അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 63 ദിവസം

നാം വിശുദ്ധ ആരാധനകളിലും ദൈവിക ശുശ്രൂഷകളിലും സംബന്ധിക്കുമ്പോള്‍ കാണിക്ക ഇടാറുണ്ട്. പാരമ്പര്യത്തിന്റെ ഒരു തുടര്‍ച്ചയായി മാത്രം അതിനെ കണക്കാക്കി കാണിക്ക അര്‍പ്പിക്കാത്തവരും, വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള ആദായസൂത്രമായി അതിനെ വിശേഷിപ്പിച്ച് കാണിക്ക അര്‍പ്പിക്കാതെ അതിനെ വിമര്‍ശിക്കുന്നവരും അനവധിയാണ്. ഏറ്റവും ചെറിയ മൂല്യമുള്ളതും മറ്റെങ്ങും ചെലവഴിക്കുവാന്‍ കഴിയാത്തതുമായ നാണയത്തുട്ടുകള്‍ കാണിക്കയായി അര്‍പ്പിക്കുന്നവരും കുറവല്ല. ദൈവത്തിന്റെ തിരുസന്നിധിയിലാണ് നാം കാണിക്ക അര്‍പ്പിക്കുന്നതെന്ന വലിയ പരമാര്‍ത്ഥം മറന്നുപോകുമ്പോഴാണ് ഇപ്രകാരം പ്രവര്‍ത്തിക്കുവാന്‍ മുതിരുന്നത്. നാം കാണിക്ക അര്‍പ്പിക്കുന്നതെന്താണെന്ന് മറ്റാരും അറിയുന്നില്ലെന്ന ധാരണയാണ് അനേകര്‍ക്കുമുള്ളത്. ഓരോരുത്തരും അര്‍പ്പിക്കുന്നതെന്തെന്ന് സസൂക്ഷ്മം വീക്ഷിക്കുന്ന കര്‍ത്താവ് നമ്മുടെ ചാരത്തുണ്ടെന്നുള്ളത് പലപ്പോഴും നാം ഓര്‍ക്കാറില്ല. തന്റെ ശിഷ്യന്മാരുമൊത്ത് യെരൂശലേംദൈവാലയത്തില്‍ കാണിക്കവഞ്ചിക്കു സമീപമായി നിന്നിരുന്ന കര്‍ത്താവ് കാണിക്കയിടുന്ന ഓരോരുത്തരെയും നിരീക്ഷിച്ചുകൊണ്ടിരുന്നു. സാധുവായ ഒരു സ്ത്രീ രണ്ടു ചില്ലിക്കാശിട്ടപ്പോള്‍ തന്റെ ശിഷ്യന്മാരോട് 'എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണല്ലോ വഴിപാട് ഇട്ടത്;  ഇവളോ തന്റെ ഇല്ലായ്മയില്‍നിന്ന് തന്റെ ഉപജീവനത്തിനുള്ളതൊക്കെയും ഇട്ടിരിക്കുന്നു' എന്നു പറഞ്ഞു. 

                        സഹോദരാ! സഹോദരീ! ആവശ്യങ്ങളുടെ കൂമ്പാരങ്ങളുമായി നീ ദൈവസന്നിധിയില്‍ കൈകള്‍ മലര്‍ത്തുമ്പോള്‍, നിന്റെ അതേ കൈകള്‍കൊണ്ട് കാണിക്കയായി, കാഴ്ചയായി ദൈവം അതുവരെ നിനക്കു തന്ന അനുഗ്രഹങ്ങളില്‍നിന്ന് ദൈവത്തിന് നീ എന്താണ് അര്‍പ്പിക്കുന്നതെന്നും ഏത് അവസ്ഥയിലാണ് അത് അര്‍പ്പിക്കുന്നതെന്നും സശ്രദ്ധം നിരീക്ഷിക്കുന്ന ദൈവത്തോടാണ്, അനുഗ്രഹങ്ങള്‍ യാചിക്കുന്നതെന്ന് നീ ഓര്‍ക്കുമോ? കര്‍ത്താവില്‍നിന്ന് അളവില്ലാത്ത അനുഗ്രഹങ്ങള്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ''കൊടുക്കുവിന്‍; എന്നാല്‍ നിങ്ങള്‍ക്കും കിട്ടും; അമര്‍ത്തിക്കുലുക്കി, നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും'' എന്നുള്ള കര്‍ത്താവിന്റെ വാഗ്ദത്തം ഓര്‍ക്കുമോ? അതു പ്രാവര്‍ത്തികമാക്കുമ്പോള്‍ കര്‍ത്താവ് സമൃദ്ധിയുടെ വാതായനങ്ങള്‍ നിനക്കായി തുറന്നു തരും. 

എന്‍ മനമെ യഹോവയെ വാഴ്ത്തുക 

വാഴ്ത്തുക നീ വാഴ്ത്തുക 

അവന്‍ ഉപകാരങ്ങള്‍ ഒന്നും നീ 

മറക്കരുത് നീ മറക്കരുത്

തിരുവെഴുത്ത്

ദിവസം 62ദിവസം 64

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com