അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 53 ദിവസം

ആത്മീയ ജീവിതം നയിക്കുന്നുവെന്ന് അഭിമാനിക്കുന്ന അനേകരുടെ വാക്കുകളും പ്രവൃത്തികളും യേശുവിനോട് അണുബന്ധംപോലും പുലര്‍ത്തുന്നവയല്ല. യേശുവിനെപ്പോലെ പരമാര്‍ത്ഥതയോടെ സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയണമെങ്കില്‍ നാം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരായിത്തീരണം. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് സകല സത്യത്തിലും നമ്മെ വഴിനടത്തും. അങ്ങനെ യേശുവിന്റെ മനസ്സോടെ പ്രവര്‍ത്തിക്കുന്നതോടൊപ്പം പിതാവായ ദൈവത്തിന് സ്‌തോത്രം പറഞ്ഞുകൊണ്ടിരിക്കുവിന്‍ എന്നുകൂടി അപ്പൊസ്തലന്‍ ഓര്‍മ്മിപ്പിക്കുന്നു. സന്തോഷത്തിലും സന്താപത്തിലും, ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളിലും മാധുര്യം തുളുമ്പുന്ന അവസ്ഥകളിലും എല്ലാം നമ്മെ പോറ്റിപ്പുലര്‍ത്തുന്ന കാരുണ്യവാനായ ദൈവത്തിന് സ്‌തോത്രങ്ങള്‍ നമ്മില്‍നിന്ന് ഉയരണം. ദൈവപുത്രനായിരിക്കെ താന്‍ പിതാവാം ദൈവത്തെ സ്‌തോത്രം ചെയ്യുന്നത് കര്‍ത്താവിന്റെ ഇഹലോക ജീവിതത്തില്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയുന്നു. നമ്മെ സൃഷ്ടിച്ച് ഇന്നെയോളം പോറ്റിപ്പുലര്‍ത്തിയ സര്‍വ്വശക്തനായ സര്‍വ്വവ്യാപിയായ ദൈവത്തിന് എന്നും എപ്പോഴും എവിടെയും, വെറും മണ്ണു മാത്രമായ നമുക്ക് സ്‌തോത്രങ്ങളല്ലാതെ കൊടുക്കുവാന്‍ മറ്റെന്തുള്ളു? നിരന്തര സ്‌തോത്രങ്ങളുയരുന്ന നാവില്‍നിന്ന് യേശുവിനെ വേദനിപ്പിക്കുന്ന വാക്കുകള്‍ പുറപ്പെടുകയില്ല. അവരുടെ കരങ്ങളുടെ ക്രിയകളൊക്കെയും യേശുവിനെ സന്തോഷിപ്പിക്കുന്നതായിരിക്കും. 

                      ദൈവപൈതലേ! നിന്റെ വായില്‍നിന്നുമുയരുന്ന വാക്കുകള്‍ യേശുവിനെ വേദനിപ്പിക്കുന്നവയാണോ? യേശുവിന്റെ നാമം പേറി നീ ചെയ്യുന്ന പ്രവൃത്തികള്‍ യേശുവിന് അപമാനം വരുത്തുന്നതും അവന്റെ നാമം ദുഷിക്കപ്പെടുന്നതിന് മുഖാന്തരങ്ങള്‍ ഒരുക്കുന്നവയുമാണോ? അനുദിനം എത്ര പ്രാവശ്യം നിനക്ക് ദൈവത്തെ സ്‌തോത്രം ചെയ്യുവാന്‍ കഴിയുന്നുണ്ട്? കര്‍ത്താവിനെ സ്‌തോത്രം ചെയ്യുവാന്‍ വലിയ കാര്യങ്ങള്‍ക്കായി നീ കാത്തിരിക്കുകയാണോ? എങ്കില്‍ ഈ വാക്കുകള്‍ നീ ശ്രദ്ധിക്കുന്ന ഈ നിമിഷങ്ങള്‍പോലും നിന്നോടുള്ള തന്റെ അഗാധസ്‌നേഹത്താല്‍ കര്‍ത്താവ് നിനക്കു ദാനമായി തന്നതാണെന്ന് മനസ്സിലാക്കി നിന്റെ വായ് തുറന്ന് ഉച്ചത്തില്‍, നിന്നെ ഇത്രത്തോളം സ്‌നേഹിക്കുന്ന കര്‍ത്താവിനെ സ്‌തോത്രം ചെയ്യുക! 

ഭൂതലമെങ്ങും സ്‌തോത്രങ്ങള്‍ മുഴങ്ങട്ടെ 

ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ 

ദൈവത്തിനു സ്‌തോത്രം ദൈവത്തിനു മഹത്വം 

ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ                        സ്‌തോത്രമെന്‍ ദൈവമേ...

തിരുവെഴുത്ത്

ദിവസം 52ദിവസം 54

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com