അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 71 ദിവസം

ആധുനിക സാമൂഹ്യ സംസ്‌കാരത്തിന്റെ ഒരു ഭാഗമായി മദ്യപാനം തീര്‍ന്നിരിക്കുന്നു. ക്രൈസ്തവ സമൂഹങ്ങളില്‍ മാമോദീസാ, വിവാഹം തുടങ്ങിയ ശുശ്രൂഷകള്‍ക്കുശേഷം നടത്തപ്പെടുന്ന വിരുന്നുകളില്‍ മദ്യത്തിനുള്ള സ്ഥാനം പരസ്യമായ രഹസ്യമാണ്. നമ്മുടെ കര്‍ത്താവ് വെള്ളത്തെ വീഞ്ഞാക്കിയതുകൊണ്ട് അല്പം മദ്യപിക്കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവരും, ''അജീര്‍ണ്ണതയ്ക്ക് അല്പമായാല്‍ കുഴപ്പമില്ല'' എന്ന് അപ്പൊസ്തലനെ ഉദ്ധരിക്കുന്നവരും, വീഞ്ഞു കുടിച്ചു മത്തരാകരുതെന്നു മാത്രമാണ് തിരുവചനത്തിലുള്ളതെന്നു പറഞ്ഞ് പഴുതു കണ്ടെത്തുന്നവരും ദൈവമക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ സമൂഹത്തിലും അനവധിയാണ്. ദൈവകൃപ പ്രാപിച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരിക്കല്‍ നടത്തുന്ന മദ്യപാനത്തിനുപോലും വരുത്തിവയ്ക്കുവാന്‍ കഴിയുന്ന കറുത്ത പാടിന്റെ വ്യക്തമായ ചൂണ്ടുപലകയാണ് വീഞ്ഞു കുടിച്ച് ലഹരിപിടിച്ചു നഗ്‌നനായി കിടന്ന നോഹയുടെ ചരിത്രം. ദൈവത്തോടുകൂടെ നടന്ന നോഹ തന്റെ തലമുറയില്‍ നീതിമാനും നിഷ്‌കളങ്കനുമായിരുന്നു. അവന്‍ യഹോവയുടെ കൃപ ലഭിച്ചവനായിരുന്നു (ഉല്‍പത്തി 6 : 8, 9). താന്‍ നട്ടുണ്ടാക്കിയ മുന്തിരിത്തോട്ടത്തിലെ വീഞ്ഞ് നോഹ കുടിക്കുവാനാഗ്രഹിച്ചപ്പോള്‍ അത് ദൈവകൃപ നിറഞ്ഞ തന്റെ ആത്മീയ ജീവിതത്തില്‍ വരുത്തുവാന്‍ പോകുന്ന കറുത്ത പാടിനെക്കുറിച്ച് അവന്‍ ചിന്തിച്ചില്ല. നോഹ കുടിച്ചു; അവന്‍ ലഹരിപിടിച്ച് നഗ്‌നനായി കിടന്നു; ആ ലഹരിയാല്‍ അഗാധനിദ്രയില്‍ ആണ്ടുപോയതു നിമിത്തം ഉണ്ടായ സംഭവവികാസങ്ങളാണ് തന്റെ പൗത്രനെ ശപിക്കുവാന്‍ നോഹയ്ക്ക് മുഖാന്തരമൊരുക്കിയത്. 

                         ദൈവപൈതലേ! സാമൂഹ്യ മര്യാദകളുടെ ഭാഗമാകുവാന്‍, സ്‌നേഹബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍, വല്ലപ്പോഴുമൊരിക്കല്‍ നീ മദ്യപിക്കാറുണ്ടോ? ദൈവകൃപയില്‍ ജീവിക്കുന്ന നീ മദ്യപിച്ചാല്‍ അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും. എന്തെന്നാല്‍ പരിശുദ്ധാത്മാവിന്റെ ലഹരി അനുഭവിച്ച നീ, മദ്യത്തിന്റെ ലഹരിയില്‍ സ്വയം മറന്നുപോകുമ്പോള്‍ നിന്നെ നശിപ്പിക്കുവാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന സാത്താന്‍ നിന്നെ തകര്‍ത്തുകളയും. അത് ദൈവവുമായുള്ള നിന്റെ ബന്ധത്തില്‍ ഒരിക്കലും മായാത്ത കറുത്ത പാടുകള്‍ സൃഷ്ടിക്കും. നീ മദ്യത്തെ നോക്കുമ്പോള്‍ ദൈവത്തോടുകൂടി നടന്ന നോഹയ്ക്ക് വീഞ്ഞു കുടിച്ച് ലഹരി പിടിച്ചതു നിമിത്തം ഉണ്ടായ ഭവിഷ്യത്ത് ഓര്‍ക്കുമോ? 

നിന്‍ പാപങ്ങള്‍ കടുംചുവപ്പായിരുന്നാലും 

ഹിമം പോലെ വെള്ളയാകും                         യേശു പാപം...

തിരുവെഴുത്ത്

ദിവസം 70ദിവസം 72

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com