അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 44 ദിവസം

ഉപവസിക്കുന്നു എന്നു പറയുന്നത് അനേക സഹോദരങ്ങള്‍ക്ക് ആത്മീയ ആദരവു നേടുവാനുള്ള ഉപാധിയായിത്തീര്‍ന്നിരിക്കുന്നു. ഒരു നേരം ആഹാരം വെടിയുന്നതുപോലും ഉപവാസമെന്ന സംജ്ഞയില്‍ ഉള്‍പ്പെടുത്താവുന്നതുകൊണ്ട് ഒരു നേരം ആഹാരം കഴിക്കാതെ പ്രാര്‍ത്ഥിച്ചാല്‍പ്പോലും അതിനെ ഉപവാസപ്രാര്‍ത്ഥനയായി അനേക സഹോദരങ്ങള്‍ ചിത്രീകരിക്കുന്നു. ദൈവവുമായുള്ള അറ്റുപോയ ബന്ധം പുന:സ്ഥാപിക്കുവാനും നിലവിലുള്ള ബന്ധത്തെ മെച്ചപ്പെടുത്തി പരിശുദ്ധാത്മശക്തി പ്രാപിക്കുവാനും ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ക്കായി കേഴുവാനുമാണ് നാം ഉപവസിക്കുന്നത്. അനുതാപത്തോടെ കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങള്‍ ഏറ്റുപറഞ്ഞുപേക്ഷിച്ച്, നമ്മുടെ പാപങ്ങള്‍ മറ്റുള്ളവരില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ സക്കായിയെപ്പോലെ തിരുത്തി. പരിശുദ്ധാത്മാവിനാല്‍ പുതുക്കപ്പെട്ട അനുഭവമാണ് ഓരോ ഉപവാസപ്രാര്‍ത്ഥനയും നമ്മില്‍ സൃഷ്ടിക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കില്‍ പരീശസമൂഹത്തിന്റെ ഉപവാസത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയ കര്‍ത്താവ് നമ്മുടെ ഉപവാസങ്ങളിലും പ്രസാദിക്കുകയില്ല. കര്‍ത്താവിന്റെ കാലത്ത് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് യെഹൂദന്മാര്‍ ഉപവസിച്ചിരുന്നത്. ആ ദിവസങ്ങള്‍ യെരൂശലേമില്‍ ചന്തദിവസങ്ങളായിരുന്നതുകൊണ്ട് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍നിന്നും മറ്റും ധാരാളം ജനങ്ങള്‍ അവിടേക്കു വരുമായിരുന്നു. ആ ദിവസങ്ങളില്‍ പരീശന്മാര്‍ തങ്ങള്‍ ഉപവസിക്കുന്നു എന്ന് പൊതുജനം മനസ്സിലാക്കുന്നതിനായി, എണ്ണ പുരട്ടി ചീകി ഒതുക്കാതെ പാറിപ്പറക്കുന്ന മുടിയും, മുഷിഞ്ഞ വസ്ത്രങ്ങളുമായി തെരുവീഥികളിലൂടെ നടക്കുക പതിവായിരുന്നു. ''അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി'' എന്ന് വിമര്‍ശനസ്വരത്തില്‍ പറയുന്ന കര്‍ത്താവ് അവര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കുകയില്ലെന്ന് വ്യക്തമാക്കുന്നു. 

                    സഹോദരങ്ങളേ! നിങ്ങള്‍ ഉപവസിക്കാറുണ്ടോ? ഉപവസിക്കുന്നവരെങ്കില്‍ ദൈവസ്വഭാവത്തില്‍ വളരുവാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടോ? നിങ്ങള്‍ ഉപവസിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ വാസ്തവമായ അനുതാപത്തോടും തിരുത്തലോടും പരിശുദ്ധാത്മാവിനാല്‍ പുതുക്കപ്പെടുവാന്‍ കഴിയുന്നുണ്ടോ? ഉപവാസങ്ങള്‍ കഴിയുന്തോറും വിശുദ്ധിയില്‍, ദൈവകൃപയില്‍ വളരുവാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ ഉപവാസം ദൈവസന്നിധിയില്‍ വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മിക്കുമോ? 

ഉപവാസ പ്രാര്‍ത്ഥനയാല്‍ നാം 

നേടണമാത്മാവിന്‍ ശക്തി 

കൃപാവരങ്ങള്‍ നേടി നാം 

കര്‍ത്തനെയെന്നും  ഘോഷിക്കാം.                       ലോകത്തിനറ്റത്തോളം...

തിരുവെഴുത്ത്

ദിവസം 43ദിവസം 45

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com