അതിരാവിലെ തിരുസന്നിധിയിൽസാംപിൾ
![അതിരാവിലെ തിരുസന്നിധിയിൽ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F23069%2F1280x720.jpg&w=3840&q=75)
അല്ലലും ആവലാതിയുമില്ലാതെ, സന്തോഷവും സമാധാനവും നിറഞ്ഞു തുളുമ്പുന്ന കുളിര്‍തെന്നലുകളാണ് ആത്മീയ ജീവിതത്തില്‍ നാം പ്രതീക്ഷിക്കുന്നത്. സ്‌നേഹസമ്പന്നനായ ദൈവത്തോടു കൂടുതലായി അടുക്കുന്തോറും ആരംഭത്തിലുണ്ടായിരുന്ന ഇളംതെന്നലുകളുടെ ഭാവം മാറി കാറ്റുകളായി, കൊടുങ്കാറ്റുകളായി, ചുഴലിക്കാറ്റുകളായി, ഈശാനമൂലനായി നമ്മുടെ ജീവിതപടകിനെ ആഞ്ഞടിക്കുമ്പോള്‍ അനേകര്‍ അന്ധാളിച്ച് പതറിപ്പോകാറുണ്ട്, ക്രൂരമര്‍ദ്ദനമേറ്റ് അവശനായി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പൗലൊസ് യെരൂശലേമിലെ തടവറയില്‍ കിടക്കുമ്പോള്‍ കര്‍ത്താവ് ദര്‍ശനത്തില്‍ അവനോട്: ''നീ എന്നെക്കുറിച്ച് യെരൂശലേമില്‍ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു'' എന്ന് കല്പിച്ചു. റോമിലെത്തുന്നതിനുവേണ്ടി തന്റെ വിചാരണവേളയില്‍ പൗലൊസ് കൈസരെ അഭയം ചൊല്ലി. അങ്ങനെ കൈസരിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടേണ്ടതിന് പൗലൊസ് റോമിലേക്ക് അയയ്ക്കപ്പെട്ടു. കപ്പലില്‍ യാത്രതിരിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈശാനമൂലന്‍ എന്ന ഭീകരമായ കൊടുങ്കാറ്റില്‍ അവര്‍ അകപ്പെട്ടു. ആടിയുലയുന്ന കപ്പലില്‍, ഭയാനകമായ കൂരിരുളില്‍, ദിനരാത്രങ്ങള്‍ മുമ്പോട്ടു പോയപ്പോള്‍ പൗലൊസും, പൗലൊസിന്റെ പ്രേരണയാല്‍ 275 സഹയാത്രികരും ഉപവസിക്കുകയായിരുന്നു. അലറുന്ന അലയാഴിയുടെ നടുവില്‍, ചരക്കുകപ്പലിന്റെ ഇടുങ്ങിയ മുറിയില്‍ ഉപവസിച്ചു തന്നോടു നിലവിളിക്കുന്ന പൗലൊസിന്റെ അടുത്തേക്ക് കര്‍ത്താവ് തന്റെ ദൂതനെ അയച്ച് അവനെ ധൈര്യപ്പെടുത്തി. യേശുവിന്റെ വാക്കനുസരിച്ച് റോമിലെത്തുവാന്‍ കൈസരെ അഭയം ചൊല്ലിയതു നിമിത്തം റോമിലേക്കുള്ള കപ്പല്‍യാത്രയില്‍ പൗലൊസിന് തന്റെ 275 സഹയാത്രികരെയും തുടര്‍ന്ന് മെലിത്താനിവാസികളെയും യേശുവിനുവേണ്ടി നേടുവാന്‍ ഈ ഈശാനമൂലന്‍ ആവശ്യമായിരുന്നു.
ദൈവത്തിന്റെ പൈതലേ! ദൈവത്തിന്റെ വിളികേട്ട് യാത്രതിരിച്ച നിന്റെ ജീവിതപടക് ഇന്ന് പ്രതിസന്ധികളാകുന്ന ഈശാനമൂലനില്‍പ്പെട്ട് ആടിയുലയുകയാണോ? നീ ഇപ്പോള്‍ നിരാശയിലാണോ മുമ്പോട്ടു പോകുന്നത്? പൗലൊസിനെപ്പോലെ ഈ അന്ധകാരത്തിന്റെ നടുവില്‍ നിന്റെ കണ്ണുകളെ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കര്‍ത്താവിങ്കലേക്കുയര്‍ത്തുവാന്‍ നിനക്കു കഴിയുമോ? എങ്കില്‍ നിന്നിലൂടെ അനേകര്‍ക്ക് യേശുവിനെ കണ്ടെത്തുവാന്‍ മുഖാന്തരം ഒരുക്കപ്പെടുമെന്ന് നീ മനസ്സിലാക്കുമോ?
കൊടുങ്കാറ്റിന്‍ കെടുതികള്‍ പെരുകുമ്പോള്‍
കൂരിരുള്‍ ചുറ്റും മൂടുമ്പോള്‍
വെളിച്ചമായേശുവെന്നരികില്‍ വരും
മറവിടമായവന്‍ മതിയെനിക്ക്. ഭയമിനി വേണ്ടാ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![അതിരാവിലെ തിരുസന്നിധിയിൽ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F23069%2F1280x720.jpg&w=3840&q=75)
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com