അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

ദൈവത്തില്‍ മാത്രം ആശ്രയംവച്ചു മുമ്പോട്ടു പോകുന്ന ഒരുവന്റെ ജീവിതത്തിലേക്ക് കഷ്ടതകള്‍ കൊടുങ്കാറ്റുപോലെ കടന്നുവരും. മരണത്തിന്റെ താഴ്‌വാരങ്ങളിലൂടെ അവന് യാനം ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ വിശ്വസിച്ചിറങ്ങിത്തിരിച്ച കര്‍ത്താവിന്റെ കരങ്ങള്‍ അവനെ അഗാധങ്ങളില്‍നിന്നു കോരിയെടുത്തു രക്ഷിക്കും. ഈ പരമാര്‍ത്ഥം അനുദിന ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞാണ് ദാവീദ് ഈ സങ്കീര്‍ത്തനം പാടുന്നത്. ശത്രുവിന്റെ ക്രോധങ്ങള്‍ പലപ്പോഴും ഒരു ദൈവത്തിന്റെ പൈതലിന് ആപത്തുകളും അനര്‍ത്ഥങ്ങളും സൃഷ്ടിക്കുമെങ്കിലും ആ പ്രതിബന്ധങ്ങളുടെ നടുവില്‍നിന്നു ദൈവം അവനെ വലങ്കൈ നീട്ടി രക്ഷിക്കുമെന്ന് ദാവീദ് പാടുന്നത് തന്റെ അനുഭവങ്ങളുടെ അഗാധതയില്‍നിന്നാണ്. മല്ലനായ ഗൊല്യാത്തിനു മുമ്പിലും, അസൂയ വര്‍ദ്ധിച്ച് തന്നെ കൊന്നൊടുക്കുവാന്‍ പല സന്ദര്‍ഭങ്ങളില്‍ ശ്രമിച്ച ശൗലിന്റെ മുമ്പിലും ദാവീദിനെ ദൈവമാണ് തന്റെ വലങ്കൈ നീട്ടി രക്ഷിച്ചതും വിജയം നേടിക്കൊടുത്തതും. ഇത് ദാവീദ് എല്ലായ്‌പ്പോഴും ഓര്‍ത്തിരുന്നു. മാത്രമല്ല, അവനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് യഹോവ സമാപ്തി വരുത്തിയെന്നതും അഥവാ നിത്യമായ പരിഹാരം നല്‍കിയെന്നതും ദാവീദിന്റെ അനുഭവമായിരുന്നു. ദൈവത്തിന്റെ ദയയെക്കുറിച്ച് സദാ ബോധവാനായിരുന്ന ദാവീദിന്റെ പ്രാര്‍ത്ഥനകളില്‍, ആകാശത്തോളമെത്തുന്ന ദൈവത്തിന്റെ ദയയെക്കുറിച്ചുള്ള വര്‍ണ്ണനകളും, സ്‌നേഹവാനായ ദൈവത്തിനു സ്തുതി സ്‌തോത്രങ്ങളും, തന്നെ ഉപേക്ഷിക്കരുതേ എന്നുള്ള നിലവിളികളും അലിഞ്ഞു ചേര്‍ന്നിരുന്നു.
ദൈവത്തിന്റെ പൈതലേ! മരണസമാനമായ കഷ്ടങ്ങളുടെ നടുവിലൂടെ കടന്നുപോകുമ്പോള്‍ നിന്റെ പ്രത്യാശ നഷ്ടപ്പെടുന്നുവോ? നിന്നെ തകര്‍ക്കുവാനായി തക്കം പാര്‍ത്തു നടക്കുന്ന ശത്രുവിന്റെ ക്രോധത്തില്‍നിന്നു നീ വിശ്വാസമര്‍പ്പിച്ച കര്‍ത്താവ് തന്റെ വലങ്കൈ നീട്ടി നിന്നെ രക്ഷിക്കുവാന്‍ ശക്തനാണെന്ന് നീ ഓര്‍ക്കുമോ? അവന്റെ അനന്തമായ കരുണയില്‍ ആശ്രയിച്ച് ''തൃക്കൈകളുടെ പ്രവൃത്തി ഉപേക്ഷിക്കരുതേ'' എന്നുള്ള നിലവിളിയോടെ അവന്റെ കണ്ണുകളിലേക്ക് മാത്രം നോക്കി കാത്തിരിക്കുവാന്‍ നിനക്കു കഴിയുമോ? അപ്പോള്‍ അവന്റെ കരങ്ങള്‍ നിന്നെ കോരിയെടുത്ത് രക്ഷിക്കും.
ശത്രുവിന്റെ കോട്ടകള്‍ തകര്‍ത്തു നമ്മെ നയിച്ചിടും
സൈന്യങ്ങള്‍ തന്‍ യാഹിനെ ഘോഷിച്ചാനന്ദിച്ചിടാം
ഹാലേലുയ്യാ ഹാലേലുയ്യാ...
ആര്‍ത്തു പാടാം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com