അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 78 ദിവസം

ഒരു വിഷയത്തിനുവേണ്ടി നിരന്തരമായി മാസങ്ങളും വര്‍ഷങ്ങളും പ്രാര്‍ത്ഥിച്ച് മറുപടി ലഭിക്കാതെവരുമ്പോള്‍ ദൈവഹിതമല്ലെന്നു പറഞ്ഞ് പ്രാര്‍ത്ഥന നിര്‍ത്തുന്നവരെയും, ദൈവം ഇല്ലെന്ന് പറഞ്ഞ് തുടര്‍ന്ന് പ്രാര്‍ത്ഥിക്കാത്തവരെയുമൊക്കെ അനുദിനജീവിതത്തില്‍ കാണുവാന്‍ കഴിയും. അസാദ്ധ്യമായ കാര്യങ്ങള്‍ ദൈവം തരണമെന്ന് നിര്‍ബ്ബന്ധം പിടിക്കുമ്പോള്‍ സ്‌നേഹസമ്പന്നനായ ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് നാം ചിന്തിക്കാറില്ല. വന്ധ്യയായ ഒരു സ്ത്രീയെ യഹോവയാം ദൈവം ഓര്‍ക്കുകയും അവള്‍ ഗര്‍ഭംധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്ന വലിയ അത്ഭുതമാണ് ഹന്നായിലൂടെ നാം കാണുന്നത്. മക്കളില്ലാതിരിക്കുന്നത് ദൈവകോപമാണ്. ശിക്ഷയാണ് എന്നൊക്കെ വിശ്വസിച്ചിരുന്ന അന്നത്തെ സമൂഹം വന്ധ്യകളെ വെറുപ്പോടും പരിഹാസത്തോടുമാണ് വീക്ഷിച്ചിരുന്നത്. എല്ലാ വര്‍ഷവും യഹോവയാം ദൈവത്തിന് അര്‍പ്പിക്കാറുള്ള യാഗം അര്‍പ്പിക്കുന്നതിനായി ശീലോവില്‍ ചെന്നപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയായ പെനിന്നായുടെ നിന്ദാപൂര്‍വ്വമായ പെരുമാറ്റം ഹന്നായുടെ വ്യസനം വര്‍ദ്ധിപ്പിച്ചു. വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചിട്ട് ഒരു കുഞ്ഞിനെ ദൈവം നല്‍കാതിരുന്നിട്ടും ഹന്നായുടെ പ്രത്യാശയ്ക്ക് ഭംഗം വന്നിരുന്നില്ല. വളരെ കരഞ്ഞ് തന്റെ സങ്കടം യഹോവയുടെ സന്നിധിയില്‍ പറയുന്നതിനോടൊപ്പം തനിക്ക് ദൈവം ഒരു മകനെ നല്‍കുമെങ്കില്‍ അവനെ ദൈവത്തിനായി സമര്‍പ്പിക്കുമെന്ന് നേര്‍ച്ച നേര്‍ന്നശേഷം അവള്‍ രാമായില്‍ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. തന്റെ സന്നിധിയില്‍ നിരന്തരമായി നിലവിളിച്ച ഹന്നായെ യഹോവയാം ദൈവം ഓര്‍ത്തു. അവള്‍ യഥാസമയം ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. 

                           സഹോദരാ! സഹോദരീ! ഹന്നായെപ്പോലെ നെടുവീര്‍പ്പുകളുടെ താഴ്‌വരകളില്‍ക്കൂടിയാണോ നീ ഇന്നു കടന്നുപോകുന്നത്? വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചിട്ടും ദൈവത്തില്‍നിന്നു മറുപടി കിട്ടാതെ നിന്ദയുടെയും പരിഹാസത്തിന്റെയും നടുവില്‍ നിരാശയിലൂടെയാണോ നീ മുമ്പോട്ടു പോകുന്നത്? എങ്കില്‍ പ്രത്യാശ കൈവിടാതെ നിന്നെത്തന്നെ മറന്ന്, ചുറ്റുപാടുകള്‍ മറന്ന് നിനക്കു പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ? അങ്ങനെ പ്രാര്‍ത്ഥിക്കുമെങ്കില്‍ ഹന്നായുടെ ദൈവം നിനക്കുത്തരമരുളുമെന്നു നീ മനസ്സിലാക്കുമോ? 

ഉറ്റവര്‍ കൈവിടുമ്പോള്‍ ഉന്നതര്‍ ഉപദ്രവമേറിടുമ്പോള്‍ 

ഉന്നതനേശു ഉയര്‍ത്തീടുമേ ഉറ്റവനായെന്നും

ആശ്വാസമാണവന്‍ ആനന്ദമാണവന്‍ 

ഈ ലോകയാത്രയില്‍ ആലംബമാണവന്‍                   യേശുവിന്‍ സന്നിധിയില്‍....

തിരുവെഴുത്ത്

ദിവസം 77ദിവസം 79

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com