അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അത്യുന്നതനായ ദൈവത്തിന്റെ വിളികേട്ട് ദൈവത്തിനായി പ്രവര്‍ത്തിക്കുവാനിറങ്ങിത്തിരിക്കുന്ന സഹോദരങ്ങള്‍ക്ക്, ഭീഷണികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പരിഹാസങ്ങളുടെയും മുമ്പില്‍ ദൈവത്തിനുവേണ്ടി ശബ്ദമുയര്‍ത്തുവാന്‍ കഴിയണമെങ്കില്‍ പരിശുദ്ധാത്മശക്തി പ്രാപിക്കേണ്ടിയിരിക്കുന്നു. പെന്തിക്കോസ്തിന്റെ ദിവസം പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ശക്തിപ്രാപിച്ച പത്രൊസും യോഹന്നാനും സുന്ദരം എന്ന ദൈവാലയഗോപുരത്തില്‍ ഭിക്ഷാടനം ചെയ്തുകൊണ്ടിരുന്ന മുടന്തനായ നാല്പതു വയസ്സുകാരനെ സൗഖ്യമാക്കിയതുകണ്ട് വിറളിപിടിച്ച പുരോഹിതന്മാരും മഹാപുരോഹിതന്മാരും അവരെ തടവിലാക്കി. അടുത്ത ദിവസം യെഹൂദാസഭയുടെ പരമാധികാരസമിതിയായ സന്നിദ്രിസംഘം അവരെ വിചാരണ ചെയ്തു. യെഹൂദാസഭയിലെ പുരോഹിതന്മാരും മഹാപുരോഹിതന്മാരും പരീശന്മാരും പ്രമാണികളുമുള്‍പ്പെടുന്ന അതേ സന്നിദ്രിസംഘമാണ് കര്‍ത്താവിനെയും വിചാരണ ചെയ്തത്. സന്നിദ്രിസംഘത്തിന്റെ ഉത്തരവുകള്‍ നിഷേധിച്ചാലുണ്ടാകുന്ന പ്രത്യാഘാതം പത്രൊസിനും യോഹന്നാനും അറിയാമായിരുന്നു. പക്ഷേ ''യേശുവിന്റെ നാമത്തില്‍ യാതൊന്നും സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്'' എന്ന് സന്നിദ്രിസംഘം താക്കീതു ചെയ്തപ്പോള്‍ അതിനെ ഭയപ്പെടാതെ ദൈവത്തിന്റെ അധികാരം പേറുന്ന മഹാപുരോഹിതന്മാരും പുരോഹിതന്മാരും, വേദശാസ്ത്രപണ്ഡിതന്മാരും, ന്യായപ്രമാണ വിദഗ്ദ്ധന്മാരുമടങ്ങുന്ന സന്നിദ്രിസംഘത്തോട് ''ദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിക്കുവിന്‍'' എന്നു മറുപടി നല്‍കുവാന്‍ പത്രൊസിനും യോഹന്നാനും കഴിഞ്ഞത് അവര്‍ പ്രാപിച്ച പരിശുദ്ധാത്മശക്തികൊണ്ടു മാത്രമാണ്.
ദൈവപൈതലേ! ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിനക്കു കഴിയാത്തത് സഭകളില്‍നിന്നും സമൂഹത്തില്‍നിന്നും പുറപ്പെടുന്ന താക്കീതുകളുടെയും തരംതാഴ്ത്തലുകളുടെയും ഭീഷണികളെ നീ ഭയപ്പെടുന്നതുകൊണ്ടാണോ? ഭാവിയെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള വിചാരവികാരങ്ങളാല്‍ ഭയപ്പെടുന്നവര്‍ക്ക് ദൈവത്തിനുവേണ്ടി യാതൊന്നും പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? ഈ നിമിഷങ്ങളില്‍ യേശു നിന്നെ വിളിക്കുന്നു! പരിശുദ്ധാത്മശക്തി പ്രാപിച്ച് യേശുവിന്റെ സാക്ഷിയാകൂ! യേശു നിന്നെ വിളിക്കുന്നു... ആ വിളി നീ സ്വീകരിച്ച് ധൈര്യമായി പത്രൊസിനെയും യോഹന്നാനെയുംപോലെ യേശുവിന്റെ സാക്ഷിയായിത്തീരുമോ?
ഇനി ഞാന്‍ എന്നുമേ യേശുവിന്‍ സാക്ഷിയായ്
യേശുവിന്‍ സാക്ഷ്യമായ് പോയിടുമന്ത്യംവരെ
യേശുവിന്‍ നാമം ഘോഷിച്ചീടും
ആഘോഷമായെന്നും. നാവുകളാലതു ഘോഷിപ്പാന്‍ .....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com