അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 85 ദിവസം

സര്‍വ്വശക്തനായ ദൈവത്തില്‍നിന്ന് അമാനുഷികമായ അത്ഭുതങ്ങള്‍ അനുഭവിച്ചവരും ദൈവിക കൃപാവരങ്ങള്‍ പ്രാപിച്ചവരും, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരുമായ അനേകര്‍ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും പരിഹരിക്കുവാനാവാത്ത ഭീമാകാരമായ പ്രതിസന്ധികള്‍ കടന്നുവരുമ്പോള്‍ പ്രത്യാശ നഷ്ടപ്പെട്ട് അടിപതറിപ്പോകാറുണ്ട്. കഴിഞ്ഞ നിമിഷംവരെയും വഴിനടത്തിയ കര്‍ത്താവിന്റെ കരതലങ്ങളിലാണ് അപ്പോഴും അവര്‍ ഇരിക്കുന്നതെന്ന് ഓര്‍മ്മിക്കുവാന്‍ കഴിയാതെ, ഇനിയും ജീവിതം തുടരുന്നതിനെക്കാള്‍ ''ദൈവം ജീവനെടുത്താല്‍ മതിയായിരുന്നു'' എന്ന് ആത്മഗതം ചെയ്യുന്നവരും അനേകരാണ്. മിദ്യാന്യമരുഭൂമിയില്‍ ആടിനെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ എരിയുന്ന മുള്‍പ്പടര്‍പ്പിന്റെ നടുവില്‍നിന്ന് യഹോവയാം ദൈവം മോശെയെ മിസ്രയീമ്യ അടിമത്തത്തില്‍നിന്നു തന്റെ ജനത്തെ വിടുവിക്കുവാന്‍ വിളിച്ചു. അമാനുഷികമായ അത്ഭുതങ്ങളുടെ ഘോഷയാത്രകളാണ് ദൈവം അവനിലൂടെ നിവര്‍ത്തിച്ചത്. ആറു ലക്ഷം കാലാള്‍ അടങ്ങുന്ന യിസ്രായേല്‍മക്കളെ മുമ്പോട്ടു നയിക്കുമ്പോള്‍, തങ്ങള്‍ക്കു ഭക്ഷിക്കുവാന്‍ മന്നായോടൊപ്പം ഇറച്ചിയും വേണമെന്നു പറഞ്ഞുകൊണ്ട് അവര്‍ മുറവിളികൂട്ടി. ആ ദുര്‍ബ്ബലനിമിഷത്തില്‍, തന്നോടു മുഖാമുഖമായി സംസാരിക്കുന്ന, മരുഭൂമിയില്‍ അപ്പോഴും ഭക്ഷിക്കുവാന്‍ മന്നാ നല്‍കിക്കൊണ്ടിരുന്ന സര്‍വ്വശക്തനായ ദൈവത്തിന്റെ സന്നിധിയിലേക്ക് ഭീമാകാരമായ ഈ ആവശ്യം സമര്‍പ്പിക്കാതെ, ഈ ജനത്തിനൊക്കെയും കൊടുക്കുവാന്‍ ഇറച്ചി കിട്ടുകയെന്നത് അസാദ്ധ്യമെന്നു കരുതി, നിരാശനായി തന്റെ ജീവനെ എടുത്തുകൊള്ളണമേ എന്ന് മോശെ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ വിളികേട്ടിറങ്ങിത്തിരിക്കുന്നവര്‍ പ്രതിസന്ധിയുടെ മുമ്പില്‍ നിരാശരാകാതെ തങ്ങളെ വിളിച്ചിറക്കിയ ദൈവത്തിങ്കലേക്ക് കണ്ണുകളുയര്‍ത്തണമെന്ന് മോശെയുടെ അനുഭവം ചൂണ്ടിക്കാണിക്കുന്നു. 

                                   ദൈവത്തിന്റെ പൈതലേ! പര്‍വ്വതസമാനമായ ആവശ്യങ്ങളുടെ മുമ്പില്‍ നിന്റെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണോ? മുമ്പോട്ടു പോകുവാന്‍ കഴിയാത്ത അവസ്ഥയില്‍ മോശെയെപ്പോലെ ജീവന്‍ എടുത്തുകളയണമെന്ന് നീ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? ഈ നിമിഷംവരെയും നിന്നെ അത്ഭുതങ്ങളാലും അനുഗ്രഹങ്ങളാലും വഴിനടത്തിയ ദൈവത്തെ നീ മറന്നുപോകാറുണ്ടോ? എങ്കില്‍ തിരിഞ്ഞുനോക്കുക! നിനക്ക് മന്നാ തരുന്ന ദൈവത്തിന് ഇറച്ചിയും തരുവാന്‍ കഴിയുമെന്ന് നീ മനസ്സിലാക്കുമോ? 

സ്തുത്യനാം യഹോവ ഏറ്റവും വലിയവന്‍

യഹോവയിന്‍ അത്ഭുതങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍             പാടുവിന്‍ പുതിയൊരു...

തിരുവെഴുത്ത്

ദിവസം 84ദിവസം 86

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com