അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 82 ദിവസം

പ്രാര്‍ത്ഥിക്കുന്നവരെന്ന് അഭിമാനിക്കുന്ന നമ്മില്‍ അനേകരും ആരാധനാശുശ്രൂഷകളിലും പ്രാര്‍ത്ഥനാകൂട്ടായ്മകളിലും മറ്റും സംബന്ധിച്ചു സംതൃപ്തരായി മുന്നോട്ടു പോകുന്നവരാണ്. പരസ്യാരാധനകളില്‍ മറ്റുള്ളവരുടെ പ്രാര്‍ത്ഥനകള്‍ കേട്ട് സംതൃപ്തരായി മടങ്ങുന്നവരും വിരളമല്ല. എന്നാല്‍ നമ്മുടെ ഹൃദയങ്ങള്‍ കരുണാസമ്പന്നനായ ദൈവത്തിന്റെ സന്നിധിയിലേക്കുയര്‍ത്താതെ വായ്‌കൊണ്ട് അച്ചടിപ്രാര്‍ത്ഥനകള്‍ യാന്ത്രികമായി ഏറ്റുചൊല്ലിയതുകൊണ്ടോ, മന:പാഠമാക്കി ഉരുവിട്ടതുകൊണ്ടോ ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടുവാന്‍ കഴിയുകയില്ല. ഇന്നത്തെപ്പോലെ മന:പാഠമാക്കിയ പ്രാര്‍ത്ഥനകള്‍ ശബ്ദമുയര്‍ത്തി ഉരുവിടുന്നവര്‍ കര്‍ത്താവിന്റെ  കാലത്തും ഉണ്ടായിരുന്നു. ''നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുത് അവര്‍ മനുഷ്യര്‍ കാണേണ്ടതിന് പള്ളികളിലും തെരുക്കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കുവാന്‍ ഇഷ്ടപ്പെടുന്നു'' എന്നാണ് കര്‍ത്താവ് അവരെക്കുറിച്ചു പറഞ്ഞത്. താന്‍ ദൈവത്തിന്റെ പുത്രനായിരുന്നിട്ടും, ജനത്തിരക്കില്‍നിന്ന് ഒഴിഞ്ഞ്, ഒരു മലയില്‍ ചെന്ന്, നിറഞ്ഞ ഏകാന്തതയില്‍, രാത്രി മുഴുവന്‍ പിതാവാം ദൈവത്തോടു പ്രാര്‍ത്ഥിക്കുന്ന കര്‍ത്താവിന്റെ  പ്രാര്‍ത്ഥനാജീവിതം നമുക്കു മാതൃകയാകണം. പകല്‍ക്കാലം തന്നെ സമീപിക്കുന്ന അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസങ്ങള്‍ പകരുവാനും, അവരുടെ രോഗങ്ങള്‍ സൗഖ്യമാക്കുവാനും അവര്‍ക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും കര്‍ത്താവ് ശക്തിയാര്‍ജ്ജിച്ചിരുന്നത്, രാത്രി മുഴുവന്‍ തന്റെ പിതാവിന്റെ സന്നിധിയിലിരുന്നുള്ള പ്രാര്‍ത്ഥനയാലായിരുന്നു. 

                   സഹോദരങ്ങളേ! നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതം എങ്ങനെയാണ്? നിങ്ങള്‍ക്ക് പ്രതിദിനം എത്ര നിമിഷങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുവാന്‍ കഴിയുന്നുണ്ട്? കര്‍ത്താവിനെപ്പോലെ നിങ്ങള്‍ക്ക് ദൈവവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തുവാന്‍ കഴിയുന്നുണ്ടോ? കര്‍ത്താവിന്റെ പ്രാര്‍ത്ഥനാജീവിതം മാതൃകയാക്കുവാന്‍ നീ ശ്രമിക്കുമോ? പകലിന്റെ ക്ഷീണം തീര്‍ക്കുവാന്‍ രാത്രിയെ ഉപയോഗിക്കുന്നതിലും ഉപരിയായി, ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ച് അടുത്ത പകലില്‍ പ്രവര്‍ത്തിക്കുവാനുള്ള പരിശുദ്ധാത്മശക്തി രാത്രിതോറും ആര്‍ജ്ജിക്കുവാന്‍ നിനക്കു കഴിയുമോ? 

പ്രാര്‍ത്ഥനയാല്‍ പരിശുദ്ധാത്മ ശക്തി പകര്‍ന്നോനേ 

നിന്‍ ജനത്തെ വന്‍ കൃപയാല്‍ നടത്തുവോന്‍ നീ 

നാഥാ നടത്തുവോന്‍ നീ

തിരുവെഴുത്ത്

ദിവസം 81ദിവസം 83

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com