അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവാലയങ്ങളിലെ വിശുദ്ധ ആരാധനകളില്‍ പങ്കെടുക്കുമ്പോഴും കണ്‍വെന്‍ഷന്‍ പന്തലുകളില്‍ ഇരിക്കുമ്പോഴും യേശുവിനെക്കുറിച്ച് കേള്‍ക്കാറുണ്ട്. എന്നാല്‍ യേശുവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനോ, യേശുവുമായി വ്യക്തിബന്ധം പുലര്‍ത്തുവാനോ നാം ആഗ്രഹിക്കാറില്ല. ഓര്‍മ്മവച്ച നാള്‍മുതല്‍ മാതാപിതാക്കളില്‍നിന്നു കണ്ടു പഠിച്ച ആരാധനകളില്‍ പങ്കെടുക്കേണ്ടത് സാമൂഹ്യകെട്ടുപാടിന് ആവശ്യമായിരിക്കുന്നതുകൊണ്ട് യാന്ത്രികമായി അതു തുടരുന്നവര്‍ അനേകരാണ്. കര്‍ത്താവിന്റെ പരസ്യശുശ്രൂഷയുടെ ആരംഭത്തില്‍ ഒരു നാള്‍, ലോകത്തിന്റെ പാപങ്ങളെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ കര്‍ത്താവിനെ യോഹന്നാന്‍സ്‌നാപകന്‍ തന്റെ ശിഷ്യന്മാര്‍ക്കു ചൂണ്ടിക്കാട്ടി. യെഹൂദാസമൂഹത്തില്‍ ആത്മീയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരുന്ന യോഹന്നാന്‍സ്‌നാപകന്റെ പ്രിയശിഷ്യന്മാരായിരുന്നിട്ടും അവരില്‍ രണ്ടു പേര്‍ യേശുവിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹിച്ച്, ''റബ്ബീ നീ എവിടെ പാര്‍ക്കുന്നു? എന്നു ചോദിച്ചു'' ആ ചോദ്യത്തില്‍ യേശുവിനെ കണ്ടെത്തുവാനുള്ള അവരുടെ ആഴമേറിയ അഭിവാഞ്ഛ അന്തര്‍ലീനമായിരുന്നു. യേശുവിനെ സമ്പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ വാഞ്ഛിച്ച് അവര്‍ യേശു എവിടെയാണ് പാര്‍ക്കുന്നതെന്ന് തിരക്കി. തന്നെക്കുറിച്ചു മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്ന അവര്‍ തന്റെ പിന്നാലെ വന്ന് തന്നെ മനസ്സിലാക്കുവാനായി ''വന്നു കാണുവിന്‍!'' എന്നായിരുന്നു യേശുവിന്റെ മറുപടി. അവര്‍ ചെന്നു... കണ്ടു... ആ സ്‌നേഹത്തെ രുചിച്ചറിഞ്ഞു... അതില്‍ അലിഞ്ഞുചേര്‍ന്നു... അടുത്ത പ്രഭാതത്തില്‍ ''ഞങ്ങള്‍ മശിഹായെ എന്നുവച്ചാല്‍ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു'' എന്ന് അവര്‍ ഉദ്‌ഘോഷിച്ചു. അവര്‍ അതു മറ്റുള്ളവരെ അറിയിച്ചു.
സഹോദരങ്ങളേ! യേശുവിനെ രുചിച്ചറിയാതെ പാരമ്പര്യങ്ങളുടെ മറവില്‍ അവനെ വിശ്വസിക്കുന്നുവെന്നും കൃത്യമായി ആരാധിക്കുന്നുവെന്നും വീമ്പിളക്കുന്നത്, ജീവിതത്തില്‍ മാങ്ങ രുചിച്ചറിയാതെ മാങ്ങയുടെ രുചിയെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും വര്‍ണ്ണിക്കുന്നതുപോലെയാണ്. യോഹന്നാന്റെ ശിഷ്യന്മാരെപ്പോലെ യേശുവിനെ രുചിച്ചറിയുവാന്‍ നിങ്ങള്‍ ശ്രമിക്കുമോ? അവര്‍ണ്ണനീയമായ ആ സ്‌നേഹത്തില്‍ അലിഞ്ഞുചേരുമ്പോഴാണ് നിങ്ങളുടെ വിശ്വാസവും ആരാധനയും യാഥാര്‍ത്ഥ്യമായിത്തീരുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കുമോ?
യേശുവിന്റെ സ്‌നേഹത്തെ നിങ്ങള്‍
രുചിച്ചറിയുവാന്‍ നിങ്ങള്‍ രുചിച്ചറിയുവാന്‍
യേശുവിന്റെ സ്‌നേഹത്തെ വേഗം രുചിച്ചറിയുവാന്‍
വേഗം രുചിച്ചറിയുവാന്‍. യേശു നിന്നെ വിളിക്കുന്നു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com