അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 59 ദിവസം

കാരാഗൃഹം മനുഷ്യസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ഇടമാണ്. ഇരുട്ടു നിറഞ്ഞ ഇരുമ്പഴികള്‍ക്കുള്ളിലെ ഏകാന്തതയും തടവിലാക്കപ്പെട്ടവരോടുള്ള ക്രൂരമായ പീഡനങ്ങളും കാരാഗൃഹവാസത്തെ ഭയാനകമാക്കുന്നു. പത്രൊസിനെ കാരാഗൃഹത്തിലടച്ച യെഹൂദാസഭാമേധാവികള്‍ അവന്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പു വരുത്തുവാനായി അവന്റെ കാലുകള്‍ ആമത്തിലിട്ട്, കൈകള്‍ ഇടത്തും വലത്തുമുള്ള ഓരോ പടയാളികളുടെ കൈകളുമായി ചങ്ങലകളാല്‍ ബന്ധിച്ചു. പ്രഭാതത്തില്‍ പത്രൊസിനെ കൊല്ലുവാനുള്ള ആലോചനയുമായി അധികാരികള്‍ ഉറങ്ങുമ്പോള്‍ രാപ്പകലില്ലാതെ തന്റെ ഭക്തന്മാരെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന കര്‍ത്താവ് തന്റെ ദൂതനെ ആ കാരാഗൃഹത്തിലേക്ക് അയച്ചു. ഇരുള്‍ നിറഞ്ഞ കാരാഗൃഹത്തിന്റെ ഉള്ളറയിലേക്ക് ദൂതന്‍ കടന്നുചെന്നപ്പോള്‍, അവിടം പ്രകാശമയമായി. ''വേഗം എഴുന്നേല്ക്കുക''എന്നു പറഞ്ഞ് ദൂതന്‍ പത്രൊസിനെ ഉണര്‍ത്തി. അപ്പോള്‍ പത്രൊസ് രക്ഷപ്പെടാതിരിക്കുവാന്‍ അവനെ ഇരുവശത്തുമുണ്ടായിരുന്ന പടയാളികളുമായി ബന്ധിപ്പിച്ചിരുന്ന ചങ്ങലകള്‍ അവര്‍ ഉണരാതെ അവന്റെ കൈകളില്‍നിന്നു വീണുപോയി. ദൂതന്‍ പറഞ്ഞപ്രകാരം അരകെട്ടി ചെരുപ്പ് ഇട്ടുമുറുക്കി, വസ്ത്രം പുതച്ച് ദൂതന്റെ പിന്നാലെ ചെന്ന പത്രൊസ്, താന്‍ ഒരു ദര്‍ശനം കാണുന്നു എന്നാണ് വിചാരിച്ചത്. ദൂതന്‍ പത്രൊസിനെ ഒന്നും രണ്ടും വാതിലുകളിലൂടെ കടത്തി പട്ടണത്തിലേക്കുള്ള ഇരുമ്പുവാതില്‍ക്കല്‍ എത്തിയപ്പോള്‍ അത് അവര്‍ക്കായി തനിയേ തുറന്നു. അവര്‍ പുറത്തിറങ്ങി ഒരു തെരുവു കടന്നപ്പോള്‍ ദൂതന്‍ അവനെ വിട്ടുപോയി. 

                ദൈവപൈതലേ! നീ ഇന്ന് ഒരു കാരാഗൃഹത്തിന്റെ ക്രൂരമായ അനുഭവത്തിലൂടെ ഏകാകിയായി കടന്നുപോകുന്നുവോ? പ്രതികൂലങ്ങളാകുന്ന കനത്ത മതില്‍ക്കെട്ടുകളും പ്രതിബന്ധങ്ങളാകുന്ന ഇരുമ്പഴികളും നിന്റെ മുമ്പോട്ടുള്ള ഗമനത്തെ തടഞ്ഞിരിക്കുന്നുവോ? പ്രശ്‌നങ്ങളാകുന്ന ചങ്ങലകളാല്‍ നീ ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? എങ്കില്‍ നിരാശപ്പെടാതെ കര്‍ത്താവിനോടു നിലവിളിക്കൂ! പത്രൊസിനെ കാരാഗൃഹത്തിന്റെ ഉള്ളറയില്‍നിന്നു വിടുവിച്ച കര്‍ത്താവ് ഇന്നും ജീവിക്കുന്നു. അവന്‍ നിന്നെയും വിടുവിക്കുവാന്‍ മതിയായവനാണെന്നു നീ ഓര്‍മ്മിക്കുമോ? ഈ അവസരത്തില്‍ കണ്ണുനീരോടെ അവനെ വിളിച്ചപേക്ഷിക്കുവാന്‍ നീ തയ്യാറാകുമോ? 

തന്നിലാശ്രയിക്കുന്നവരെ എന്നുമെന്നേക്കും. 

രക്ഷിച്ചീടുമെന്‍ ദൈവത്തിനു സ്‌തോത്രം 

സ്‌തോത്രമെന്‍ ദൈവമേ.                               ഭൂതലമെങ്ങും സ്‌തോത്രങ്ങള്‍...

ദിവസം 58ദിവസം 60

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com