അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 57 ദിവസം

മഹാകാരുണ്യവാനായ ദൈവത്തിന് സ്‌തോത്രം പറയുവാന്‍ വിമുഖതയും വൈമനസ്യവും ഉള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ചിലര്‍ സ്‌തോത്രം പറയുന്നതിനെ പുച്ഛത്തോടെ കാണുമ്പോള്‍ മറ്റു ചിലര്‍ അതിനെ പരിഹസിക്കുന്നു. അച്ചടിച്ചു നല്‍കുന്ന ആരാധനാക്രമങ്ങളിലുളളതിനെക്കാള്‍ അധികമായി സ്‌തോത്രം അറിയാതെയെങ്കിലും ദൈവാലയങ്ങളില്‍നിന്ന് ആരെങ്കിലും പറഞ്ഞുപോയാല്‍ ആ വ്യക്തിയെ ചില പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന ആളായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തുന്ന പ്രവണതപോലും ആധുനിക ക്രൈസ്തവസഭകളില്‍ കണ്ടുവരുന്നു. എന്നാല്‍ ബഹുജനത്തിന്റെ മദ്ധ്യേ ദൈവത്തെ സ്തുതിക്കുമെന്നു പറയുവാന്‍ രാജാവായ ദാവീദിന് ലജ്ജയില്ലെന്നു മാത്രമല്ല അത് അവന്റെ ആവേശവുമാണ്. ദാവീദിന്റെ പ്രാര്‍ത്ഥനകളിലൊക്കെയും ദൈവത്തെ സദാ പുകഴ്ത്തി മഹത്ത്വപ്പെടുത്തുന്നതിന്റെ കാരണത്തെക്കുറിച്ച് നാം ചിന്തിക്കാറില്ല. ചെങ്കോല്‍ പിടിച്ചിരിക്കുന്ന അവന്റെ കരങ്ങളില്‍ പണ്ടുണ്ടായിരുന്നത് ആടുകളെ മേയ്ക്കുന്ന വടിയായിരുന്നുവെന്ന് അവന് എപ്പോഴും ഓര്‍മ്മയുണ്ടായിരുന്നു. അതുകൊണ്ടാണ് ''ഞാന്‍ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഉണ്ടായിരിക്കും'' എന്ന് ദാവീദ് പ്രാര്‍ത്ഥിക്കുന്നത്. നമ്മുടെ പൂര്‍വ്വകാല അവസ്ഥ എന്തായിരുന്നുവെന്നും, അവിടെനിന്ന് സ്‌നേഹവാനായ ദൈവം എങ്ങനെയാണ് നമ്മെ കരം പിടിച്ച് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്നും മറന്നുപോകുമ്പോഴാണ് നമുക്ക് ദൈവത്തെ സ്‌തോത്രം ചെയ്യുവാന്‍ കഴിയാതെ വരുന്നത്. നമുക്ക് അനുഗ്രഹങ്ങളൊക്കെയും തന്നിരിക്കുന്നത് ദൈവമാണെന്ന ബോധമുണ്ടാകുമ്പോള്‍ മാത്രമേ ദാവീദീനെപ്പോലെ, എവിടെയും ആരുടെയും മുമ്പില്‍ നമ്മെ അനുദിനം അനുഗ്രഹങ്ങളാല്‍ വഴിനടത്തുന്ന ദൈവത്തിന് സ്‌തോത്രങ്ങള്‍ പാടുവാന്‍ കഴിയൂ. 

                        സഹോദരാ! സഹോദരീ! നിന്റെ അമ്മയുടെ ഉദരംമുതല്‍ ഈ നിമിഷം വരെയും നിന്നെ പോറ്റിപ്പുലര്‍ത്തിയ ദൈവത്തെ സഭയുടെ മുമ്പില്‍, ജനങ്ങളുടെ മുമ്പില്‍ സ്‌തോത്രം ചെയ്യുവാന്‍ നിനക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ നിന്നെ ഈ നിലയിലെത്തിച്ച ദൈവത്തെ എപ്പോഴും എവിടെയും ആരുടെ മുമ്പിലും സ്‌തോത്രം ചെയ്യുമെന്ന് നിനക്ക് തീരുമാനിക്കുവാന്‍ കഴിയുമോ? ഈ നിമിഷംമുതല്‍ ദൈവത്തെ സ്‌തോത്രം ചെയ്യുവാനാരംഭിക്കാം... സ്‌തോത്രം... സ്‌തോത്രം... സ്‌തോത്രം.... 

സ്‌തോത്രങ്ങളാല്‍ സങ്കീര്‍ത്തനങ്ങളാല്‍ 

യഹോവയിന്‍ അത്ഭുതങ്ങള്‍ വര്‍ണ്ണിച്ചീടാം 

യഹോവയിന്‍ നാമത്തെ ഘോഷിച്ചീടാം

തിരുവെഴുത്ത്

ദിവസം 56ദിവസം 58

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com