അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 45 ദിവസം

നമ്മുടെ ജീവിതയാത്രയില്‍ യേശു ഇന്നും വ്യക്തികളില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു കേള്‍ക്കാറുണ്ട്, കാണാറുണ്ട്. എന്നാല്‍ ഈ യേശുവിന്റെ അരികിലേക്കു ചെന്ന് ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ശാശ്വതമായ പരിഹാരം നേടുവാന്‍ അനേകര്‍ക്കു കഴിയുന്നില്ല. യേശുവിനെ പിടിച്ചുനിര്‍ത്തി തന്റെ ജീവിതത്തിന്റെ നിത്യമായ അന്ധകാരത്തെ മാറ്റിയെടുത്ത ബര്‍ത്തിമായി എന്ന കുരുടന്‍ ഇന്നത്തെ ലോകത്തിന് മാതൃകയാകണം. ബര്‍ത്തിമായി യെരീഹോവില്‍നിന്നും യെരൂശലേമിലേക്കുള്ള വഴിയരികില്‍ ഇരുന്ന് ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന അനേകരില്‍ ഒരുവനായിരുന്നു. പതിവുപോലെ വഴിയരികിലിരുന്ന് ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു അതുവഴി കടന്നുപോയത്. യേശുവിനെ അനുഗമിക്കുന്ന ജനക്കൂട്ടത്തിന്റെ ആരവം മാത്രം കേട്ടുകൊണ്ട് അവന്‍ ഉച്ചത്തില്‍ യേശുവിനോടു നിലവിളിച്ചു. പൊട്ടക്കണ്ണനായ ഒരു തെരുവുതെണ്ടിയുടെ ഈ നിലവിളി അസഹ്യമായപ്പോള്‍ പലരും അവനെ ശാസിച്ചു. പക്ഷേ അതൊന്നും വകവയ്ക്കാതെ അവന്‍ വീണ്ടും അത്യുച്ചത്തില്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് നിലവിളിച്ചു... ജനക്കൂട്ടത്തിന്റെ വലിയ ആരവമുണ്ടായിട്ടും ശബ്ദകോലാഹലങ്ങളുടെ നടുവില്‍ തന്നോടു നിലവിളിക്കുന്ന ആ ശബ്ദം യേശു കേട്ടു. ആരോരുമില്ലാതെ അന്ധകാരത്തില്‍ തപ്പിത്തടയുന്ന ആ തെരുവുതെണ്ടി തന്നെ വിളിച്ചപേക്ഷിക്കുന്ന ശബ്ദം യേശുവിനെ പിടിച്ചു നിര്‍ത്തി... യേശു അവനെ വിളിച്ചു... തടസ്സങ്ങളെ വകവയ്ക്കാതെ തന്നോടു നിലവിളിച്ച അവനെ മാത്രം വിളിച്ചു... അവന് സൗഖ്യം നല്‍കി.. കാഴ്ച പ്രാപിച്ചവനായി ബര്‍ത്തിമായി യേശുവിനെ അനുഗമിച്ചു.

                   സഹോദരങ്ങളേ! വിശുദ്ധ ബൈബിളിന്റെ താളുകളില്‍ നാം വായിക്കുന്ന യേശു ഇന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു, രോഗികളെ സൗഖ്യമാക്കുന്നു, മനസ്സു തകര്‍ന്നവരെ ആശ്വസിപ്പിക്കുന്നു എന്നൊക്കെയും അനേക സാക്ഷ്യങ്ങളില്‍ക്കൂടി കേള്‍ക്കാറുണ്ടെങ്കിലും ബര്‍ത്തിമായിയെപ്പോലെ പരിസരം മറന്ന്, ആരെയും ഭയപ്പെടാതെ, ഭവിഷ്യത്തുകളെ വകവയ്ക്കാതെ ഈ നല്ല യേശുവിനെ വിളിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ബര്‍ത്തിമായി എല്ലാം മറന്ന് യേശുവിനോട് നിലവിളിച്ചപ്പോഴാണ് യേശു അവനെ വിളിച്ചത്! ബര്‍ത്തിമായിയെപ്പോലെ ഇരുള്‍ നിറഞ്ഞ അവസ്ഥയിലാണോ നീ മുമ്പോട്ടു പോകുന്നത്? എങ്കില്‍ ഈ വിലപ്പെട്ട നിമിഷം പാഴാക്കാതെ യേശുവിനെ വിളിക്കുവാന്‍ നിനക്കു കഴിയുമോ? ബര്‍ത്തിമായിയുടെ ശബ്ദം കേട്ട കര്‍ത്താവ് നിന്റെ നിലവിളിയുടെ ശബ്ദം കേള്‍ക്കും.... നിനക്ക് ഉത്തരമരുളും... 

കരയുമ്പോഴെന്‍ ചാരത്തണയും 

പൊന്‍ കരങ്ങളാലെന്‍ കണ്ണീര്‍ തുടയ്ക്കും 

മാറോടണച്ചെന്നെ ആശ്വസിപ്പിക്കും 

യേശുമാത്രം യേശു എന്നേശുമാത്രം                    എന്തൊരത്ഭുതം...

തിരുവെഴുത്ത്

ദിവസം 44ദിവസം 46

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com