ആ ചിരിയുടെ പശ്ചാത്തലത്തിലാണ് യഹോവയാം ദൈവം ചോദിക്കുന്നത്  'യഹോവയാല്‍ അസാദ്ധ്യമായ എന്തെങ്കിലും കാര്യം ഉണ്ടോ?' ദൈവം സാറായോടു കോപിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. അതിന്റെ കാരണം 100 വയസ്സായിട്ടും യഹോവയാം ദൈവം തനിക്കൊരു പുത്രനെ നല്‍കുമെന്നുള്ള വാഗ്ദത്തം 25 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അവളുടെ 100 വയസ്സായ ഭര്‍ത്താവ് അത് അതേപടി വിശ്വസിച്ചുവെന്നതാണ്. തന്നെ വിളിച്ചു വേര്‍തിരിച്ച്, അനുദിനം വഴിനടത്തുന്ന സര്‍വ്വശക്തനായ ദൈവത്തിന് ഏതു കാര്യവും സാദ്ധ്യമാണെന്ന് അബ്രാഹാം ഉറച്ചു വിശ്വസിച്ചിരുന്നു. അത് വരണ്ട അവരുടെ കുടുംബജീവിതത്തിലേക്ക് യിസ്ഹാക്കിനെ നല്‍കുവാന്‍ തക്കവണ്ണം ദൈവസന്നിധിയില്‍ പ്രസാദകരമായിരുന്നു. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാക്കിയ അബ്രാഹാം തലമുറയുടെ നിത്യനിക്ഷേപമായിത്തീര്‍ന്നു. മാത്രമല്ല, തന്റെ അചഞ്ചലമായ വിശ്വാസത്താല്‍ അബ്രാഹാം വിശ്വാസികളുടെ പിതാവായിത്തീര്‍ന്നു. 

                       സഹോദരങ്ങളേ! നിങ്ങള്‍ കുടുംബജീവിതം എങ്ങനെയാണ് നയിക്കുന്നത്? ദൈവത്തില്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ച് ഏകമനസ്സോടുകൂടെ നിങ്ങള്‍ക്കു മുന്നോട്ടു പോകുവാന്‍ കഴിയുന്നുവോ? എങ്കില്‍ നിങ്ങളുടെ കുടുംബജീവിതവും തലമുറകളും അനുഗ്രഹിക്കപ്പെടുമെന്നു നീ മനസ്സിലാക്കുമോ? 

എന്റെ ദൈവത്താല്‍ അസാദ്ധ്യമല്ലൊന്നും 

എന്റെ ദൈവത്താല്‍ സുസാദ്ധ്യമാണെല്ലാം 

അസാദ്ധ്യമെന്നൊന്നില്ല സുസാദ്ധ്യമാണെല്ലാം

എന്റെ ദൈവം സര്‍വ്വശക്തനാം ദൈവം

തിരുവെഴുത്ത്

ദിവസം 59ദിവസം 61

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com