അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 88 ദിവസം

പ്രസംഗം പ്രേഷിതവേലയുടെ സുപ്രധാന ഘടകമാണ്. എന്നാല്‍ പ്രേഷിതവേല പ്രസംഗം മാത്രമാണെന്ന ധാരണയിലാണ് അനേക ക്രൈസ്തവ സഹോദരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവ കൂട്ടായ്മകളിലും കണ്‍വെന്‍ഷന്‍ പന്തലുകളിലും, ആഴ്ചതോറും ദൈവാലയങ്ങളിലും മുഴങ്ങിക്കേള്‍ക്കുന്ന തിരുവചന ഘോഷണങ്ങള്‍ക്ക് മനുഷ്യമനസ്സുകളെ കര്‍ത്താവിനായി പിടിച്ചെടുക്കുവാന്‍ കഴിയണമെങ്കില്‍ അവ പരിശുദ്ധാത്മനിറവിലുള്ളതാവണം. ചിലര്‍ നര്‍മ്മരസം തുളുമ്പുന്ന, ശ്രവണസുഖം പകരുന്ന ലൗകിക ജ്ഞാനത്തിലുള്ള പ്രഭാഷണങ്ങള്‍ നടത്തുന്നു. മറ്റു ചിലര്‍ തങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ മറ്റു ക്രൈസ്തവ സഹോദരങ്ങളെയും സഭകളെയും വിമര്‍ശിക്കുവാന്‍ ഉപയോഗിക്കുന്നു. ഇനിയും ചിലര്‍ അതിമനോഹരങ്ങളായ പത്തോ പന്ത്രണ്ടോ പ്രസംഗങ്ങള്‍ തയ്യാറാക്കി വേദികള്‍തോറും മാറിമാറി പറഞ്ഞ് പ്രസിദ്ധരാകുവാന്‍ ശ്രമിക്കുന്നു. ഇവര്‍ക്കൊന്നും ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പരിവര്‍ത്തനം ഉളവാക്കുവാന്‍ കഴിയുകയില്ല. പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പെന്തിക്കോസ്തു പെരുന്നാളില്‍ പ്രസംഗിച്ചപ്പോള്‍, തങ്ങളുടെ ഹൃദയത്തില്‍ കുത്തുകൊണ്ട് കേള്‍വിക്കാര്‍ ''സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങള്‍ എന്തു ചെയ്യണം?'' എന്നു ചോദിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഗമാലിയേലിന്റെ പാദപീഠത്തിലിരുന്നു പഠിച്ച് ന്യായപ്രമാണത്തില്‍ പ്രാഗത്ഭ്യമുള്ള പരീശനായിരുന്നിട്ടും സുവിശേഷം പ്രാഗത്ഭ്യത്തോടെ അറിയിക്കുവാന്‍ വചനം നല്‍കപ്പെടേണ്ടതിനായി പ്രാര്‍ത്ഥിക്കുവാന്‍ തന്റെ ആത്മീയമക്കളായ എഫെസ്യസഭയിലെ വിശ്വാസികളോട് ആവശ്യപ്പെടുന്നു. പരിശുദ്ധാത്മാവ് വചനം നല്‍കുവാന്‍ മാത്രമല്ല, ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ അതിപ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിനും നിരന്തരമായ പ്രാര്‍ത്ഥന ആവശ്യമാണെന്ന് പൗലൊസ് ഓര്‍മ്മിപ്പിക്കുന്നു. 

                             സഹോദരങ്ങളേ! നിങ്ങള്‍ പ്രസംഗകരല്ലായിരിക്കാം. ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ ആയിരിക്കുന്ന സാഹചര്യങ്ങളില്‍ യേശുവിന്റെ സാക്ഷികളായി, യേശുവിനായി ആത്മാക്കളെ നേടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ സംസാരങ്ങള്‍ പരിശുദ്ധാത്മനിറവിലുള്ളതായിരിക്കണം. പരിശുദ്ധാത്മാവാണ് സംസാരിക്കേണ്ടരീതിയില്‍ സംസാരിക്കുന്നതിനുള്ള പ്രാഗത്ഭ്യം തരുന്നത്. വലിയ കണ്‍വെന്‍ഷന്‍ പ്രസംഗങ്ങളെക്കാള്‍, നിത്യജീവിതത്തില്‍ പരിശുദ്ധാത്മനിറവിലുള്ള, കൃപ നിറഞ്ഞുതുളുമ്പുന്ന നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടുകാരെയും വീട്ടുകാരെയും സഹപ്രവര്‍ത്തകരെയുമെല്ലാം യേശുവിന്റെ സ്‌നേഹത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുമെന്ന് മനസ്സിലാക്കുമോ? 

കൃപയാല്‍ പാടുവാന്‍ പ്രാര്‍ത്ഥിച്ചീടുവാന്‍ 

വചനം ഘോഷിച്ചിടുവാന്‍ 

ജീവജലത്തിന്‍ നദിയെ ഒഴുക്കണെ 

ജീവന്റെയുറവയാമേശു മഹേശാ.                 യേശു മഹേശാ...

തിരുവെഴുത്ത്

ദിവസം 87ദിവസം 89

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com