അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവായ യേശുക്രിസ്തുവിനെ രുചിച്ചറിയുന്ന പലര്‍ക്കും തങ്ങള്‍ കണ്ടെത്തിയ മശീഹായെക്കുറിച്ച് മറ്റുള്ളവരോടു പറയുവാന്‍ സങ്കോചമാണ്. ഇടവകയിലും സഭയിലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ ഭയന്നു മിണ്ടാതിരിക്കുന്നവരും, തങ്ങളുടെ ''മുഖ്യാസനങ്ങള്‍'' നഷ്ടമായിപ്പോകുമെന്നുള്ള ആശങ്കയാല്‍ മൗനമവലംബിക്കുന്നവരും ഉണ്ട്. ഇങ്ങനെയുള്ള സഹോദരങ്ങള്‍ക്ക് മശീഹായെ കണ്ടെത്തിയ അന്ത്രെയാസിന്റെ പ്രതികരണം മാതൃകയാകണം. യോഹന്നാന്‍സ്നാപകന്‍ അന്ത്രെയാസിന് ലോകരക്ഷിതാവായ യേശുവിനെ കാട്ടിക്കൊടുത്തപ്പോള്‍ അവന് യേശുവിന്റെ പാര്‍പ്പിടം തേടി അവനെ അനുഗമിച്ചു. യേശു വരുവാനുള്ള മശീഹാ ആണെന്ന് ആ രാത്രിയില്‍ അന്ത്രെയാസിനു മനസ്സിലായി. മറ്റാരെയും തന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ യേശു അവനോട് ആവശ്യപ്പെട്ടില്ല. പക്ഷേ അതിരാവിലെ സന്തോഷാതിരേകത്താല്‍ അവന് തന്റെ സഹോദരനായ ശിമോന്റെ അടുത്തേക്ക് ഓടി. മശിഹായെ കണ്ടെത്തിയ വാര്‍ത്ത അവനെ അറിയിക്കുക മാത്രമല്ല, ശിമോനെ യേശുവിന്റെ സന്നിധിയിലേക്കു കൂട്ടിക്കൊണ്ടു ചെല്ലുകയും ചെയ്തു. അന്ത്രെയാസ് ഉള്‍പ്പെടുന്ന ശിഷ്യസമൂഹത്തിന്റെ തലവനാകുവാന്‍, ആയിരം പതിനായിരങ്ങളെ യേശുവിനുവേണ്ടി നേടുവാന്‍ ശിമോന് അതു മുഖാന്തരമൊരുക്കി. പത്രൊസിനെപ്പോലെ പ്രസിദ്ധനല്ലെങ്കിലും ''മശീഹായെ കണ്ടെത്തി'' എന്നു പ്രഖ്യാപിച്ച, പത്രൊസിനെ കൂട്ടിക്കൊണ്ടുവന്ന അന്ത്രയാസിന് കര്‍ത്താവിന്റെ സന്നിധിയില്‍ വലിയ സ്ഥാനമാണുള്ളത്.
സഹോദരാ! സഹോദരീ! ജീവിതത്തിന്റെ ഏതെങ്കിലുമൊരവസരത്തില്‍ യേശുവിന്റെ സ്നേഹവും ശക്തിയും രുചിച്ചറിഞ്ഞതുകൊണ്ടായിരിക്കും നീ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത്. നീ രുചിച്ചറിഞ്ഞ ഈ നല്ല കര്‍ത്താവിനെക്കുറിച്ച് അന്ത്രെയാസിനെപ്പോലെ ആവേശത്തോടെ നിന്റെ സഹോദരങ്ങളോടോ, നിന്റെ ബന്ധുമിത്രാദികളോടോ, നിന്റെ ഇടവകാംഗങ്ങളോടോ പറയുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? നിനക്കു പ്രസംഗിക്കുവാനോ പാടുവാനോ കഴിയുകയില്ലായിരിക്കാം. പക്ഷേ നീ കൂട്ടിക്കൊണ്ടുവരുന്ന ഒരു വ്യക്തിയെ കര്‍ത്താവ് ഉപയോഗിക്കുമ്പോള്‍ നീ കര്‍ത്താവിന്റെ വാത്സല്യ മകനായി, മകളായിത്തീരുമെന്ന് മനസ്സിലാക്കുമോ?
യേശുവിന് സാക്ഷ്യമായ് പോയീടാം നാം
യേശുവിനായ് ജീവിക്കാം
സര്‍വ്വ കാലത്തിലും സര്‍വ്വ നേരത്തിലും
യേശുവേ ലോകത്തില്‍ കാട്ടീടാം പോയിടാം നാം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com