അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 75 ദിവസം

മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കുവാനുള്ള സംവിധാനങ്ങള്‍ ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. കളിപ്പന്തുകളിലോ, സൈക്കിള്‍ ട്യൂബുകളിലോ കാറ്റടിച്ചു കയറ്റുന്നതുപോലെ ശ്വാസം നല്‍കി ഒരു നിമിഷംപോലും ജീവന്‍ നിലനിര്‍ത്തുവാന്‍ അത്യന്താധുനിക ചികിത്സാ സംവിധാനങ്ങള്‍ക്ക് സാദ്ധ്യമല്ലെന്ന് ഭോഷനായ മനുഷ്യന്‍ ചിന്തിക്കുന്നതേയില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും പെരുമയുടെയും ഉത്തുംഗശൃംഗങ്ങളില്‍ എത്തിനില്‍ക്കുന്ന മനുഷ്യന്‍, തന്റെ ധനംകൊണ്ടും സ്ഥാനമാനങ്ങള്‍കൊണ്ടും ഈ മണ്ണില്‍ ഉറപ്പിച്ചിരിക്കുന്ന തന്റെ ചുവടുകള്‍ക്ക് ഒരു കേവല ശ്വാസത്തിന്റെ ബലം മാത്രമാണുള്ളതെന്നു ചിന്തിക്കുന്നില്ല. പുല്‍മാലിയില്‍നിന്ന് യിസ്രായേലിന്റെ സിംഹാസനത്തിലേക്ക് ദൈവം ഉയര്‍ത്തിയ ദാവീദിന് തന്റെ ആയുസ്സിന്റെ നീളം നാലുവിരലുകളില്‍ അധികമില്ലെന്നും, ദൈവത്തിന്റെ തിരുമുമ്പില്‍ അത് ഏതുമില്ലെന്നും, മനുഷ്യന്‍ ഒരു ശ്വാസം മാത്രമാണെന്നും യഥാര്‍ത്ഥമായി അറിയാമായിരുന്നു. എന്തെന്നാല്‍ മണ്ണായിരുന്ന മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നത് യഹോവയാം ദൈവം അവന്റെ മൂക്കില്‍ ജീവശ്വാസം ഊതിയപ്പോള്‍ മാത്രമായിരുന്നു. നമ്മില്‍ ജീവശ്വാസം ഊതിയ സര്‍വ്വശക്തനായ ദൈവത്തിനു മാത്രമേ, നമ്മുടെ ആയുസ്സിനെ നിലനിര്‍ത്തുവാനോ നീട്ടിത്തരുവാനോ കഴിയുകയുള്ളു എന്ന് നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ നാം ഓര്‍ക്കാറില്ല. നാം നേടിയെടുക്കുന്ന പണവും പ്രതാപങ്ങളും നമ്മുടെ ജീവനെ ആധുനിക ചികിത്സാ സംവിധാനങ്ങളിലൂടെ രക്ഷിക്കുവാനും നിലനിര്‍ത്തുവാനും കഴിയുമെന്ന അഹന്ത ഉടലെടുക്കുമ്പോഴാണ് ക്ഷണികമായ നമ്മുടെ ആയുസ്സ് ദൈവകരങ്ങളിലാണെന്ന് ഓര്‍മ്മിക്കുവാന്‍ നമുക്ക് കഴിയാത്തത്. യിസ്രായേലിന്റെ ചെങ്കോല്‍ കൈയിലുണ്ടായിരുന്നിട്ടും തന്റെ ആയുസ്സ് ദൈവത്തിന്റെ കരങ്ങളിലാണെന്ന ബോധം ദാവീദിന് എപ്പോഴുമുണ്ടായിരുന്നു. 

                             സഹോദരാ! സഹോദരീ! നിന്റെ ഭാവിക്കുവേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നിന്റെ നാളെകള്‍ ദൈവകരങ്ങളിലാണെന്ന് നീ ഓര്‍മ്മിക്കുമോ? ദൈവത്തെക്കുറിച്ച് ചിന്തിക്കുവാനോ, ദൈവത്തിനായി എന്തെങ്കിലും പ്രവര്‍ത്തിക്കുവാനോ കഴിയാതെ മുന്നോട്ടോടുമ്പോള്‍, നീ ഒരു ശ്വാസം മാത്രമാണെന്നും, അത് ദൈവകരങ്ങളിലാണെന്നും ഈ പ്രഭാതത്തില്‍ നീ മനസ്സിലാക്കുമോ? ഭാവിയെക്കുറിച്ചുള്ള നിന്റെ സ്വപ്‌നങ്ങള്‍ ഒരു ശ്വാസത്തില്‍ മാത്രമാണ് നിലകൊള്ളുന്നതെന്നും അത് അത്യുന്നതനായ ദൈവത്തിന്റെ കരങ്ങളിലാണെന്നും നീ ഒരിക്കലും മറക്കരുത്! 

ആയുസ്സില്‍ പുകഴുവോനാര് ?

ആരോഗ്യത്തില്‍ പുകഴുവോനേത് ? 

ആയുസ്സാരോഗ്യമെല്ലാമെല്ലാം 

യേശുവിന്‍ ദാനമല്ലേ?.....           എനിക്കൊന്നും...

തിരുവെഴുത്ത്

ദിവസം 74ദിവസം 76

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com