അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 68 ദിവസം

യൗവനം മനുഷ്യജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്. യൗവനത്തില്‍ ശരീരം പൂര്‍ണ്ണ വളര്‍ച്ചയിലെത്തി പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നു. ഈ ജീവിതയാത്രയിലെ ഓട്ടക്കളത്തില്‍ പ്രതിബന്ധങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലൂടെ ഓടുമ്പോള്‍ കായിക ബലത്തിന്റെയും വളര്‍ച്ചയുടെയും പരമകാഷ്ഠയിലെത്തിനില്‍ക്കുന്ന യൗവനക്കാര്‍പോലും വീണുപോകും. എന്നാല്‍ പ്രതിസന്ധികള്‍ക്കോ പ്രതിബന്ധങ്ങള്‍ക്കോ തളര്‍ത്തുവാന്‍ കഴിയാത്ത ഒരു കൂട്ടരുണ്ട്  ''യഹോവയില്‍ പ്രത്യാശ വയ്ക്കുന്നവര്‍.'' കഷ്ടങ്ങള്‍ കാലങ്ങളായി അവരെ കാര്‍ന്നുതിന്നാലും, നഷ്ടങ്ങള്‍ നിരന്തര നാശങ്ങളായി ജീവിതത്തെ നീറ്റിപ്പുകച്ചാലും, അവയിലൊന്നും ഭയപ്പെടാതെ, നിരാശപ്പെടാതെ, ദൈവത്തെ വിശ്വസിച്ചിറങ്ങിത്തിരിച്ച അവര്‍ ദൈവത്തില്‍ പ്രത്യാശ വച്ചുകൊണ്ട് ദൈവം പ്രവര്‍ത്തിക്കുന്ന നിമിഷംവരെയും കാത്തിരിക്കും. യഹോവ കടന്നുവന്ന് അവരുടെ ശക്തിയെ പുതുക്കും. വാര്‍ദ്ധക്യത്തിലെത്തുന്ന കഴുകന്റെ തൂവലുകള്‍ കൊഴിഞ്ഞുപോകുമ്പോള്‍ പുതിയ തൂവലുകള്‍ കിളിര്‍ക്കുന്നതിനായി അവന്‍ ക്ഷമയോടെ കാത്തിരിക്കുന്നു. പുത്തന്‍ തൂവലുകള്‍ കിളിര്‍ക്കുമ്പോള്‍ പുത്തന്‍ യൗവനവുമായി അവന്‍ അനന്തവിഹായസ്സിലേക്കു പറന്നുയരുന്നു. ഇപ്രകാരം കഴുകനെപ്പോലെ പ്രതിബന്ധങ്ങളെയും പ്രതികൂലങ്ങളെയും തരണം ചെയ്ത്, തളര്‍ന്നുപോകാതെ ഈ ജീവിതയാത്രയില്‍ മുന്നേറുവാന്‍ നമുക്കു കഴിയണമെങ്കില്‍ യഹോവയില്‍ പ്രത്യാശ വച്ച് അവനായി കാത്തിരിക്കണം. 

                        ദൈവത്തിന്റെ പൈതലേ! ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ ക്ഷീണിച്ചു തളര്‍ന്നവനായിട്ടാണോ നീ ഈ പ്രഭാഷണം ശ്രദ്ധിക്കുന്നത്? ദൈവം പ്രവര്‍ത്തിക്കുന്നതിനായി കാത്തുകാത്തിരുന്ന് ആ സമയം നീണ്ടുപോകുന്നതില്‍ നിരാശനായി ഈ ഓട്ടക്കളത്തില്‍ തളര്‍ന്നവനായിട്ടാണോ ഈ അവസരത്തില്‍ നീ ദൈവസന്നിധിയിലേക്കു കടന്നുവന്നിരിക്കുന്നത്? എങ്കില്‍ ദാവീദിനെപ്പോലെ നീയും പാടുക, 'എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്? ദൈവത്തില്‍ പ്രത്യാശവയ്ക്കുക; അവന്‍ എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു.' അപ്പോള്‍ നിന്നെ തളര്‍ത്തുന്ന, തകര്‍ക്കുന്ന പ്രശ്‌നങ്ങളുടെമീതേ കഴുകനെപ്പോലെ ചിറകടിച്ചുയരുവാന്‍ ദൈവം നിനക്കു ശക്തി നല്‍കുമെന്നു നീ മനസ്സിലാക്കുമോ? 

വൈരികളേഴയെ തകര്‍ത്തിടുവാന്‍ തീ

അമ്പുകളെയ്യും വേളകളില്‍ 

കഴുകനെപ്പോല്‍ ഞാന്‍ ചിറകടിച്ചുയരുമെന്‍ 

പാറയാമേശുവില്‍ മറയും.                             ഭയമിനി വേണ്ടാ...

തിരുവെഴുത്ത്

ദിവസം 67ദിവസം 69

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com